ജീവന്റെ തുള്ളി, പ്രവാസത്തിന്റെ സ്നേഹം’; ഒഐസിസി റിയാദ് ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന് സുമൈസി ആശുപത്രിയിൽ; പ്രത്യേക സൗകര്യം ഒരുക്കി സെൻട്രൽ ബ്ലഡ് ബാങ്ക്, രക്തദാനത്തിനെത്തുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി സംഗീതവും


റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പ്, റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

‘ജീവൻ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യം’ എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പിൽ 1500-ലധികം ആളുകളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒഐസിസിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സംഘടനകൾ, മുഖ്യധാരാ കൂട്ടായ്മകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ രക്തദാനത്തിന് സന്നദ്ധരായവരുടെ രജിസ്ട്രേഷൻ ഇതിനകം തന്നെ ആരംഭിച്ചതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനകൾ, ലഘു ഭക്ഷണ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ക്യാമ്പിൽ രക്തദാനം നടത്തുന്ന എല്ലാവർക്കും ഒഐസിസിയുടെയും സൗദി മിനിസ്ട്രി ഓഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത സർട്ടിഫിക്കറ്റ് നൽകും. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന രക്തദാതാക്കൾക്കായി വിപുലമായ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ആവശ്യമായി വരുന്നവർ ബന്ധപ്പെട്ട ഭാരവാഹികളു മായി മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്. വഹനങ്ങളു മായെത്തുന്നവർക്കായി സുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പർ 15-നു സമീപം പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്തദാനത്തിനെത്തു ന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി വിവിധ കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി അരങ്ങേറും.

രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും, റിയാദിലെ പൊതുസമൂഹത്തിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഈ ക്യാമ്പിനുണ്ടാകണമെന്നും ഒഐസിസി ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, പ്രോഗ്രാം ചെയർമാൻ ഷിഹാബ് കൊട്ടുകാട്, ജനറൽ കൺവീനർ മാത്യു ജോസഫ്, കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, ഒഐസിസി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ട്രഷറർ സന്തോഷ് വിളയിൽ എന്നിവർ പങ്കെടുത്തു


Read Previous

മാസപ്പടി കേസിലെ ഇഡി സമൻസ്; വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ്

Read Next

ഉറങ്ങിക്കിടന്നവർക്ക് മേൽ പാക് വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ 11 കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »