ഹംഗറിയിൽ വിക്ടർ ഓർബൻ യുഗം അവസാനിക്കുന്നു; 16 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റർ മഗ്യാറിൻ്റെ അട്ടിമറി വിജയം


ബുഡാപെസ്റ്റ്: യൂറോപ്യൻ രാഷ്ട്രീയത്തിലെ അതികായൻ വിക്ടർ ഓർബന് ഹംഗറിയിൽ അടിതെറ്റി. പതിനാറ് വർഷം നീണ്ട ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള തിസ പാർട്ടി ദേശീയ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന പദവിയിൽ നിന്നാണ് ഇതോടെ വിക്ടർ ഓർബൻ പടിയിറങ്ങുന്നത്.

77 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പീറ്റർ മഗ്യാറിന്റെ പാർട്ടി 53 ശതമാനം വോട്ടുകൾ നേടി ബഹുദൂരം മുന്നിലെത്തി. നിലവിലെ ഭരണകക്ഷിയായ ഫിഡെസ് പാർട്ടിക്ക് 38 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അഴിമതിക്കെതിരായും യൂറോപ്യൻ യൂണിയൻ മൂല്യങ്ങൾ വീണ്ടെടുക്കാനു മാണ് ഹംഗേറിയൻ ജനത വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

ഞായറാഴ്ച രാത്രി വൈകി ജനങ്ങളെ അഭിസംബോധന ചെയ്ത വിക്ടർ ഓർബൻ പരാജയം സമ്മതിച്ചു. “ഇതൊരു വേദനാജനകമായ ഫലമാണ്, വിജയിച്ച പാർട്ടിയെ ഞാൻ അഭിനന്ദിക്കുന്നു. ഇനി പ്രതി പക്ഷത്തിരുന്ന് രാജ്യത്തെ സേവിക്കും,” എന്ന് പറഞ്ഞു. പീറ്റർ മഗ്യാറിനെ ഫോണിൽ വിളിച്ച് അദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

അഴിമതി ആരോപണങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോടുള്ള മൃദുസമീപനം എന്നിവ ഓർബന് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷ കരുടെ വിലയിരുത്തൽ. ഓർബന്റെ പതനം ആഗോള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് വലതുപക്ഷ രാഷ്ട്രീയ ചേരിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഹംഗറിയിലെ രാഷ്ട്രീയ മാറ്റത്തെ യൂറോപ്യൻ നേതാക്കൾ ഹൃദയപൂർവം സ്വാഗതം ചെയ്തു. യൂറോപ്പിന്റെ ഹൃദയമിടിപ്പ് ഹംഗറിയിൽ ഇന്ന് ശക്തമായി കേൾക്കാം എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരും പുതിയ ഭരണകൂടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.


Read Previous

താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിയോട് ഒട്ടി നിന്നു; പിന്നീട് ബിജെപിയെ കുരിശില്‍ തറച്ചു’; ക്രൈസ്തവ സഭകള്‍ക്കെതിരെ ആര്‍.എസ്.എസ് മുഖപത്രം

Read Next

എസ്‌ഐആറില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് ഇല്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »