Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടവപ്പാതി തിമിര്‍ത്ത് പെയ്തിറങ്ങുമ്പോഴും നിലമ്പൂരില്‍ ചൂട് കൂടുകയാണ്’; മുന്നണികള്‍ വിയര്‍പ്പൊഴുക്കേണ്ടി വരും



സംസ്ഥാനത്ത് ശക്തി പ്രാപിച്ച കാലവര്‍ഷത്തില്‍ അന്തരീക്ഷ ഊഷ്മാവ് പൊതുവേ കുറഞ്ഞെങ്കിലും നിലമ്പൂരില്‍ തണുപ്പന്‍ കാലാവസ്ഥയെയും മറികടന്ന് തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഇടവപ്പാതി തിമിര്‍ത്ത് പെയ്തിറങ്ങുമ്പോഴും ഇവിടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളും മുന്നണികളും വിയര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്.

അവസാന നിമിഷം പി.വി അന്‍വര്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതോടെ പ്രവചനക്കാരും ജോത്സ്യന്‍മാരുമെല്ലാം ഒന്നൊതുങ്ങിയ മട്ടാണ്. ‘അന്‍വറെന്താ… പുലിയോ?’ എന്നൊക്കെ ചോദിക്കുന്ന വരുണ്ടാകാം. പക്ഷേ, നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം എഴുതി തള്ളാന്‍ ഇപ്പോള്‍ സമയമായിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യുഡിഎഫിനുണ്ടായിരുന്ന വിജയ സാധ്യതയില്‍ ഇപ്പോള്‍ മങ്ങല്‍ ഏറ്റിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. അന്‍വര്‍ പറയുന്ന ‘പിണറായിസ’ത്തിനെ തിരായ പോരാട്ടത്തില്‍ അദേഹം യുഡിഎഫിനൊപ്പം നില്‍ക്കും എന്നാണ് പൊതുവേ ഉണ്ടായിരുന്ന ധാരണ. അങ്ങനെ വന്നാല്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറുമായിരുന്നു.

പക്ഷേ, രാഷ്ട്രീയത്തില്‍ ഒന്നും സ്ഥായിയല്ല… ധാരണകളും കണക്കുകൂട്ടലും മാറിമറിയും. ഏറെ പ്രതീക്ഷ വച്ച യുഡിഎഫ് പ്രവേശനം പാതിരാവില്‍ കണ്ടൊരു കിനാവായി മാറിയപ്പോള്‍ അന്‍വറും അങ്കത്തട്ടിലിറങ്ങി. വിജയന്റെ ‘പിണറായിസ’ത്തിനും വി.ഡി.സതീശന്റെ ‘ഹിറ്റ്‌ലറിസ’ത്തിനും എതിരായാണ് ഇനി തന്റെ പോരാട്ടമെന്നാണ് അന്‍വറിന്റെ പുതിയ ഭാഷ്യം.

അതിനിടെ നിലമ്പൂരില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് തുടക്കത്തില്‍ പറഞ്ഞ ബിജെപിയും അവസാനം ചുവട് മാറ്റി. ഇതോടെ ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം പ്രതീക്ഷിച്ച നിലമ്പൂര്‍ ചതുഷ്‌കോണ മത്സരത്തിന് വേദിയായി. ഫലത്തില്‍ രാഷ്ട്രീയ പോരാട്ടം എന്നതിലുപരി നിലനില്‍പിന്റെയും ശക്തി തെളിയിക്കലിന്റെയും അങ്കത്തട്ടായി മാറി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എന്നു പറയാം.

തൃണമൂല്‍ നേതാവ് പി.വി.അന്‍വറും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡി എഫിനായി രംഗത്തുള്ള എം.സ്വരാജും ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്ന അഡ്വ.മോഹന്‍ ജോര്‍ജും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുതന്നെ ഉള്ളവരാണ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. നാല് പേര്‍ക്കും അവരുടേതായ ഗുണങ്ങളും ദോഷ വശങ്ങളുമുണ്ട്.

2016 ല്‍ ഇടത് സ്വതന്ത്രനായെത്തി നിലമ്പൂരില്‍ അട്ടിമറി വിജയം നേടി, 2021 ലും അത് തുടര്‍ന്ന ആ പഴയ അന്‍വറല്ല ഇപ്പോഴത്തെ അന്‍വര്‍. ഒറ്റയ്ക്ക് മത്സരിക്കുന്ന അദേഹം നന്നേ ക്ഷീണിതനാണ്. രണ്ട് പ്രബല മുന്നണികളുടെ വോട്ടുകള്‍ മറികടന്ന് വിജയിക്കുക അസാധ്യമാണെന്ന് അന്‍വറിനറിയാം. പക്ഷേ, ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച് മുസ്ലീം ലീഗിന്റെ പിന്തുണയോടെ പിന്നീട് യുഡിഎഫുമായി വിലപേശുക എന്നതാണ് അന്‍വര്‍ മനസില്‍ കാണുന്ന രാഷ്ട്രീയം.

സാസ്‌കാരിക പ്രവര്‍ത്തകനും തിരക്കഥാകൃത്തും നിലമ്പൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരുകാര്‍ക്ക് ചിരപരിചിതനാണ്. ദീര്‍ഘകാലം നിലമ്പൂര്‍ മണ്ഡലം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണെന്ന പ്ലസ് പോയിന്റും ഷൗക്കത്തിനുണ്ട്.

എന്നാല്‍ പി.വി അന്‍വറിനെപ്പോലെ ജനകീയനല്ല എന്നതാണ് ഷൗക്കത്ത് നേരിടുന്ന വെല്ലുവിളി. മാത്രമല്ല, പിതാവിനെപ്പോലെ തന്നെ മുസ്ലീം ലീഗുമായി അത്ര നല്ല ബന്ധത്തിലുമല്ല. മുസ്ലീം നാമധാരിയാണെങ്കിലും ജമാ അത്ത് ഇസ്ലാമി പോലുള്ള സംഘടനകളുടെ വോട്ടും ലഭിക്കാനിടയില്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള കുടിയേറ്റ പ്രദേശങ്ങളിലും പിതാവ് ആര്യാടന്‍ മുഹമ്മദിനെപ്പോലെ സ്വീകാര്യനല്ല ആര്യാടന്‍ ഷൗക്കത്ത്.

നിലമ്പൂരുകാരന്‍ എന്ന ആനുകൂല്യം ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജിനുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ അദേഹം ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രഭാഷകനും ഗ്രന്ഥ കര്‍ത്താവുമാണ്. നിലമ്പൂരില്‍ നിന്ന് തൃപ്പൂണിത്തുറയിലെത്തി 2016 ല്‍ മുന്‍മന്ത്രി കൂടിയായ കെ. ബാബുവിനെ അട്ടിമറിച്ച (2021 ല്‍ ബാബുവിനോട് തോറ്റു) തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പാരമ്പര്യവും അദേഹത്തിനുണ്ട്.

എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയും ഭരണവിരുദ്ധ വികാരവും സ്വരാജിന് തിരിച്ചടിയാണ്. ശബരിമല വിഷയം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും ബിജെപിയും പുറത്തെടുത്തിട്ടുണ്ട്. കടുത്ത പിണറായി പക്ഷക്കാരനാണെന്ന ആക്ഷേപവും സ്വരാജിനെതിരേയുണ്ട്. നിലമ്പൂര്‍ സ്വദേശിയാണെങ്കിലും നിലമ്പൂര്‍ വിട്ടാണ് സ്വരാജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നതും പ്രതികൂല ഘടകമാണ്.

മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അഡ്വ. മോഹന്‍ ജോര്‍ജിനെയാണ്. മണ്ഡലത്തില്‍ കാര്യമായ വിജയ പ്രതീക്ഷ ഇല്ലെങ്കിലും കുടിയേറ്റ മേഖലകളില്‍ നിന്നുള്ള വോട്ടുകളാണ് മോഹന്‍ ജോര്‍ജ് വഴി ബിജെപി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പ് നേതാവായതിനാല്‍ യുഡിഎഫിന് കിട്ടേണ്ട ചില വോട്ടുകളും മോഹന്‍ ജോര്‍ജിന് ലഭിക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.

തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായതോടെ എല്‍ഡിഎഫ്, യുഡിഎഫ് ബിജെപി നേതാക്കളുടെ നിലമ്പൂരിലേക്കുള്ള ഒഴുക്ക് ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിലമ്പൂരെത്തി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളും മണ്ഡലത്തിലുണ്ട്. സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തും. പി.വി.അന്‍വറിന് വേണ്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള തൃണമൂല്‍ നേതാക്കളും എത്തും എന്നാണറിയുന്നത്.


Read Previous

“വാഴക്കാട് ഫെസ്റ്റ്” പെരുന്നാൾ പിറ്റേന്ന്

Read Next

അൻവര്‍ മനസ്സില്‍ കണ്ടത് കൊടുവള്ളി; യുഡിഎഫുമായി തെറ്റിയത് 2026 ലെ സീറ്റിന്റെ പേരിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »