ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുത്; മുസ്ലിം വ്യക്തി നിയമ ബോർഡ്


ദില്ലി: ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഏക സിവിൽ കോഡെന്ന പേരിൽ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ബോർഡ് പ്രതികരിച്ചു. നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. രാജ്യ സുരക്ഷയ്ക്കും അഖണ്ടതയ്ക്കും ഏക സിവിൽ കോഡ് എതിരാണെന്നും ബോർഡ് അഭിപ്രായപ്പെട്ടു.

എന്താണ് ഏക സിവിൽ കോഡ് പ്രശ്നം?

ഏക സിവിൽ കോഡിനെ സംബന്ധിച്ച ചർച്ചകൾക്ക് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. 1948 -ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം കൊടുക്കുമ്പോൾ, ബഹുസ്വരതയുടെ മൂല്യങ്ങളെ അതിന്‍റെ അന്തസ്സത്തയിലേയ്ക്ക് ലയിപ്പിച്ചു ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിടെ ഒരു സാമൂഹിക പരിഷ്‌കാരം ചർച്ചയിലേക്ക് ഉയർന്നു വന്നു. അതിനെച്ചൊല്ലി കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ അഭിപ്രായ ഭിന്നതകളുണ്ടായി. മാസങ്ങളോളം അവർ അതിന്റെ പേരിൽ ചർച്ചകൾ നടത്തി. എന്നിട്ടും ഒരു സമന്വയത്തിലേക്ക് എത്തിച്ചേരാൻ സഭാംഗങ്ങൾക്ക് സാധിച്ചില്ല. ഒടുവിൽ അവർ ആ ഒരു കാര്യത്തിൽ മാത്രം വിട്ടുവീഴ്ചക്ക് തയ്യാറായി. ആ പരിഷ്‌കാരം അന്നുമുതൽക്കേ അറിയപ്പെടുന്നത് യൂണിഫോം സിവിൽ കോഡ് അഥവാ ഏക സിവിൽ കോഡ് എന്നാണ്. 

അക്കാലത്ത് വിവിധ മതങ്ങളിൽ അതാതിന്റെ സംഹിതകളെ ആധാരപ്പെടുത്തിക്കൊണ്ട് വേവ്വേറേ നിലനിന്നിരുന്ന വ്യക്തിനിയമങ്ങളെ അസാധുവാക്കി, പൊതുവായ സിവിൽ നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു യൂണിഫോം സിവിൽ കോഡിന്റെ ലക്ഷ്യം. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്ത് തുടങ്ങിയ നിർണായകമായ പല വ്യവഹാരങ്ങളും ഏക സിവിൽ കോഡിന്റെ പരിധിയിൽ പെട്ടിരുന്നു. എന്നാൽ, ഇങ്ങനെ ഒന്നിനെക്കുറിച്ച് രാജ്യം ആദ്യമായി ചിന്തിച്ച അന്നുതന്നെ ശക്തമായ എതിർപ്പാണ് സാംഹൂഹത്തിൽ നിന്ന് ഹിന്ദു മുസ്ലീം ഭേദമന്യേ ഉയർന്നുവന്നത്. തങ്ങളുടെ പ്രമാണിത്തം സിവിൽ കോഡ് വന്നാൽ തകർന്നു പോകുമെന്ന ഭയത്താൽ എല്ലാ മതങ്ങളിലെയും പൗരോഹിത്യം ഏക സിവിൽ കോഡിനെ നഖശിഖാന്തം എതിർത്ത്. അത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് എന്ന് വിളിച്ചു പറഞ്ഞ അവർ നടപ്പിലാക്കിയാൽ നാട് കത്തുമെന്നു ഭീഷണിപ്പെടുത്തി. പ്രതിഷേധങ്ങൾ ഉയർന്നതോടെ ഏക സിവിൽ കോഡ്  ഓപ്‌ഷണലാണ് എന്ന നിലപാടിലേക്ക് അസംബ്ലി മാറി. 

ആർട്ടിക്കിൾ നാല്പത്തിനാലിലെ ഡയറക്റ്റീവ്  അഥവാ നിർദേശക തത്വങ്ങളിൽ പറയുന്നത് The State shall endeavour to secure for the citizens a uniform civil code throughout the territory of India.” എന്നാണ്.  ഇങ്ങനെ ഒരു നിയമ പരിഷ്കാരത്തിന് ഇന്ത്യയുടെ ആത്മാവ് തയ്യാറാവും വരെ അത് നീട്ടി വെക്കപ്പെടുന്നു. അവതരിപ്പിക്കപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും, ഇന്നും ഏക സിവിൽ കോടി ചർച്ചകളിൽ നിറയുകയാണ്. ഏക സിവിൽ കോഡ് എന്ന സങ്കല്പതിന് പ്രധാനമായും  അന്ന് പിന്തുണ കിട്ടുന്നത് ഭരണഘടനാ ശില്പി ഭീംറാവു അംബേദ്കറിൽ നിന്ന് തന്നെയാണ്. പക്ഷെ ജനഹിതം മനസ്സിലായ നെഹ്‌റു,  ഇന്ത്യൻ യൂണിയനിലെ പ്രജകൾക്ക് അവ പാലിക്കാനുള്ള പക്വത വരുംവരെ ഏക സിവിൽ കോഡ്  നിയമമാക്കേണ്ടതില്ല എന്ന നിലപാടാണ് നെഹ്‌റു സ്വീകരിച്ചത്. അമ്പതുകളിൽ ഹിന്ദുകോഡ് ബില്ലുകൾ കൊണ്ടുവന്ന്  നെഹ്‌റു അതിനുവേണ്ട നിലമൊരുക്കാൻ ശ്രമിച്ചു.

പിന്നീട്, എൺപതുകളിൽ പ്രസിദ്ധമായ ഷാബാനു കേസിലെ വിധിക്കും ഓർഡിനൻസിനും ശേഷം യൂണിഫോം സിവിൽ കോഡ് വീണ്ടും തലക്കെട്ടുകളിലേക്ക് തിരികെ വന്നു. നാല്പത് വര്‍ഷത്തെ ദാമ്പത്യം തലാഖിലൂടെ അവസാനിപ്പിച്ച ബാനുവിന്റെ ഭർത്താവ്, മൂന്നുമാസത്തെ ജീവനാംശം മാത്രം അവർക്ക് നൽകാൻ ചൂണ്ടിക്കാണിച്ചത് നാട്ടിലെ മുസ്ലിം വ്യക്തി നിയമങ്ങൾ. ഇതിനെതിരെ കോടതിയെ സമീപിച്ച ബാനു പരമോന്നത നീതിപീഠം വരെയും പോരാടി തനിക്ക് അനുകൂലമായ അന്തിമവിധി നേടിയെടുത്തു. ഈ സുപ്രീം കോടതി വിധിക്കെതിരെ അന്ന് നാട്ടിലെ മുസ്ലിം സംഘടനകൾ പ്രതിഷേധിച്ചു. അന്ന് അധികാരത്തിലിരുന്ന രാജീവ് ഗാന്ധി ഗവൺമെൻറ് , 1986 -ൽ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്റ്റ് എന്ന പേരിൽ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവന്ന് ഷാബാനു കേസിലെ അന്തിമ വിധിയെ അട്ടിമറിച്ചു. ജീവനാംശം തൊണ്ണൂറു ദിവസത്തേക്ക് നൽകിയാൽ മതി എന്ന് ആ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടു.

അതിന് ശേഷം നിരവധി ഷാബാനുമാർ വ്യക്തിനിയമങ്ങളിൽ നീതി തേടി സുപ്രീംകോടതി സമക്ഷം എത്തുന്നത് നമ്മൾ കണ്ടു.  പരശ്ശതം കേസുകൾ ഉണ്ടായി വന്നിട്ടും, ഏക സിവിൽ കോഡ് യാഥാർഥ്യമാക്കാൻ ഒരു ഗവണ്മെന്റിനും ശേഷിയുണ്ടായില്ല. തൊണ്ണൂറുകൾ മുതൽക്കിങ്ങോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളുടെയും പ്രകടനപത്രികയിൽ തന്നെ ബിജെപി സ്ഥിരം നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന്, ഏക സിവിൽ കോഡ് ആയിരുന്നു. അധികാരത്തിൽ തുടരുന്ന ഒൻപതാം വർഷവും ബിജെപി ആവർത്തിക്കുന്നത് എത്രയും പെട്ടന്ന് അത്‌ നടപ്പിൽ വരുത്തും എന്നുതന്നെയാണ്.  ഏക സിവിൽ കോഡ് നടപ്പിലായാൽ അത്‌ ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തപ്പെടും എന്ന ആശങ്കയാണ് അസദുദ്ദീൻ ഒവൈസിയെപ്പോലെ ഉള്ള വിമർശകർക്കുള്ളത്, വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്രവർഗങ്ങൾ വരെ ഇതിനെ ഭൂരിപക്ഷ ഗൂഢാലോചന എന്നാണ് വിളിക്കുന്നത്.

ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പിൽ വന്നിട്ടുള്ളത് ഒരേയൊരു സംസ്ഥാനത്ത് മാത്രമാണ്. ഗോവയാണ് അത്. അവിടെ നിലവിലുള്ളത് പോർച്ചുഗീസ് കോളനി ഭരണകാലത്തുള്ള പൊതു സിവിൽ കോഡാണ്. അങ്ങനെ, വലിയൊരു ചരിത്രം തന്നെ പിന്നിലുള്ള, നെടുനീളൻ തർക്കങ്ങൾക്കും സംവാദങ്ങൾക്കും സാധ്യതകളുള്ള ഒരു വിഷയത്തെയാണ്, കേവലം ഒരു പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വീണ്ടും ജനമധ്യത്തിലേയ്ക്ക് എടുത്തിട്ടിട്ടുള്ളത്.


Read Previous

ലോകം ഇന്നോളം രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിനം; 2023ജൂലൈ 3

Read Next

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നു; യുവതികളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച മൂന്ന് പ്രവാസികള്‍ ജയിലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »