ഒരു വയസ് തികയാത്ത കുഞ്ഞുമായി കൊടുംചൂടില്‍ തെരുവില്‍, ലഹരിചതിയില്‍ തകര്‍ന്ന് പ്രവാസസ്വപ്നം, യുഎഇയില്‍ കനിവിന്റെ കരങ്ങള്‍ തേടി മലയാളി അമ്മയും കൈക്കുഞ്ഞും


ഷാര്‍ജ: വര്‍ണാഭമായ പ്രവാസ സ്വപ്നങ്ങളുമായി വിദേശത്തെത്തി ചതിക്കുഴിയില്‍പ്പെട്ട് ഒരു വയസ് തികയാത്ത കുഞ്ഞുമായി തെരുവില്‍ കഴിയേണ്ടി വന്ന ഇരുപത്തിരണ്ടുകാരിയായ മലയാളി യുവതിക്ക് പ്രത്യാശയുടെ കരം നീട്ടി സന്നദ്ധ സംഘടനകള്‍. സംരക്ഷണം നല്‍കിയിരുന്ന ആണ്‍സുഹൃത്ത് ലഹരിമരുന്ന് കേസില്‍പ്പെട്ട് കസ്റ്റഡിയിലായതിനെ ത്തുടർന്നാണ് യുവതിയും കുഞ്ഞും പൂര്‍ണമായും ഒറ്റപ്പെട്ടത്.


താമസിച്ചിരുന്ന ബെഡ് സ്‌പേസിന്റെ വാടക നല്‍കാന്‍ വഴിയില്ലാതെ വന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഇവര്‍, ഷാര്‍ജയിലെ കനത്ത ചൂടില്‍ പകലും രാത്രിയും പാര്‍ക്ക് ബെഞ്ചുകളിലാണ് അഭയം കണ്ടെ ത്തിയത്. കടുത്ത ചൂടില്‍ വാടിത്തളര്‍ന്ന കുഞ്ഞിന് തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ശേഖരിച്ച കുടിവെള്ള മാണ് ആശ്വാസമായത്. കൈയിലുണ്ടായിരുന്ന ചെറിയ തുകകൊണ്ട് കുഞ്ഞിന് അത്യാവശ്യ പാല്‍ ഭക്ഷണ ങ്ങളും വാങ്ങിയതോടെ ഈ യുവതി കഴിഞ്ഞ രണ്ട് ദിവസമായി പൂര്‍ണമായി പട്ടിണിയിലായിരുന്നു.


പ്ലസ് ടു പഠനത്തിന് ശേഷം ജര്‍മനിയിലേക്ക് പോകാന്‍ കൊച്ചിയില്‍ പഠിക്കുന്നതിനിടെയാണ് ഇവര്‍ സുഹൃ ത്തുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഖത്തറില്‍ ജോലി ചെയ്യുകയും 2024-ല്‍ സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തുകയുമായിരുന്നു. വെല്‍ഡിങ് ജോലിക്കാരനായിരുന്ന സുഹൃത്ത് ഷാര്‍ജയിലെ ത്തിയതോടെ ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങുകയും ഇതിനിടയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.


ഇക്കഴിഞ്ഞ മെയ് മാസം ലണ്ടനില്‍ നിന്നുവന്ന ഒരു കൊറിയര്‍ പാര്‍സല്‍ കൈപ്പറ്റിയതോടെയാണ് ഇവരുടെ ജീവിതം തകിടം മറിഞ്ഞത്. വൈകിട്ടോടെ ഷാര്‍ജ സിഐഡി ഉദ്യോഗസ്ഥര്‍ താമസസ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ പാര്‍സലില്‍ നിരോധിത ലഹരി മരുന്നായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിലാണ് യുവതി തിരിച്ചറിയുന്നത്. യുവാവ് ജയിലിലാവുകയും ഇരു കുടുംബങ്ങളും കൈയൊഴിയുകയും ചെയ്തതോടെയാണ് യുവതിയും കുഞ്ഞും പൂര്‍ണമായും അനാഥരായത്.


ലഹരി മാഫിയകള്‍ ഇത്തരം വ്യാജ കൊറിയറുകള്‍ വഴി നിരപരാധികളെ ചതിയില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ ഗള്‍ഫ് നാടുകളില്‍ വര്‍ധിച്ചുവരികയാണ്. ലഹരി കേസുകളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമായതിനാല്‍ തന്നെ വലിയ നിയമനടപടികളാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. സോഷ്യല്‍ മീഡിയ വഴിയും വാര്‍ത്തകള്‍ വഴിയും വിവരമറിഞ്ഞ ഇന്ത്യന്‍ എംബസിയും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും അടിയന്തരമായി ഇടപെട്ട് യുവതിക്കും കുഞ്ഞിനും തല്‍ക്കാലത്തേക്ക് സുരക്ഷിതമായ താമസ സൗകര്യവും ആഹാരവും ഉറപ്പാക്കിയിട്ടുണ്ട്. ഇരുവരെയും എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളും ഔദ്യോഗിക രേഖകള്‍ ശരിയാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്


Read Previous

പണിക്കരവീട്ടിൽ ഉമ്മറിന് കേളിയുടെ യാത്രയയപ്പ്

Read Next

എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »