എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ? പ്രതീക്ഷയോടെ രാജ്യം


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.70 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 91.12 എന്ന നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്.

അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ തന്നെ സമാധാന കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനും ഒരു പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ ജലപാത, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയാന്‍ കാരണമായി. വെടിനിര്‍ത്തല്‍ നീട്ടുമെന്ന സൂചന നല്‍കുന്നതായിരുന്നു കുറിപ്പ്. ‘ഇറാന്‍ തങ്ങള്‍ ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിര്‍മ്മിക്കില്ലെന്ന് സമ്മതിക്കണം. ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ, ഇരുവശങ്ങളിലേക്കുമുള്ള കപ്പല്‍ ഗതാഗതത്തിനായി ഉടനടി തുറന്നുനല്‍കണം, യാത്രാ നികുതികള്‍ ഈടാക്കാനും പാടില്ല. കടലില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും നീക്കം ചെയ്യണം.’- സമാധാന കരാര്‍ നിലവില്‍ വരുന്നതിന് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണിവ.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നാലുതവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് മാത്രം ഏകദേശം എട്ടുരൂപയാണ് വര്‍ധിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞ സ്ഥിതിക്ക് ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ തയ്യാറാകുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.


Read Previous

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം

Read Next

റിയാദിൽ ഭക്തിസാന്ദ്രമായി ‘അറഫാ ദിന ആത്മീയ സദസ്സ്’; പ്രവാസി ലോകത്തെ ഒന്നടങ്കം സാക്ഷിയാക്കി ഐ.സി.എഫിന്റെ ഇഫ്താർ വിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »