പ്രധാനമന്ത്രിയുടേത് വെറും ‘തൈലം പുരട്ടല്‍’; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് സിജെപി; മെട്രോ സ്‌റ്റേഷന്‍ അടച്ചതിനെതിരെ ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തള്ളി ജന്തര്‍ മന്തിറില്‍ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി. പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തമെന്നും, ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിട്ടുപോകില്ലെന്നും സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ സമരം തുടങ്ങി ഒന്നര മാസത്തിനു ശേഷമെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും അശുതോഷ് അഭിപ്രായപ്പെട്ടു.

ഒന്നര മാസത്തെ യുവജന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രധാനമന്ത്രി ഇക്കാര്യം ശ്രദ്ധിച്ചത്. ഒരുപക്ഷേ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി ഇന്ത്യയില്‍ തിരിച്ചെത്തിയതു കൊണ്ടാകാം. എന്തായാലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു എന്നത് നല്ല കാര്യം. പക്ഷെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലെ പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. അശുതോഷ് രങ്ക പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ശേഷം എന്ത് ശിക്ഷ നല്‍കിയാലും, അത് ചോര്‍ച്ചയെന്ന പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. അതിനാണ് മറുപടി ലഭിക്കേണ്ടത്. ശിക്ഷ നല്‍കുക എന്നത് പരിക്കിന് മരുന്നു പുരട്ടുന്നതു പോലെയാണ്, പരിക്കുണ്ടാകാതെ തടയുക എന്നതാണ് പ്രധാനം. സിസ്റ്റം നടത്തുന്നവര്‍ ഉത്തരവാദിത്തമോ കഴിവോ ഇല്ലാത്തവരായതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അശുതോഷ് രങ്ക കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ എക്‌സ് കുറിപ്പിലെ ‘നത്തിങ്’ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണെന്ന് പരിഹസിച്ചുകൊണ്ടാണ് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ പ്രതികരണം. ധര്‍മ്മേന്ദ്ര പ്രധാന്റെ ചിത്രത്തില്‍ ഹായ്, എന്റെ പേര് നത്തിങ് എന്നാണ് ദീപ്‌കെ എക്‌സില്‍ കുറിച്ചത്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.

അതിനിടെ, സിജെപി സമരത്തെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ട നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി. പ്രക്ഷോഭത്തെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി, സുപ്രീംകോടതി മെട്രോ സ്‌റ്റേഷന്‍ ഉള്‍പ്പെടെ, ഡല്‍ഹിയിലെ 16 ഓളം മെട്രോ സ്‌റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് ചൂഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിച്ചു.

മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിരിക്കുന്നത് അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൃത്യസമയത്ത് എത്തുന്നതിന് തടസ്സമാകുന്നുവെന്നാണ് വികാസ് സിങ് അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം മെട്രോ സ്‌റ്റേഷന്‍ തുറന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. സമരത്തിന് യുവാക്കള്‍ എത്തുന്നത് തടയുക ലക്ഷ്യമിട്ടാണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും, അധികൃതര്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളത്.


Read Previous

‘ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവത്രേ, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പികെ ശ്രീമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »