ഓണ വിഭവങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരട്ടെ വിചിത്ര ഓണ മെസ്സേജ് അയച്ച് സ്കൂള്‍ അതികൃതര്‍, ഓരോ വിഭവവും ആറ് പേര്‍ക്ക് കഴിക്കാവുന്ന അളവില്‍ കൊടുത്ത് വിടണം. ഇലയില്‍ പൊതിഞ്ഞ ചോറിനൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും കൊടുത്തുവിടണം.


പ്രളയവും കോവിഡും വില്ലനായി നിന്ന കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമാണ് ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാനത്ത് മാറ്റ് കുറഞ്ഞത്. ഇക്കൊല്ലം ഓണം സമൃദ്ധമായി ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളി.സ്‌കൂളുകളും കോളേജുകളുമുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ ഓണക്കാലത്ത് സദ്യയൊരുക്കലും ഓണപരിപാടികള്‍ സംഘടിപ്പിക്കുന്നതും സര്‍വ്വസാധാരണമാണ്. ഓണാഘോഷത്തിന് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സദ്യയൊരുക്കുന്നത് അല്‍പം ചെലവേറിയ പണിയാണ്. പ്രത്യേകിച്ചും അവശ്യസാധനങ്ങള്‍ക്ക് വില റോക്കറ്റ് വേഗം കൈവരിക്കുമ്പോള്‍!

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമെന്നോണമായിരിക്കണം, കൊച്ചി യിലെ ഒരു സ്വകാര്യ സ്‌കൂള്‍, ഓണ വിഭവങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന തീരുമാനത്തിലെത്തിയത്. സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ കുട്ടികളുടെ പക്കല്‍ കൊടുത്ത് വിടണമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അറിയിപ്പായി സ്‌കൂള്‍ അധികൃതര്‍ അയച്ച മെസേജിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്; ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി കുട്ടികളുടെ പക്കല്‍ വിഭവങ്ങള്‍ കൊടുത്തു വിടണം. ഓരോ വിഭവവും ആറ് പേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് കൊടുത്ത് വിടേണ്ടത്. ആവശ്യമായ ചോറ് ഇലയില്‍ പൊതിഞ്ഞ് കൊടുക്കേണ്ടതാണെന്നും സന്ദേശത്തില്‍ പറയുന്നു.

പായസം സ്‌കൂളില്‍ വെച്ച് ഉണ്ടാക്കി കൊടുക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് അതെങ്കിലും ആശ്വാസമാകുമെന്ന് കരുതുമ്പോഴാണ് മെസേജിലെ അടുത്ത വാചകങ്ങളും വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പായസം തയ്യാറാക്കുന്നതിനുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായുമടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

കൊച്ചിയിലെ സ്‌കൂളിന്റെ ‘ഓണസദ്യ മെസേജ്’ വൈറലായതോടെ സമാന രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സ്‌കൂളുകളില്‍ നിന്നുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.

അടുത്ത ദിവസം മുതല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാധനങ്ങളുടെ ലിസ്റ്റ് വരെ അയച്ചുകൊടുത്ത സ്‌കൂളുകളുമുണ്ട്. തേങ്ങ, വെളിച്ചെണ്ണ, സാമ്പാര്‍ പരിപ്പ്, നെയ്യ്, പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പപ്പടത്തെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ കാരണം തേടുകയാണ് സോഷ്യല്‍ മീഡിയ!


Read Previous

ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ

Read Next

ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »