
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ തലസ്ഥാന നഗരത്തിൻ്റെ കണ്ണായ കവടിയാര്‍ കൊട്ടാരത്തിനു സമീപം ആഡംബര വീട് പണിയുന്നു എന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എഡിജിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിൻ്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
കവടിയാര്‍ കൊട്ടാരത്തിനും ഗോള്‍ഫ് ക്ലബിനും ഇടയിലായി 12000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള മൂന്നു നില ആഡംബര വീടാണ് അജിത്കുമാര്‍ പണിയുന്നത്. ഭൂമിക്ക് മുകളിലായി രണ്ടു നിലകളിലും ഭൂമിക്കടിയിലായി ഒരു നിലയുമാണ്. ഇവിടെ ഭൂഗര്‍ഭ നിലയില്‍ പാര്‍ക്കിങ് ഉള്‍പ്പെടെയാണ് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.
കെട്ടിടനിര്‍മ്മാണ അനുമതിക്കായി തിരുവനന്തപുരം കോര്‍പറേഷനു നല്‍കിയ ഡിസൈനിൻ്റെ പകര്‍പ്പും ഇതിനിടെ പുറത്തു വന്നു. ഈ ഡിസൈന്‍ പുറത്തു വന്ന തോടെയാണ് വീടിൻ്റെ വിശദാംശങ്ങള്‍ പുറത്തു വന്നത്. കോര്‍പറേഷന്‍ അംഗീകാരം നല്‍കിയ പ്ലാനില്‍ വീടിൻ്റെ ഉടമസ്ഥൻ്റെ പേര് എംആര്‍ അജിത്കുമാര്‍ ഐപിഎസ് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ഭൂഗര്‍ഭ നിലയില്‍ നിന്നു ഏറ്റവും മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് സംവിധാനം അടക്കമാണ് പ്ലാനില്‍ പറയുന്നത്. ഇവിടെ 10 സെൻ്റ് സ്ഥലത്താണ് വീട് നിര്‍മ്മാണം. ഇതിനോട് ചേര്‍ന്ന് 12 സെൻ്റ് ഭൂമി അജിത്കുമാറിൻ്റെ ഭാര്യാസഹോദരൻ്റെ പേരില്‍ വാങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
തലസ്ഥാനത്തെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നായ കവടിയാറില്‍ ഒരു സെൻ്റ് ഭൂമിക്ക് മോഹവിലയാണ്. ഇഷ്‌ടമുള്ള സ്ഥലം സ്വന്തമാക്കണമെങ്കില്‍ ആവശ്യപ്പെടുന്ന വില നല്‍കേണ്ടി വരും. അന്‍വര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ സെൻ്റിന് 75 ലക്ഷം മുതല്‍ 85 ലക്ഷം വരെയാണ് ഇവിടെ വില വരിക. അങ്ങനെയെങ്കില്‍ 10 സെൻ്റ് ഭൂമിക്ക് മാത്രം 7.5 കോടി മുതല്‍ 8.5 കോടി രൂപ വരും. വീട് നിര്‍മ്മാണത്തിനും വേണ്ടി വരും കോടികള്‍. ഇത്രയും പണം അജിത്കുമാറിന് എവിടെ നിന്നു ലഭിച്ചു എന്ന ചോദ്യമാണ് അന്‍വര്‍ ഉയര്‍ത്തുന്നത്.
അതേസമയം എഡിജിപിക്കെതിരെ ഭരണപക്ഷ എംഎല്‍എ ഉയര്‍ത്തിയ ആരോപണം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് നടക്കുന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കവേ വ്യക്തമാക്കി. എന്നാല്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ഡിജിപി റാങ്കില്‍ സംസ്ഥാനത്ത് നാല് പേരാണുള്ളത്.
പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി സഞ്ജീവ് കുമാര്‍ പട്‌ജോഷി, ഫയര്‍ ഡിജിപി കെ പത്മകുമാര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്‌ത എന്നവര്‍ക്കാണ് ഡിജിപി റാങ്കുള്ളത്. അന്‍വറിൻ്റെ ആരോപണങ്ങളി ല്‍ പൊലീസ് മേധാവിയെ കൂടി പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഒഴികെ യുള്ള മൂന്ന് ഡിജിപിമാരിലാരെങ്കിലും ഒരാളുടെ നേതൃത്വത്തിലുള്ള സംഘമായിരി ക്കും ആരോപണങ്ങള്‍ അന്വേഷിക്കുക.
അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയാല്‍ പകരം ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇൻ്റലിജന്‍സ് മേധാവി മനോജ് എബ്രഹാം എന്നിവരിലൊരാളെ ആ സ്ഥാനത്തേക്കു നിയമിക്കും.