അമൃത്സറില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങള്‍; മുറിവുണങ്ങാതെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം


അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്‌സറില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷിക ദിവസവും ഭിന്ദ്രന്‍വാലെയുടെ ചരമവാര്‍ഷികവും ആചരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ വീണ്ടും ഖലിസ്ഥാന്‍ വിഷയം ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്.

സിഖ് മതത്തിന്റെ പരമോന്നത മതാധികാര കേന്ദ്രങ്ങളിലൊന്നായ അകാല് തഖ്ത് പരിസരത്ത് ഒത്തുകൂടിയ ഒരു വിഭാഗം ആളുകളാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷിക ദിവസങ്ങളില്‍ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. അമൃത്സറിലെ സുവര്‍ണക്ഷേത്ര പരിസരത്ത് ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങളുയരുകയും മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തിരുന്നു.

ഇത്തവണത്തെ വാര്‍ഷികാചരണങ്ങള്‍ക്കു മുന്നോടിയായി അമൃത്സറിലും സുവര്‍ണക്ഷേത്ര പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസ്, രഹസ്യാന്വേഷണ ഏജന്‍സികള്‍, മറ്റ് സുരക്ഷാസേനകള്‍ എന്നിവ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

സംഭവം പഞ്ചാബിലെ മതരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇപ്പോഴും സങ്കീര്‍ണമാണെന്നും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ ചരിത്രപരമായ പ്രത്യാഘാതങ്ങള്‍ നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുകയാണെന്നും സൂചിപ്പിക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സിഖുകാര്‍ക്ക് സ്വതന്ത്രമായൊരു രാഷ്ട്രം രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്ന പ്രസ്ഥാനമാണ് ഖലിസ്ഥാന്‍.

നിലവില്‍ ഇന്ത്യയില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിനു ജനപിന്തുണ കുറവാണെങ്കിലും വിദേശരാജ്യങ്ങളിലെ സിഖ് സംഘടനകള്‍ ഇപ്പോഴും ഇതേ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. പഞ്ചാബില്‍ ഇടക്കിടെ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത് കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

1980കളില്‍ പഞ്ചാബിലെ സിഖ് തീവ്രവാദ പ്രസ്ഥാനത്തിന്റെ പ്രധാനമുഖങ്ങളിലൊരാളായിരുന്നു ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെ. 1984 ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ ഭിന്ദ്രന്‍വാലെ കൊല്ലപ്പെട്ടു. വീരമൃത്യുവരിച്ച സിഖുകാരനായും തീവ്രവാദ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രേരകശക്തിയായും ഭിന്ദ്രന്‍വാലെ കണക്കാക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേരും പാരമ്പര്യവും രാജ്യത്ത് ഇന്നും മത – രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ്.


Read Previous

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍: ഹോര്‍മുസില്‍ ഇറാന്‍ ഡ്രോണുകള്‍ തകര്‍ത്ത് യു.എസ്; കുവൈറ്റിലും ബഹ്‌റിനിലും മിസൈല്‍ ആക്രമണം

Read Next

ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »