അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് ബംഗാൾ സർക്കാർ; 4800 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായി മുഖ്യമന്ത്രി


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷ ശക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചയക്കാനും തുടങ്ങിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനകം നാടുകടത്തിയെന്നും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമ്മാണത്തിനായി ബി.എസ്.എഫിന് സർക്കാർ കൈമാറി. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു.

മുൻ സർക്കാരുകളുടെ കാലത്ത് അനധികൃതമായി എത്തിയവരെ ജയിലിൽ അടയ്ക്കുകയോ സർക്കാർ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ നിയമപരമായ നടപടികളിലൂടെ ബംഗ്ലാദേശ്, രോഹിങ്ക്യൻ കരിഞ്ചന്തക്കാരെയും അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി ബി.എസ്.എഫിന് കൈമാറുകയാണ് ചെയ്യുന്നത്. ബി.ജെ.പി നിലപാടനുസരിച്ച് ബംഗ്ലാദേശിൽ നിന്ന് മതപരമായ പീഡനങ്ങൾ നേരിട്ട് എത്തിയ ഹിന്ദുക്കൾക്ക് സി.എ.എ വഴി പൗരത്വം നൽകും, മറ്റുള്ളവരെ നാടുകടത്തും. തൃണമൂൽ സർക്കാരിന്റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കും. ഓഗസ്റ്റ് 12 മുതൽ 15 വരെ സർവേയും, ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെ യഥാർത്ഥ വിവരശേഖരണവും നടക്കും. ഫെബ്രുവരി അവസാനത്തോടെ സെൻസസ് പൂർത്തിയാക്കി മണ്ഡല പുനർനിർണ്ണയം നടത്തും.

മുൻ സർക്കാരിന്റെ ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക പരിശോധിച്ചപ്പോൾ വൻ ക്രമക്കേട് കണ്ടെത്തി. വോട്ടർപട്ടികയിൽ ഇല്ലാത്ത 27 ലക്ഷം പേരും, സ്ത്രീകൾക്ക് മാത്രമുള്ള ഈ പദ്ധതിയിൽ 3 ലക്ഷത്തോളം പുരുഷന്മാരും ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ടിഎംസി ഭരണകാലത്ത് രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട 315 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ഈ മാസം തന്നെ സർക്കാർ ജോലിയും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


Read Previous

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

Read Next

വ്യാജ രേഖകളുമായി 10 വർഷം താമസം; കൊല്ലത്ത് ബംഗ്ലാദേശി ദമ്പതികൾ പിടിയിൽ!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »