
കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. വിമാനം നേരെ കൊച്ചിയിലാണ് ആദ്യം ഇറങ്ങുക. തുടര്‍ന്നായിരിക്കും ഡല്‍ഹിയിലേക്ക് പുറപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളില്‍ എത്തിക്കാന്‍ നോര്‍ക്ക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര് മലയാളികളാണ്.
45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയെന്നാണ് വിവരം. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയില്‍ സ്ഥിര താമസക്കാരനാണ്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ വീടുകളിലേക്കെത്തിക്കാന്‍ ആംബുലന്‍സുകള്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.
1. രഞ്ജിത്ത് (34) കാസര്‍കോട് ചെര്‍ക്കള
2. കേളു പൊന്മലേരി (58) കാസര്‍കോട് തൃക്കരിപ്പൂര്‍ എളബച്ചി
3. നിതിന്‍ കുത്തൂര്‍ – കണ്ണൂര്‍ പയ്യന്നൂര്‍
4. വിശ്വാസ് കൃഷ്ണന് – കണ്ണൂര്‍ ധര്‍മടം
5. അനീഷ് കുമാര്‍ – കണ്ണൂര്‍
6. എം.പി. ബാഹുലേയന് (36) -മലപ്പുറം പുലാമന്തോള്‍
7. കോതപറമ്പ് കുപ്പന്റെപുരയ്ക്കല്‍ നൂഹ് (40) മലപ്പുറം തിരൂര്‍ കൂട്ടായി
8. ബിനോയ് തോമസ് (44) തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍
9. സ്റ്റെഫിന് എബ്രഹാം സാബു (29) കോട്ടയം പാമ്പാടി
10. ഷിബു വര്‍ഗീസ് (38) കോട്ടയം പായിപ്പാട്
11. ശ്രീഹരി പ്രദീപ് (27) കോട്ടയം ചങ്ങനാശ്ശേരി
12. ആകാശ് ശശിധരന് നായര്‍ (31) പത്തനംതിട്ട പന്തളം
13. മാത്യു തോമസ് (54) പത്തനംതിട്ട നിരണം (താമസം ആലപ്പുഴ പണ്ടനാട് )
14. സിബിന് ടി. എബ്രഹാം (31) പത്തനംതിട്ട കീഴ് വായ്പൂര് നെയ്വേലിപ്പടി
15. തോമസ് ഉമ്മന്‍ (37) പത്തനംതിട്ട തിരുവല്ല
16. പി.വി. മുരളീധരന് (68) പത്തനംതിട്ട വള്ളിക്കോട്
17. സജു വര്‍ഗീസ് (56) പത്തനംതിട്ട കോന്നി
18. ലൂക്കോസ് (സാബു 48) കൊല്ലം വെളിച്ചിക്കാല
19. ഷമീര്‍ ഉമറുദ്ദീന്‍ (30) കൊല്ലം ശൂരനാട്
20. സാജന് ജോര്‍ജ് (29) കൊല്ലം പുനലൂര്‍
21. സുരേഷ് എസ്. പിള്ള – കൊല്ലം
22. അരുണ്‍ ബാബു – തിരുവനന്തപുരം നെടുമങ്ങാട്
23. ശ്രീജേഷ് തങ്കപ്പന് നായര്‍ – തിരുവനന്തപുരം
24. ഡെന്നി ബേബി (33) -കൊല്ലം (മുംബൈ)