സൗദിയിൽ നിന്ന് ഡെൻമാർക്കിലേക്ക് മലയാളി കരുത്ത്: ‘ഡാന കപ്പി’ൽ മാറ്റുരയ്ക്കാൻ 12 മിടുക്കർ; കീർത്തജ വിനോദിന്റെ നേട്ടം തരംഗമാകുന്നു, അൽ ഹിലാൽ അണ്ടർ-15 ടീമിലെ ശ്രദ്ധേയയായ മലയാളി താരം കീർത്തജ വിനോദിന്റെ തുടക്കം അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമയില്‍ നിന്ന്


റിയാദ്: സൗദിയിലെ ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് ലോകവേദികളിലേക്ക് മലയാളി കുട്ടികളുടെ കുതിപ്പ് തുടരുന്നു. ഡെൻമാർക്കിൽ വെച്ച് നടക്കുന്ന ലോകപ്രശസ്തമായ ‘ഡാന കപ്പ്’ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 12 മലയാളി കൗമാരതാരങ്ങൾ. പ്രവാസലോകത്തെ യുവതല മുറയുടെ കായികക്ഷമതയും നിശ്ചയദാർഢ്യവും വിളിച്ചോതുന്നതാണ് ഈ നേട്ടം.


ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര യൂത്ത് ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ ഡെന്‍മാര്‍ക്കിലെ ‘ഡാന കപ്പി’ല്‍ മാറ്റുരയ്ക്കാന്‍ സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസി ഇന്ത്യന്‍ കൂട്ടായ്മ. സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായ ‘അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമി’യാണ് ചരിത്രത്തിലാദ്യമായി ആഗോള വേദിയിലേക്ക് പ്രവേശനം നേടിയത്. കൗമാര ഫുട്‌ബോളിലെ ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റില്‍, സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഒരുകൂട്ടം മലയാളി പ്രതിഭകളും ബൂട്ട് കെട്ടുന്നു എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.


അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 19 വരെയുള്ള വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കഠിനാധ്വാ നത്തിന്റെയും വലിയ സ്വപ്‌നങ്ങളുടെയും ഫലമായാണ് അന്താരാഷ്ട്ര അവസരം കൈവന്നതെന്ന് ടീം കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു.


പ്രവാസി ഫുട്‌ബോള്‍ പ്രതിഭകളില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് കേരളത്തിനും അഭിമാനത്തിന് വകനല്‍കുന്നതാണ്. കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവരുടെ കീഴില്‍ 12 മലയാളി താരങ്ങളാണ് സംഘത്തിലുള്ളത്. റാമി ബഷീര്‍, ഹുസൈന്‍ അലി, മാസിന്‍ മുസ്തഫ, താഷിന്‍ റഹ്മാന്‍, മുഹമ്മദ് അര്‍ഷ് ഖലീല്‍, മുഹമ്മദ് റഹ്യാന്‍ റൗഫ്, മുഹമ്മദ് ഷിഫാന്‍, സായി സങ്കല്‍പ്, മുഹമ്മദ് സലീം, ഈഷാന്‍ റഹ്മാന്‍, ജെയ്ഷ് എളചോല, മുഹമ്മദ് ഷിഫാസ്, ദുല്‍ക്കിഫില്‍ മലകപുരയില്‍, യദാര്‍ത്ഥ് സരോഹ, ദയ്യാന്‍ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ടീം, ഡെന്‍മാര്‍ക്കിലെ വടക്കന്‍ ജട്ട്‌ലാന്‍ഡ് നഗരമായ ഹ്യോറിങ്ങില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കടുത്ത പരിശീലനത്തിലാണ്.


ഇതിനോടൊപ്പം സൗദിയിലെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഇരട്ടി മധുരമായി മാറുകയാണ് കീർത്തജ വിനോദ് എന്ന പ്രതിഭയുടെ വളർച്ച. റിയാദിലെ അൽ അസാഫ് ഫുട്ബോൾ അക്കാദമിയിൽ ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങിയ കീർത്തജ, ഇന്ന് സൗദിയുടെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ അണ്ടർ-15 ടീമിൽ ഇടംനേടിയിരിക്കുകയാണ്.

അക്കാദമിയിൽ നിന്ന് അൽ ഹിലാലിലേക്ക്


അൽ അസാഫ് ഫുട്ബോൾ അക്കാദമിയിലെ മികച്ച പരിശീലനമാണ് കീർത്തജയുടെ കായിക ജീവിതത്തിൽ വഴിത്തിരിവായത്. കഠിനാധ്വാനത്തിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ കീർത്തജ, സൗദിയിലെ പെൺകുട്ടികൾക്ക് ഫുട്ബോൾ രംഗത്ത് വലിയ പ്രചോദനമാണ്.സൗദിയിലെ മലയാളി സമൂഹത്തിന്റെ കായിക മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണ്.പ്രവാസി പ്രതിഭകളുടെ നേട്ടം അച്ചടക്കത്തോടെയുള്ള പരിശീലനവും കായിക മേഖലയിലുള്ള വർധിച്ച താല്പര്യവുമാണ് ഇവരെ ഇത്തരമൊരു നിലവാരത്തി ലേക്ക് ഉയർത്തിയിരിക്കുന്നത്. ഡാന കപ്പിൽ പങ്കെടുക്കുന്ന കൗമാരതാരങ്ങൾക്കും അല ഹിലാല്‍ താരം കീർത്തജ വിനോദിനും മലയാളമിത്രത്തിന്റെ അഭിവാദ്യങ്ങൾ.


Read Previous

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »