തകഴിയുടെ കറുത്തമ്മ, ചന്തു മേനോന്റെ ഇന്ദുലേഖ; മലയാളത്തിലെ 27 വിഖ്യാത സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കാലിഫോര്‍ണിയയില്‍ പുനര്‍ജന്മം


കാലിഫോര്‍ണിയ: മലയാള സാഹിത്യ ലോകത്തും സിനിമയിലും എക്കാലത്തും നിറഞ്ഞു നിന്ന 27 സ്ത്രീ കഥാപാത്രങ്ങള്‍ അമേരിക്കയില്‍ പുനര്‍ജനിച്ചു.തകഴിയുടെ വിശ്വവിഖ്യാത നോവലായ ചെമ്മീനിലെ കറുത്തമ്മ, ഒ.ചന്തു മേനോന്റെ ഇന്ദുലേഖ, ജി.വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, മലയാറ്റൂര്‍ രാമകൃഷ്ണ പിള്ളയുടെ യക്ഷി എന്ന നോവലിലെ രാഗിണി തുടങ്ങിയ കഥാപാത്രങ്ങളാണ് കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ പ്രത്യക്ഷമായത്. മലയാളിയായ ഡോ. ചിനോയുടെ നേതൃത്വത്തിലായിരുന്നു കൗതുകവും ഗൃഹാതുരത്വവും നിറച്ച കലാ പ്രകടനങ്ങള്‍. ഷാലിമ സിദ്ദിഖാണ് ഈ ചിത്രങ്ങള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തിയത്.

അമേരിക്കന്‍ മലയാളികള്‍ വേഷമിട്ട ഈ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി 70 പേജുള്ള ഫോട്ടോ ബുക്ക് സാന്‍ഡിയാഗോ മലയാളി അസോസിയേഷന്‍(സന്മാ) പ്രകാശനം ചെയ്തു. കഥാപാത്രങ്ങളുടെ മേക്കോ വറില്‍ റാംപ് വാക്കും നടന്നു. പുസ്തകത്തിന്റെ വിറ്റുവരവ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

ഇതിനായി അമേരിക്കയിലെ കലാപ്രതിഭയുള്ള മലയാളി സ്ത്രീകളെ കണ്ടെത്തുകയായിരുന്നു ചിനോയുടെ ആദ്യ വെല്ലുവിളി. പിന്നീട് അവര്‍ക്കിണങ്ങുന്ന കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തു. അവരെ കഥാപാത്രങ്ങളാക്കി മാറ്റി ഫോട്ടോ ഷൂട്ട് നടത്തുകയും ആ ചിത്രങ്ങള്‍ കൊണ്ടൊരു ഫോട്ടോ ബുക്ക് തയ്യാറാക്കുകയുമായിരുന്നു സാന്‍ഡിയാഗോയിലെ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടറായ ചിനോയുടെ ലക്ഷ്യം.

ഈ ഉദ്യമത്തിന് ‘ത്രൂ ഹെര്‍ ഐസ്’ എന്നാണ് അദേഹം പേരിട്ടത്. ഇതില്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിലെ സുഭദ്ര എന്ന കഥാപാത്രത്തെ ചിനോ തന്നെ ആവിഷ്‌ക്കരിച്ചു. ഇതു മാത്രമാണ് സിനിമയില്‍ നിന്ന് നേരിട്ടെടുത്ത ഏക കഥാപാത്രം.

ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലും തിരുവനന്തപുരത്തും പഠിച്ച ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് സാഹിത്യത്തോടുള്ള താല്‍പര്യം ആരംഭിച്ചത്. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയപ്പോഴും സാഹിത്യത്തോടുള്ള അഭിനിവേശം മാറിയില്ല. അടൂര്‍ സ്വദേശിയായ ഡോ.ചിനോ ഭര്‍ത്താവ് എന്‍ജിനീയ റായ എല്‍വിസും മൂന്ന് മക്കള്‍ക്കുമൊപ്പം സാന്‍ഡിയാഗോയിലാണ് താമസം.

വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജാനുവായും സാറാമ്മയായും ഉണ്ണിയാര്‍ച്ചയായും മറ്റും രംഗത്തെത്തിയത്. മിനി പിള്ള,ദിവ്യ മോഹന്‍, പത്മജ പൊറ്റത്തില്‍, ടിന തോമസ്, ലക്ഷ്മി വിജയ ചന്ദ്രന്‍,ദീപ മേനോന്‍, ശ്രീലേഖ ഹരിദാസ്, രശ്മി ഭൂതലിംഗം, സുജ ജയന്‍, നീമ നായര്‍, വിധു.എം.നായര്‍, ബിന്ദു മേക്കോത്ത്, ഗൗരി അര്‍ജുന്‍, നസീഹ മച്ചിങ്ങല്‍, അഞ്ജു ശ്രീനിവാസന്‍, ജീവ എബ്രഹാം, ശ്രുതി സുകുമാരന്‍, റോഷ്‌നി രാമചന്ദ്രന്‍, റീന രാമചന്ദ്രന്‍, നിഷ ശിവശങ്കരന്‍, സ്മിജി സോണി, പൂര്‍ണിമ ഗോപകുമാര്‍, ചിന്നു സൂരജ്, ജെയിന്‍ ജേക്കബ്, സജിത സിദ്ധിഖ്, സാലു ജോണ്‍ എന്നിവരായിരുന്നു വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Read Previous

ട്രംപിന് തിരിച്ചടി: രാജ്യങ്ങള്‍ക്ക് നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല; നടപടി തടഞ്ഞ് യു.എസ് വ്യാപാര കോടതി

Read Next

റെഡ് അലര്‍ട്ട്; ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »