സച്ചിന്മയീ… കവിത


മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതിയംബികേ
ഈ മൂന്നു ഭാവങ്ങളൊന്നു ചേർന്നുള്ളൊരു
സ്നേഹസ്വരൂപിണി ജഗദംബികേ!

പ്രണവാനന്ദപ്രദായിനിയംബികേ
ഇടനെഞ്ചിൽ ചേർക്കണേ കാത്യായനി
പരാശക്തിതന്നുഗ്രഭാവം നിറയുമാ സവിധേയണയുവാൻ വരമേകണേ !

നിറയുന്ന മൗനത്തെ ധന്യമാക്കൂ ദേവീ
കരളിൽ കവിതതൻ മധുരം തരൂ
സച്ചിന്മയീ ദേവീ ജഗന്മയീ,
ജഗദമ്മയും നീ മഹാശ്രുതിയേ!

സർവ്വാഭീഷ്ട വരപ്രസാദപ്പൊരുൾ
അമ്മേ മൂകാംബികേ ലോകനാഥേ
നിൻ കുജകുങ്കുമം നെറുകയിലണിയവേ നിറസന്ധ്യകൾ പോലും ദേവലോകം!

ആയുഷ്‌കർമ്മഫലങ്ങൾക്കനുഗ്രഹം
നൽകണേ കല്പവൃക്ഷാംബികാമ്മേ
ആനന്ദാമൃത വർഷിണിയമ്മ നീ
വാഗ്വിലാസിനീ മൂകാംബിക!

സ്നേഹസ്തന്യമൊഴുകുമെന്നമ്മതൻ
മാറിലെ മോക്ഷത്തിൻ സൗഗന്ധികം
അമൃതായലിവാ, യനുഗ്രഹവർഷമായ്
പ്രാണനിലൂർജ്ജം പകർന്നീടണേ !

സ്വർണ്ണവർണ്ണേ ദേവി പത്മാസനസ്ഥിതേ
വീണാപാണിനി ദേവി മനോഹരീ
സാഹിത്യവും ദേവസംഗീതവും നിന്റെ
കുചകുംഭമേകും സുകൃതമല്ലോ !

അമ്മേ മൂകാംബികേ കോലാപുരേശിനീ
രക്ഷകേ മോഹിനീ സ്നേഹരൂപേ
അഖിലലോകത്തിനും നാഥയല്ലൊ ദേവി
അന്നപൂർണ്ണേശ്വരീ കരുണാംബികേ !

അറിവായ്‌ വിളങ്ങണേ ജ്ഞാനാംബികേ ദേവി
നാവിൽ സരസ്വതിയായീടണേ
അമ്മയായെന്നെ നീ കാത്തു കൊള്ളേണമേ
സൗഭാഗ്യസമ്പത്സമൃദ്ധിയേകൂ!

സകലവേദങ്ങൾക്കും സർവ്വത്രകാരിണീ
ഹൃദയം കവരുന്ന തൂമന്ദഹാസിനീ
ഭുവനേശ്വരീ ദേവി ശ്രീകൃഷ്ണസോദരി
അഭയാംബികേ ദേവീ ലോകനാഥേ!

കന്യാകുമാരിയിൽ ബാലാംബികയും നീ
കല്ലേക്കുളങ്ങര ഹേമാംബികാ
കൊല്ലൂരിൽ വാഴുന്ന മൂകാംബികയമ്മ
സംഗീതസാഹിത്യ ദേവതയും!


Read Previous

ഭാരത് ജോഡോ യാത്ര; കർണാടകയിൽ നേതാക്കളെ നേരിൽ കണ്ട് സോണിയാ ഗാന്ധി

Read Next

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »