‘ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ല, മുന്‍പ് അവതരിപ്പിച്ച പല ധവളപത്രങ്ങളും പൊളിറ്റിക്കല്‍ ഡോക്യുമെന്റ്’; വിചിത്രവാദമെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രത്തെ ചൊല്ലി ഭരണ- പ്രതിപക്ഷ വാക്‌പോര്. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ മറുപടി നല്‍കി. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകള്‍. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്‍, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുറത്ത് നിന്നുള്ളവരെ ധവളപത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല എന്നാണ് കെ എന്‍ ബാലഗോപാല്‍ വാദിച്ചത്. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു.

ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കാബിനറ്റിന്റെ അനുമതിയോടെയാണ് ഇത് തയ്യാറാക്കിയത്. കാബിനറ്റിന്റെ അംഗീകാരം ഇതിന് ഉണ്ട്. പബ്ലിക് ഡൊമെയ്‌നില്‍ ഉള്ള ഡോക്യുമെന്റ് ആണ് ഇത്. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ കുറിച്ചുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ട് ആണ് ഇത്.ജനങ്ങള്‍ ഇത് അറിയണം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം ജനങ്ങള്‍ അറിയണം. സാധാരണക്കാരായ ആളുകള്‍ അറിയണം. പബ്ലിക് ഡൊമെയ്‌നിലുള്ള എല്ലാ ഡോക്യുമെന്റുകളും വിശകലനം ചെയ്തിരിക്കുകയാണ്. വിദഗ്ധരുടെ മൂന്ന് പേരുടെ സഹായം തേടി. ധനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ അറിയാം എന്ന് വിചാരിക്കരുത്. നമ്മള്‍ എല്ലാത്തിനെയും കുറിച്ച് അറിവുള്ള ആളുകള്‍ അല്ല. ലോകത്ത് എല്ലായിടത്തും മാറ്റങ്ങള്‍ ഉണ്ടാവുകയാണ്. പുതുയുഗ കേരളം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. അഭിമാനത്തോടെ പറയുന്നു. ഇതിന് മുന്‍പ് വെച്ചിട്ടുള്ള പല ധവളപത്രങ്ങളും പൊളിറ്റിക്കല്‍ ഡോക്യുമെന്റുകള്‍ ആയിരുന്നു. ഇത് പൊളിറ്റിക്കല്‍ ഡോക്യുമെന്റ് അല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടാണ്. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഏറ്റവും പ്രയോജനം ചെയ്യുന്ന അടിസ്ഥാന ഡോക്യുമെന്റ് ആണ്. കെട്ടിപ്പൊക്കിയ മിഥ്യങ്ങള്‍ ഒന്നും ശരിയല്ല. ചട്ട ലംഘനം നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് വിചിത്രമായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മറുപടി പറഞ്ഞു. ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്താന്‍ പാടില്ല. ഇതിന് മുന്‍പുള്ള എല്ലാ സര്‍ക്കാരുകളും പുറത്തിറക്കിയ ധവളപത്രങ്ങള്‍ ധനകാര്യവകുപ്പ് ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ധനകാര്യവകുപ്പ് അല്ല തയ്യാറാക്കിയത്. അപ്പോള്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ധനകാര്യ വകുപ്പ് തയ്യാറാക്കിയ ധവളപത്രങ്ങളെല്ലാം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആണ് എന്ന് പറഞ്ഞത് വിചിത്രവാദമായി പോയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇതാണ് പൊളിറ്റിക്കല്‍ ഡോക്യുമെന്റ്. ഇത് അനുചിതമായി പോയി. വിദഗ്ധരുടെ അഭിപ്രായം തേടിയതില്‍ തെറ്റില്ല. ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യവകുപ്പ് ആയിരിക്കണം. വ്യതിയാനം ഉണ്ടായിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് നടത്തിയതാണ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. ആക്ഷേപം ഉന്നയിക്കുമ്പോള്‍ ഏത് ആക്ടാണ്, ഏത് നടപടിക്രമമാണ് ലംഘിച്ചത് എന്നുംകൂടി പറയണം. അതിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് ഇത് വായിച്ചു നോക്കിയിട്ട് പോലുമില്ലല്ലോ. പിന്നെയെങ്ങനെയാണ് ഇതിനെ പൊളിറ്റിക്കല്‍ ഡോക്യൂമെന്റ് എന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് മുന്‍വിധിയോടെയാണ് പറയുന്നത്. നിങ്ങള്‍ പിന്തുടര്‍ന്ന നയം പിന്തുടരാനല്ല തങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ആ നയങ്ങള്‍ക്ക് മാറ്റം ഉണ്ടാവണം. സമീപനങ്ങള്‍ക്ക് മാറ്റം ഉണ്ടാവണമെന്നും വി ഡി സതീശന്‍ പറഞ്ഞു.


Read Previous

എഴുത്തുകാരൻ ജോസഫ് അതിരുങ്കലുമായി സംവദിക്കാൻ അവസരം; ‘എഴുത്തുകാരും പുസ്തകങ്ങളും’ പരമ്പര ഇന്ന് റിയാദല്‍

Read Next

മമത പക്ഷം നേതാക്കളെ വിടാതെ കേന്ദ്ര ഏജന്‍സികള്‍; ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്, അഭിഷേക് ബാനര്‍ജിക്ക് നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »