
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ. മണ്ഡലങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയതെന്നാണ് വിഷയത്തിൽ ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം വച്ച് ബി.ജെ.പി രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണെന്നും ഇവർ പറയുന്നു.
മാർച്ച് രണ്ടിന് പുറത്തിറങ്ങിയ 195 പേരുടെ ആദ്യഘട്ട പട്ടികയിൽ നിന്നും പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ 33 എം.പിമാരെ ബി.ജെ.പി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബുധനാഴ്ച പുറത്ത് വന്നിരിക്കുന്ന രണ്ടാംഘട്ട പട്ടികയിൽ നിന്നും 30 പേരെ സീറ്റ് അനുവദിക്കാതെ പാർട്ടി മാറ്റി നിർത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ബി.ജെ.പി പുറത്തുവിട്ടിരിക്കുന്ന 267 പേരുടെ പട്ടികയിൽ 140 പേരും സിറ്റിങ് എം.പിമാരാണ്.
ആറുമണ്ഡലങ്ങളിൽ പുതുമുഖങ്ങളെ ഇറക്കി ഡൽഹിയിലാണ് ബി.ജെ.പി. കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ഹർഷ് മൽഹോത്രയും നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ യോഗേന്ദ്ര ചന്ദോലിയയും മത്സരിക്കും. സിറ്റിങ് എം.പി ഗൗതം ഗംഭീറിന് പകരമാണ് ഹർഷ് മൽഹോത്രയെ പാർട്ടി പരിഗണിച്ചത്. വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി, ഡാനിഷ് അലിക്കെതിരേ ലോക്‌സഭയിൽ ആക്ഷേപങ്ങൾ ഉന്നയിച്ച് വിവാദത്തിൽവീണ രമേശ് ബിധുരി എന്നിവർക്കും സീറ്റില്ല.
ബുധനാഴ്ച വൈകീട്ടോടെയാണ് ബി ജെ പി തങ്ങളുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചത്. സീറ്റുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി സിറ്റിങ് സീറ്റായ നാഗ്പുരിൽ സ്ഥാനാർഥിയായി. രാജ്യസഭാനേതാവും കേന്ദ്ര വാണിജ്യമന്ത്രിയുമായ പിയൂഷ് ഗോയൽ ഇക്കുറി ലോക്‌സഭാ മത്സരക്കളത്തിലിറങ്ങും.
ഹരിയാണയിലെ മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിങ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി, ബി.ജെ.പി ദേശീയ വക്താവ് അനിൽ ബലൂനി തുടങ്ങിയവരും രണ്ടാം പട്ടികയിലുണ്ട്. കേരളത്തിലെ നാലുമണ്ഡലങ്ങളിലെയടക്കം 250 ലേറെ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുണ്ട്.