പെൺകുഞ്ഞ് ജനിച്ചെന്ന് ഭർത്താവിനോട് പറയാൻ പേടി; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ


കൊൽക്കത്ത: നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. 22 കാരിയായ ബംഗാൾ സ്വദേശി ഝർണയാണ് അറസ്റ്റിലായത്‌. ഡിസംബർ അ‌ഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം . ജനിച്ച് ഒരു മണിക്കൂർ തികയുന്നതിന് മുൻപാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. തന്റെ സഹോദരിയുടെ വീട്ടിൽ വച്ചാണ് ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണെന്ന് മനസിലാക്കിയതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെങ്കിലും അയൽക്കാരന്റെ ടെറസിനു മുകളിലേക്ക് വന്നുവീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

അയൽക്കാരനായ വിനയ് റാവട്ട് രാവിലെ ടെറസിലേക്ക് കയറിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻതന്നെ ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്തെ വീടുകൾ തോറും പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരിൽ നിന്നുള്ള ശങ്കർ സെൻ തൊട്ടടുത്ത വീട്ടിൽ വാടകക്കാരനായി താമസിക്കുന്നുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരഭാര്യയായ ഝർണ ഒരു മാസമായി അവിടെയുണ്ടെന്നും അവർ ഗർഭിണിയാണെന്നും അയൽക്കാരൻ പറഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.

പൊലീസ് വീട്ടിലെത്തിയപ്പോൾ അവിടെ ഝർണയും സഹോദരി സവിതയുമാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പോയി പ്രസവിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണ് വീട്ടിൽ പ്രസവിച്ചതെന്നും ജനിച്ചപ്പോൾ ശ്വാസംതടസം പ്രകടിപ്പിച്ച കുഞ്ഞ് മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഇത് കള്ളമാണെന്ന് തെളിയുകയായിരുന്നു. വീഴ്ചയിലുണ്ടിയ മാരകമായ പരിക്കുകളാണ് കുഞ്ഞിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കുഞ്ഞിനെ ജീവനോടെ വലിച്ചെറിഞ്ഞതാണെന്ന് പ്രതി സമ്മതിച്ചത്. ആൺകുഞ്ഞിന് പകരം പെൺകുഞ്ഞ് ജനിച്ചതിലെ നീരസത്തെത്തുടർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഒന്നര വർഷം മുമ്പാണ് യുവതി ബിഹാറിലെ ദർഭംഗ സ്വദേശിയായ ബാദലിനെ വിവാഹം കഴിച്ചത്. പൊലീസ് പറയുന്നതനുസരിച്ച് യുവതി അഞ്ച് മാസം മുൻപ് ദർഭംഗയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ പരിശോധന നടത്തിയിരുന്നു. പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയതിനെ തുടർന്ന് ഗർഭഛിദ്രത്തിനായി ആശുപത്രിയിൽ പോയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡോക്‌ടർമാർ വിസമ്മതിച്ചു. തുടർന്ന് ഇതേ ആവശ്യവുമായി വീട്ടിലെ സ്‌ത്രീകളെ സമീപിക്കുകയായിരുന്നു. ഗർഭം നശിപ്പിക്കുന്നതിനായി അവർ നൽകിയ പച്ചമരുന്നുകളും യുവതി കഴിച്ചിരുന്നു.

ഒരുമാസം മുൻപ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് യുവതി സഹോദരിയുടെ വീട്ടിലെത്തിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോകാമെന്ന് സഹോദരി നിർബന്ധിച്ചെങ്കിലും ഝർണ തയ്യാറായില്ല. പെൺകുഞ്ഞാണ് ജനിച്ചതെന്ന വാർത്ത ഭർത്താവിനെ അറിയിക്കാനുള്ള ഭയം കാരണമാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചതെന്നും ഝർണ പൊലീസിനോട് പറഞ്ഞു.


Read Previous

തെറ്റ് ചെയ്യാത്തവർക്കും നീതി കിട്ടണ്ടേയെന്ന് വീണാ നായർ സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിറുത്താൻ കഴിയില്ല

Read Next

പ്രതിഷ്ഠിച്ചിരിക്കുന്നത് അന്യഗ്രഹജീവിയെ; രഹസ്യങ്ങൾക്ക് പിന്നിലെ സത്യം ഇവിടെ ദൈവങ്ങളല്ല ആരാധനാ മൂർത്തികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »