‘പാര്‍ലമെന്ററി മോഹം വര്‍ധിച്ചു; പലരും മറുകണ്ടം ചാടി’; തെറ്റുതിരുത്തല്‍ രേഖയ്ക്ക് പിബി അംഗീകാരം; തിരിച്ചുവരാന്‍ സിപിഎം


ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് തോല്‍വികളിലെ തെറ്റ് തിരുത്തല്‍ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. ചിലര്‍ക്ക് പാര്‍ലമെന്ററി മോഹം വര്‍ധിച്ചതായും പലരും മറുകണ്ടം ചാടിയതായും ജി സുധാകരനും ടി കെ ഗോവിന്ദനും അടക്കം ഇതിന്റെ ഉദാഹരണമാണെന്നും തെറ്റ് തിരുത്തല്‍ രേഖയില്‍ പറയുന്നു.

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമാണെന്ന് നേരത്തെ പിബി വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന്, കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചര്‍ച്ച ജൂലൈ 11 മുതല്‍ മൂന്നു ദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബി കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിബി അംഗീകരിച്ച ഈ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ സ്ഥിതിവിശേഷവും പിബി ചര്‍ച്ച ചെയ്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ബംഗാളില്‍ സിപിഎം പ്ലീനം വിളിച്ചുചേര്‍ക്കും.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളും കേരളത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പിബിയുടെ ഒരു വിലയിരുത്തല്‍. തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. പലതരത്തിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം പരിഹാരം കണ്ടെത്തണം എന്നാണ് പിബി നിര്‍ദേശം.


Read Previous

മുഖ്യമന്ത്രി ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

Read Next

“ഭൂമിയിലെ മാലാഖമാർക്ക് അംഗീകാരം: പ്രവാസലോകത്ത് കരുണയുടെ കൈതാങ്ങായ ആറു നഴ്‌സുമാർക്ക് ജി എം എഫ് മദർ തെരേസ പുരസ്കാരം”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »