‘ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു’; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും


വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു കാരണമാകുന്നുവെന്ന ഹര്‍ജികളില്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് കമ്പനി. 5.5 ബില്യണ്‍ ഡോളര്‍ വരെ (ഏകദേശം 52,677 കോടി) നഷ്ടപരിഹാരമായി നല്‍കാമെന്ന് കമ്പനി അറിയച്ചു. ജോണ്‍സണ്‍ & ജോണ്‍സണിന്റെ പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനു കാരണമാകുന്നുവെന്നു കാണിച്ച് ആയിരക്കണക്കിനാളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ദീര്‍ഘകാലമായുള്ള നിയമപരമായ പ്രശ്ങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനായാണ് കമ്പനി ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ഏകദേശം 76,000 കേസുകള്‍ ഉള്‍പ്പെടുന്ന പരാതികളിന്മേലാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. അതേസമയം 95 ശതമാനം പരാതിക്കാരും സ്റ്റേറ്റ് അല്ലെങ്കില്‍ ഫെഡറല്‍ കോടതികളില്‍ അംഗീകരിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പ് അന്തിമമാകൂ.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത താണെന്ന് ജോണ്‍സണ്‍ & ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു. എന്നാല്‍ ഈ വിഷയം അവസാനിപ്പിക്കാനും ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒത്തുതീര്‍പ്പ് സഹായിക്കുമെന്നും എറിക് പറഞ്ഞു.2027-ഓടെ 300 കോടി ഡോളര്‍ നല്‍കുമെന്നും 2028-ല്‍ ബാക്കി നല്‍കുമെന്നുമാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ എത്രപേര്‍ ഈ ഒത്തുതീര്‍പ്പില്‍ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ച് തുക വര്‍ധിക്കാനും സാധ്യതയുണ്ട്. ജോണ്‍സണ്‍ & ജോണ്‍സണ്‍ 7 ബില്യണ്‍ ഡോളര്‍ വരെ നല്‍കേണ്ടി വരുമെന്ന് ഏകദേശം 2,500 കേസുകളിലെ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണിയായ ക്രിസ് സീഗര്‍ പറഞ്ഞു. നിയമപരമായ പോരാട്ടത്തില്‍ ജോണ്‍സണ്‍ & ജോണ്‍സണിന് തുടര്‍ച്ചയായി വിജയങ്ങള്‍ ലഭിച്ചതിനു ശേഷമാണ് ഈ ഒത്തുതീര്‍പ്പ്.

തങ്ങളുടെ ഉത്പന്നങ്ങള്‍ കാന്‍സറിനു കാരണമായിട്ടില്ലെന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ആവര്‍ത്തിച്ചുപറയുന്നത്. ടാല്‍കം പൗഡറുകള്‍ സുരക്ഷിതമാണെന്നും അതില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്‌ബെസ്റ്റോസ് ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. 2020-ല്‍ അമേരിക്കയിലും 2023-ഓടെ ആഗോളതലത്തിലും ടാല്‍ക്ക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വില്‍പ്പന കമ്പനി നിര്‍ത്തിവെക്കുകയും പൗഡറിന്റെ ചേരുവയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. 2020ല്‍ യുഎസും കാനഡയും കമ്പനിയുടെ ടാല്‍കം പൗഡറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.


Read Previous

ലഹരിക്കെതിരെ സൂംബ നൃത്തം, പിന്നിൽ വൻ കച്ചവടം; ഞെട്ടിപ്പിക്കുന്നതാണ് കീർത്തനയുടെ റൂട്ട് മാപ്പ്

Read Next

പിണറായിയെ വിമര്‍ശിക്കാന്‍ ഞങ്ങളെന്തിനാ പേടിക്കുന്നേ; അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്ന് ഇപി ജയരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »