കലയും സാഹിത്യവും രാഷ്ട്രീയവും ചർച്ച ചെയ്ത് റിയാദ് ‘ചില്ല’യുടെ മെയ് മാസ വായന


റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തമായ ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ മുൻനിർത്തി റിയാദിലെ സാംസ്കാരിക കൂട്ടായ്മയായ ‘ചില്ല’യുടെ മെയ് മാസ വായന സംഘടിപ്പിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും പൗരത്വ പ്രതിസന്ധികളെയും വിപ്ലവ ചിന്തകളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന മൂന്ന് പ്രമുഖ കൃതികളുടെ വായനാനുഭവങ്ങളാണ് സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടത്.

മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച “ദി ഫീനിക്സ് മൊമെന്റ് : ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്” എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ജോമോൻ സ്റ്റീഫൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന തിരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതകളും പുസ്തകം കൃത്യമായി വരച്ചുകാട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ ഇടതുപക്ഷം അപ്രസക്തമായിട്ടില്ല. വർഗ്ഗപരമായ നിലപാടുകൾക്കൊപ്പം ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ട് മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇനി മുന്നേറാൻ സാധിക്കൂ എന്ന് പുസ്തകം സമർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കെ.ആർ മീരയുടെ ശ്രദ്ധേയമായ “കലാച്ചി” എന്ന നോവലിന്റെ വിവിധ വായനാതലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ അവതരിപ്പിച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി മാറ്റിക്കൊണ്ട് മനുഷ്യജീവിതത്തിന്റെ സാമൂഹ്യ വശങ്ങളെയാണ് നോവൽ അഭിസംബോധന ചെയ്യുന്നത്. ഒന്നുറങ്ങി ഉണരുമ്പോൾ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ ഭീതിയും, ജനാധിപത്യ രാജ്യത്ത് മതവും രാഷ്ട്രീയവും കലർന്ന് ദേശീയതയും പൗരത്വവും നിർണ്ണയിക്കുന്ന ഭീകരമായ അവസ്ഥയും നോവൽ എങ്ങനെ ചർച്ച ചെയ്യുന്നുവെന്ന് വിപിൻ വിശദീകരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമ്മയായ ധീരവിപ്ലവകാരി ഭഗത് സിംഗ് രചിച്ച “യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്” എന്ന കൃതിയുടെ വായനാനുഭവം സതീഷ് കുമാർ വളവിൽ പങ്കുവെച്ചു. ഒരു വിപ്ലവ പാർട്ടിയുടെ ഘടന, പരിപാടി, ലക്ഷ്യങ്ങൾ, യുവാക്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ഭഗത് സിംഗിന്റെ പ്രസക്തമായ ചിന്തകൾ അദ്ദേഹം സദസിനു മുന്നിൽ വായിച്ചു.

തുടർന്ന് നടന്ന സജീവമായ ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.


Read Previous

റിയാദിൽ ഭക്തിസാന്ദ്രമായി ‘അറഫാ ദിന ആത്മീയ സദസ്സ്’; പ്രവാസി ലോകത്തെ ഒന്നടങ്കം സാക്ഷിയാക്കി ഐ.സി.എഫിന്റെ ഇഫ്താർ വിരുന്ന്.

Read Next

എക്‌സാലോജിക് കേസിൽ സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഹർജി കോടതി തള്ളി!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »