ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വര്‍ഷം 2007- 2008, കേരള സെക്രട്ടറിയേറ്റിലെ പിആര്‍ ചേമ്പറില്‍ എല്ലാ ആഴ്ചയും മന്ത്രി സഭാ യോഗത്തെ ത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ട്. വി എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി. പി എ എ സുരേഷിനൊപ്പം തൊഴുകൈയുമായി വി എസ് എത്തും. പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തിനുള്ള മുന്‍കൂട്ടി തയാറാക്കിയ കുറിപ്പ് വി എസിന് നല്‍കും. മുഖ്യമന്ത്രി ഡയസിലിരുന്നു കൊണ്ട് വാര്‍ത്താ സമ്മേളനം തുടങ്ങുകയായി.

മന്ത്രിസഭാ യോഗ തീരുമാനങ്ങളും സര്‍ക്കാര്‍ നയങ്ങളും വരാന്‍ പോകുന്ന പുതിയ പദ്ധതികളുമൊക്കെ വി എസ് വിശദീകരിക്കും. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അവിടെയിരുന്നു കൊണ്ട് മറുപടി നല്‍കും. പിന്നെയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ തുടരുന്നതിനിടയില്‍ പോകാനെന്ന ഭാവത്തില്‍ വി എസ് എഴുന്നേല്ക്കും. ഒരു കൈകൊണ്ട് മുണ്ട് അല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് നടന്നു തുടങ്ങുന്ന വി എസ് ഇതിനിടയിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളൊക്കെ സസൂക്ഷമം ശ്രദ്ധിക്കുന്നുണ്ടാവും.
ചാനല്‍ മൈക്കുകള്‍ നിരന്നിരിക്കുന്ന മേശ പിന്നിട്ട് അതിന്റെ മൂലക്കെത്തുമ്പോള് വി എസ് ഒന്നു നില്ക്കും. അതു വരെ മുഖ്യമന്ത്രി പറഞ്ഞതല്ല അവിടെ നിന്നു കൊണ്ട് വി എസ് പറഞ്ഞതാണ് മിക്ക ദിവസങ്ങളിലും വാര്‍ത്തയായത്. അതാകട്ടെ കേരള രാഷ്ട്രീയത്തില്‍ വമ്പന്‍ കോളിളക്കങ്ങളുണ്ടാക്കിയ പ്രസ്താവനകളും. പിന്നീട് ന്യൂസ് ചാനലുകളെല്ലാം രണ്ട് ക്യാമറകളും രണ്ട് മൈക്കുകളുമായി വി എസിന്റെ വാര്‍ത്താ സമ്മേളനത്തിന് വന്നു തുടങ്ങി. മിക്ക ചാനലുകളും ഒരു കോഡ് ലെസ് മൈക്ക് മേശയുടെ മൂലക്കും കൂടി സജ്ജീകരിക്കാന്‍ നിര്‍ബന്ധിതരായി. അതായിരുന്നു വിഎസ്. ഭരണവും സമരമാക്കിയ നേതാവ്.
പിആര്‍ ചേമ്പറിന്റെ മൂലയ്ക്ക് നിന്ന് വി എസിന്റെ നാവില്‍ നിന്ന് ഉതിര്‍ന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രി യുടേതായിരുന്നില്ല. കമ്യൂണിസ്റ്റ് പോരാളിയുടേതായിരുന്നു. ഉള്‍ക്കൊള്ളാനാവാത്ത നയ വ്യതിയാന ങ്ങളെ, അഴിമതികളെ, വര്‍ഗീയതയെ, ധാര്‍ഷ്ഠ്യത്തെ പാര്ട്ടിക്കകത്തായാല്പ്പോലും പ്രകടമായ ജീര്‍ണ്ണതകളെ ഒക്കെ ആ നിലപാടു തറയില്‍ നിന്ന് വി എസ് ചോദ്യം ചെയ്തു. തന്റെ വിട്ടു വീഴ്ച ചെയ്യാത്ത നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചു. അവിടെ അദ്ദേഹം പലപ്പോഴും കേരളത്തിന്റെ പ്രതിപക്ഷ നേതാവായി. അതെ. 2006 മുതല്‍ 2011 വരെയുള്ള വി എസ് അച്യുതാനന്ദന് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവിന്റെ പണിയും ചെയ്തത് വി എസ് തന്നെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ച കെ സുരേഷ് കുമാര്‍ ഐഎഎസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
വി എസ് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് എട്ടരപ്പതിറ്റാണ്ടായി . മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് അദ്ദേഹം പൊതു ജീവിതത്തില്‍ നിന്ന് അകന്നു നില്ക്കാന് തുടങ്ങിയത്. അതും വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്ന്. സംഘടനാ ചുമതലകളും പാര്‍ലമെന്ററി ഉത്തരവാദി ത്തങ്ങളും വി എസ് ഒരു പോലെ കൈകാര്യം ചെയ്തു. നീണ്ട എട്ടു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയ ത്തിലെ സജീവ സാന്നിധ്യമായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും എന്നും പൊരുതി മുന്നേറുകയായിരുന്നു വി എസ്. ആ റിബലിനെ കേരളം സ്നേഹിച്ചു. കണ്ണേ കരളേ വി എസ്സേ എന്ന് കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ തൊണ്ട പൊട്ടി ദിഗന്തം മുഴങ്ങുമാറ് ആവേശത്തോടെ വിളിച്ചു. വി എസിന്റെ നിഴലനക്കങ്ങളില്പ്പോലും കേരള ജനത ഇളകി മറിഞ്ഞു.
1967 ലെ ഇ എം എസ് സര്‍ക്കാര്‍ പാസാക്കിയ ചരിത്ര പ്രധാനമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഏറെ ദുഷ്കരമായിരുന്നു. ഭൂപരിഷ്കരണം യാഥാര്‍ത്ഥ്യമാക്കാന്‍ പാര്‍ട്ടി തയാറാക്കിയ കര്‍മ്മ പരിപാടിയുടെ ചുമതലക്കാരനായി എഴുതുകളുടെ തുടക്കത്തില്‍ വി എസ് സജീവമായിരുന്നു. ഒരു കാലത്ത് ജന്മിത്വത്തിനെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച വി എസിന് ജന്മിത്വം എന്നെന്നേക്കും തുടച്ചു നീക്കാനുള്ള നിയമപരമായ നടപടികള്‍ യാഥാര്ത്ഥ്യമക്കുന്നതിലും ഏറെ ചെയ്യാനുണ്ടായിരുന്നു.
കുട്ടനാട്ടിലെ വയല്‍ നികത്തലിനെതിരെ വി എസ് നിലപാടെടുത്തു. സത്യത്തില്‍ ഭൂമി തരം മാറ്റി പാരിസ്ഥിതിക സന്തുലനം അട്ടി മറിക്കുന്നതിനെതിരായ ആദ്യത്തെ പരിസ്ഥിതി പോരാട്ടമായിരുന്നു വി എസിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് നടത്തിയത്. അത് പക്ഷേ വെട്ടി നിരത്തല്‍ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ടു.പിന്നീട് കൈയേറ്റക്കാരും നിക്ഷിപ്ത താല്‍പ്പര്യക്കാരും കൈയൂക്കിലൂടെയും തന്ത്രത്തിലൂടെയും കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും കൊടുങ്കാറ്റു പോലെ ആഞ്ഞു വീശിയ വി എസ്സിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടു.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസും തമ്മിലുള്ള അകലം വെറും മൂന്ന് കിലോമീറ്ററാണ്. വിളിപ്പാടകലെയുള്ള ഈ രണ്ട് വസതികളിലും മാറി മാറി താമസിച്ചവരാണ് പിണറായി വിജയന് ഒഴികെ നമ്മുടെ പല മുഖ്യമന്ത്രിമാരും. വി എസ്സും ആ പതിവ് തെറ്റിച്ചില്ല.
നീണ്ട 14 വര്‍ഷം കേരളത്തിന്റെ പ്രതിപക്ഷ നേതാവായ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവി എന്താണെന്ന് കേരളത്തെ പഠിപ്പിച്ചു. മനുഷ്യാവകാശ പ്രശ്നങ്ങളായാലും ഭൂമി കൈയേറ്റങ്ങളായാലും, പരിസ്ഥിതി പ്രശ്നങ്ങളായാലും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളായാലും അഴിമതി പരാതിക ളായാലും ആര്‍ക്കും കടന്നു വരാവുന്ന ഇടമായിരുന്ന വി എസിന്റെ കാലത്ത് കന്റോണ്‍മെന്റ് ഹൗസ്. മറുവശത്ത് ആരാണെന്ന് നോക്കിയായിരുന്നില്ല വി എസ് പരാതി കേട്ടിരുന്നത്. പരാതിയില്‍ കഴമ്പു ണ്ടോയെന്നായിരുന്നു അദ്ദേഹം പരിശോധിച്ചത്. ഉയരുന്ന പരാതികളുടെ ആഴം കണക്കിലെടുത്ത് വിശദമായ പരിശോധന നടത്താന്‍ വി എസിന് പ്രത്യേക സംഘം തന്നെയുണ്ടായിരുന്നു. പല പ്രശ്നങ്ങളി ലും പരിഹാരം തേടി പ്രായം കണക്കിലെടുക്കാതെ വി എസ് തന്നെ നേരിട്ടിറങ്ങി.
2002 ല്‍ ഒരു മേയ് മാസം മതികെട്ടാന്‍ ചോലയില്‍ വ്യാപകമായി ഭൂമി കൈയേറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് അന്നത്തെ പ്രതിപക്ഷ നേതാവായ വി എസിന് കിട്ടുന്നു.കന്റോണ്‍മെന്റ് ഹൗസില്‍ കൈയേറ്റ ത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച വി എസ് പ്രഖ്യാപിച്ചു. മതികെട്ടാനിലേക്ക് പോകുക തന്നെ. അന്ന് എണ്‍പതോടടുത്ത വി എസ് യുവാവിന്റെ ചുറു ചുറുക്കോടെ മതികെട്ടാന്‍ കയറിയപ്പോള്‍ ഒപ്പം ചാനല്‍ ക്യാമറകളും ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒപ്പമുണ്ടായിരുന്നു. വെട്ടി വെളുപ്പിക്കപ്പെടുമായിരുന്ന മതി കെട്ടാന്‍ ചോലയിലെ വനം സംരക്ഷിക്കാന്‍ വി എസിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
‘അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.’ 2007 ല്‍ മുഖ്യമന്ത്രിയായ വി എസ് പ്രഖ്യാപിച്ചു . വെറുതേ പറയുക മാത്രമായിരുന്നില്ല. മൂവായിരത്തോളം കള്ളപ്പട്ടയങ്ങളുടെ മറവില്‍ മൂന്നാറിലും പരിസരങ്ങളിലും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറ്റ ക്കാര് സ്വന്തമാക്കിയതിന്റെ കണക്കുകളുമായി വി എസ് ഓപ്പറേഷന് മൂന്നാറിന് തുടക്കമിട്ടു. മൂന്നാര്‍ ഒഴിപ്പിക്കലില്‍ സുരേഷ് കുമാറിനെതിരെ വിവാദമുയര്‍ന്നപ്പോള്‍ പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കിയില്ല എലിയെ പിടിക്കുമോയെന്ന് മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ പെട്ടിക്കടകളല്ല വമ്പന്‍ കയ്യേറ്റങ്ങള്‍ തന്നെയാണ് ഒഴിപ്പിക്കേണ്ടതെന്ന് നിര്‍ദ്ദേശിച്ചു. സ്വന്തം സഖ്യകക്ഷിയായ സിപിഐയുമായി പോലും ഇതിന്റെ പേരില്‍ കൊമ്പു കോര്‍ക്കേണ്ടി വന്നു.
ഒപ്പം നില്ക്കാന് ആരുണ്ടെന്ന് നേക്കിയായിരുന്നില്ല വി എസ് ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്തത്. അപ്പുറത്ത് ആരാണെന്നും നോക്കിയില്ല. പാമോയില്‍, ഇടമലയാര്‍ അഴിമതിക്കേസുകളില്‍ വി എസ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. വ്യവഹാരങ്ങള്‍ എത്ര കാലം നീണ്ടാലും വി എസ് വിട്ടു വീഴ്ചകള്ക്കില്ലായിരുന്നു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ കാലത്ത് വി എസ് വ്യത്യസ്തനാകു ന്നതും അതു കൊണ്ടു തന്നെ. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ പൊളിറ്റിക്കല്‍ സ്റ്റണ്ടായല്ല അദ്ദേഹം ഏറ്റെടുത്തത്. ആര് ബാലകൃഷ്ണപിളളയുടെ അഴിമതിക്കെതിരെ ആരോപണം ഉന്നയിക്കുക മാത്രമല്ല നിരന്തര നിയമ പോരാട്ടത്തിലൂടെ ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കുക കൂടി ചെയ്തു വി എസ്.
മറയൂരിലെ ചന്ദനക്കൊള്ള, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, നഴ്സിങ്ങ് സമരം, പെമ്പിളൈ ഒരുമൈ സമരം…. വി എസ് ഇടപെട്ട ജനകീയ വിഷയങ്ങള്‍ കേരളം ഹൃദയം കൊണ്ട് ചര്‍ച്ച ചെയ്തവയായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് ആരാധകരും വിമര്‍ശകരും ഒരു പോലെയുണ്ട്. തൊഴിലാളി സംഘടനകളെയൊക്കെ തള്ളി സ്വന്തം അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ മൂന്നാറിലെ തേയില തോട്ടം തൊഴിലാളി സ്ത്രീകളുടെ മുന്നേറ്റമായ പൊമ്പിളൈ ഒരുമ സമരം 2015 സെപ്റ്രംബറില് കേരളം ശ്വാസമടക്കിപ്പിടിച്ച് വീക്ഷിച്ച പ്രക്ഷോഭങ്ങളിലൊന്നാണ്. തങ്ങള്‍ക്കവകാശപ്പെട്ട ശമ്പളവും ബോണസ്സും നിഷേധിക്കുന്ന മാനേജ്മെന്റുകളുമായി തൊഴിലാളി സംഘടനകള്‍ ഒത്തു കളിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പെമ്പിളൈ ഒരുമ സമരം വേദിയില്‍ വിലക്കിയിരുന്നു. വനിതാ നേതാക്കളടക്കമുള്ളവര്‍ സ്ത്രീ തൊഴിലാളികളുടെ രോഷം അറിഞ്ഞപ്പോള്‍ വി എസിനെ അവര്‍ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്തു. സമരം വിജയത്തിലെ ത്തിക്കുന്നതില്‍ പ്രതിപക്ഷ നേതാവായ വി എസിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
സ്ത്രീകളോടുള്ള കരുതലും സ്നേഹവും എത്രമാത്രമുണ്ടായിരുന്നു ആ കമ്യൂണിസ്റ്റ് നേതാവിനെന്ന് വ്യക്തമാക്കുന്നതായിരുന്നു സൂര്യനെല്ലി, ഐസ്ക്രീം പാര്‍ലര്‍ കിളിരൂര്‍ കേസുകളില്‍ വിഎസിന്റെ ഇടപെടലുകള്‍ . പല പ്രമുഖരുടേയും ഉറക്കം കെടുത്തുന്നതായിരുന്നു വി എസ് നടത്തിയ ഇടപെടലുകള്‍. പ്ലാച്ചിമടയില്‍ ജല ചൂഷണത്തിനെതിരായ ജനകീയ സമരത്തില്‍ വി എസ് ഒപ്പമുണ്ടായിരുന്നു. ഭരണത്തി ലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു വി എസ്. മുഖ്യമന്ത്രിയായിരിക്കേ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദുരിതാശ്വാസ പാക്കേജ് അനുവദി ക്കാനും അദ്ദേഹം തയ്യാറായി.
ബഹറൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാ കൃഷ്ണപ്പിള്ള പങ്കു വെച്ച വി എസിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മ ശ്രദ്ധേയമാണ്. “2008 ൽ ശ്രീ രവി പിള്ള പ്രവാസി ഭാരതീയ സമ്മാൻ പുരസ് കാരം സ്വീകരി ക്കുന്ന ചടങ്ങിൽ പങ്കെടുക്കാ നാണ് ഞങ്ങൾ കുറെപ്പേർ ബഹ്റൈനിൽ നിന്നും ഡൽഹിയിലെത്തിയത്. ജനുവരി 5,6,7 തീയതികളിലാണ് സമ്മേളനം. കേരള ഹൗസിൽ മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ താമസിക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി ഞങ്ങൾ അവിടെ പോയി. മുറിയിൽ ഒരു ചാരുകസേരയിൽ മുറിക്കയ്യൻ ബനിയനുമിട്ട് അദ്ദേഹമിരിക്കുന്നു. അദ്ദേഹത്തിന് ഞങ്ങളിൽ ആരെയും നേരിട്ടു പരിചയമില്ല. ഞങ്ങളെ കണ്ടപ്പോൾ മുഖത്ത് ഒരു ചെറിയ മന്ദസ്മിതം വിടർന്നുവോ എന്ന് സംശയം. കാഴ്ചയിൽ പരുക്കൻ എന്നു തോന്നിക്കുന്ന അച്ചുതാനന്ദനോട് സംസാരിക്കാൻ ആർക്കും ധൈര്യം പോരാ. ഞാൻ സർവ്വശക്തിയും സംഭരിച്ച് സമാജത്തെക്കുറിച്ചും ബഹ്റൈനേ ക്കുറിച്ചുമൊക്കെ സംസാരിച്ചു. ബഹ്റൈനിലെക്ക് വി എസിനെ ക്ഷണിച്ചു.
അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു expression നുമില്ല. പതുക്കെ ഓരോരുത്തരെ പരിചയപ്പെടുത്താൻ തുടങ്ങി. സർവ്വശ്രീ രവി പിള്ള , സോമൻ ബേബി, ജി കെ നായർ, അശോക് കുമാർ തുടങ്ങിവരാണ് സംഘത്തിൽ. രവി പിള്ളയെ പരിചയപ്പെടുത്തിയപ്പോൾ മാത്രം ഒരു പ്രതികരണം വന്നു – ” ഗൾഫിൽ പാവം പിടിച്ച തൊഴിലാളികളെ പറ്റിക്കുന്ന കുറേ മുതലാളി മാരുണ്ടല്ലോ. താങ്കൾ ആ കൂട്ടത്തിൽ പെടുന്ന ആളല്ലെന്ന റിയുന്നതിൽ സന്തോഷം”. വീണ്ടും അന്തരീക്ഷ ത്തിൽ മൗനം നിറയുന്നു. അത് മറികടക്കാനായി ഞാൻ ചോദിച്ചു. “ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തോട്ടെ?”. “ആയിക്കോളൂ” എന്നായി വി എസ്. ഞങ്ങൾ ഫോട്ടോയ്ക്കാ യി തയ്യാറായി. പക്ഷേ വി എസിന് അനക്കമില്ല. അദ്ദേഹം എഴുന്നേൽക്കുന്ന ലക്ഷണമില്ല. ഇരിക്കുന്ന അദ്ദേഹത്തിൻ്റെ ഇരുവശങ്ങളിലുമായി നിന്നു കൊണ്ട് ഞങ്ങൾ ഒരു ഫോട്ടോ എടുത്തു. അദ്ദേഹം വലതു കൈ ഉയർത്തി യാത്ര പറഞ്ഞപ്പോൾ സിംഹത്തിൻ്റെ മടയിൽ നിന്നും രക്ഷപ്പെട്ട മാനുകളുടെ അവസ്ഥയിലായിരുന്നു ഞങ്ങൾ.”
അതാണ് വി എസ്. വി എസ്സിന് വി എസ്സാകാനേ കഴിയൂ. അഭിനയങ്ങള്‍ വശമില്ലാത്ത പച്ച മനുഷ്യന്. വി എസ്സുമായി കൂടിക്കാഴ്ച നടത്തിയ മിക്കവാറും എല്ലാവരുടേയും അനുഭവം ഇതു തന്നെയാകും. 2025 ജനുവരി 22 ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വി എസിനെ കാണാനെത്തി. രാഷ്ട്രീയമായി എതിര്‍ധ്രുവങ്ങളില്‍ നില്ക്കുന്ന അറിയപ്പെടുന്ന ആര് എസ് എസ് നേതാവു കൂടിയായ അര്‍ലേക്കര്‍ പറഞ്ഞു. ചെറുപ്പ കാലം തൊട്ട് ഞാന്‍ കേള്‍ക്കുന്ന പേരാണ് വി എസിന്റേത്. കാണണമെന്നുണ്ടായിരുന്നു. ഗവര്‍ണറായി കേരളത്തിലെത്തിയപ്പോള്‍ പോയി കണ്ടു. പക്ഷേ അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് സംസാരിച്ചു.
പി കൃഷ്ണപിള്ളയുടെ ശിഷ്യനായ പതിനേഴ് വയസ്സുകാരന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാര്‍ട്ടി ഭരണഘടന മാറ്റി വെച്ചത് പാര്‍ട്ടി ചരിത്രം. 1958 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ വി എസ്സ് എന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്നു. പിണറായി കഴിഞ്ഞാല്‍ ഏറ്റവുമധികം കാലം 12 വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നയാള്‍. പാര്‍ട്ടി എന്താണെന്ന് നന്നായറിയുന്നയാള്‍. പല തവണ വിഎസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തു. അപ്പോഴെല്ലാം തിരുത്തി പാര്‍ട്ടിക്ക് കീഴ് പ്പെട്ട് പോകാനാണ് വി എസ് ശ്രമിച്ചത്.
പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളായാലും നയവ്യതിയാനമായാലും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ തയായയാലും അഴിമതിയായാലും വി എസ്സിന് സഹിക്കാനാവുമായിരുന്നില്ല. ലാവ്ലിന് കേസ് അഴിമതി തന്നെയെന്ന് വി എസ് നിലപാടെടുത്തു. 2009 ജനുവരി 23ന് പ്രൊസിക്യൂഷന് അനുമതിയും നല്കി. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കാടാമ്പുഴ ദര്‍ശനവും പൂമൂടല്‍ വിവാദവും ഒക്കെ ഉയര്‍ന്നപ്പോള്‍ കോടിയേരിക്കൊപ്പം നിലകൊള്ളുകയായിരുന്നു വി എസ്.
എതിരാളികള്‍ക്കെതിരായ രാഷ്ട്രീയ നിയമ പോരാട്ടങ്ങളില്‍ വി എസ്സിന് ധൃതി എന്നൊന്നില്ലായിരുന്നു. എന്നാല്‍ എതിരാളികള്‍ക്ക് മറുപടി കൊടുക്കുന്നതില്‍ വി എസ് ഒട്ടും കാത്തിരിക്കാറില്ലായിരുന്നു. അത് ആരായാലും. തഗ്ഗ് ഡയലോഗുകളുടെ ആശാന് കൂടിയായിരുന്നു വി എസ്. കേരളം എന്നും ഓര്‍ക്കുന്ന തഗ്ഗ് ഡയലോഗുകളുടെ നിര തന്നെ വിഎസ്സിന് സ്വന്തം. പശു അമ്മയാണെന്ന് ആളുകള്‍ പറയുന്നു. പശു അമ്മയാണെങ്കില്‍ കാളയാണോ ഇവരുടെ അച്ഛന് എന്ന വി എസ് ഡയലോഗ് ഏറെ പ്രചരിച്ചു. ഹരികഥയുടെ ശൈലിയില്‍ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗ ശൈലിയെ കേരള ജനത എന്നും നെഞ്ചേറ്റി.
കേരളത്തിലെ ഇടതു മുന്നണിക്ക് വൃദ്ധ നേതൃത്വമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വി എസ് കണക്കിന് കൊടുത്തു. അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് രാഹുലിന് വി എസ് മറുപടി നല്കിയതിങ്ങനെ.
“തല നരക്കുന്നതല്ല എന്റെ വൃദ്ധത്വം….
തല നരക്കാത്തതല്ല എന്റെ യുവത്വവും….
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ…
തല കുനിക്കാത്തതാണെന്റെ ….
യൗവ്വനം….
സ്വന്തം പാളയത്തില്‍ നിന്ന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാന്യതയുടെ അതിരു കടന്നപ്പോള്‍ വന്നു വി എസിന്റെ മാസ് ഡയലോഗ്. “വാരിക്കുന്തങ്ങള്ക്കിടയിലും കഴുമരങ്ങള്ക്കിടയിലും പ്രവര്‍ത്തിച്ച് വന്ന ഞങ്ങളെ ക്യാപിറ്റല്‍ പണിഷ്മെന്റ് എന്ന് പറഞ്ഞ് ഭയപെടൂത്താന് നോക്കരുത്. അത് വില പോവില്ല എന്ന് ഞാനീ നിമിഷത്തില്‍ നിങ്ങളെ ഓാര്മപെടുത്തുകയാണ്.” വി എസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് വാദിച്ച യുവ നേതാക്കളേയും ഭയപെടുത്താന്‍ നോക്കിയ നേതൃത്വത്തെയും സാക്ഷിയാക്കി വി എസിന്റെ വാക്കുകള്‍ പുറത്തേക്കൊഴുകിയപ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന സദസ്സ് കരഘോഷം മുഴക്കി.
വി എസ് ഉണ്ടെന്നുള്ളത് മലയാളിക്ക് ധൈര്യമായിരുന്നു. കേരളത്തിന് അരുതാത്തത് നടക്കുമ്പോള്‍ ഇടപെടാന്‍ കാരണവരായി വി എസ് ഉള്ളത് ആശ്വാസമായിരുന്നു. അഴിമതികളെ അനീതികളെ ചൂഷണങ്ങളെ ചോദ്യം ചെയ്യാന്‍ വി എസ് എത്തുമെന്ന വിശ്വാസമുണ്ടായിരുന്നു കേരളത്തിന്മ ണ്ണിനെയും കുറേ പാവം മനുഷ്യരെയും അനാഥരാക്കി ആ പോരാളിയും യാത്രയായി. കേരളത്തിന് കണ്ണും കരളുമായിരുന്ന വി എസ്. ലാല്‍ സലാം…
