വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു


തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ഒരു ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള വന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ‘കേരള ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ എന്ന പേരില്‍ ഒരു പ്രത്യേക ഏജന്‍സി രൂപീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. പ്രത്യേക ഫണ്ടിന്റെ പിന്തുണയോടെ രൂപീകരിക്കുന്ന ഈ മിഷന്‍, കേരളത്തിലെ ക്യാംപസുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ‘ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു.

ഉന്നതപഠനത്തിനായി വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോകുന്ന പ്രവണത ഘട്ടംഘട്ടമായി മാറ്റിയെടുക്കുക കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിദ്യാഭ്യാസ ഹബ്ബ് എന്ന നിലയില്‍ കേരളത്തിന്റെ ഖ്യാതി വളരുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ നമ്മുടെ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങുകയും ചെയ്യും. ഇതുവഴി കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള കുടിയേറ്റമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറയുന്നു.

2024ല്‍ പുറത്തുവിട്ട കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം സംസ്ഥാനത്ത് നിന്ന് 2.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദേശത്തും 2.15 ലക്ഷം വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉന്നതപഠനം നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഒഴുക്ക് തടയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉപദേശക സമിതിയായ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനായിരിക്കും മിഷന്റെ മേല്‍നോട്ട ചുമതല. പദ്ധതിക്ക് കീഴില്‍, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുനിന്നുമുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീതം കേരളത്തില്‍ ഉന്നതപഠനം നടത്തുന്നതിനായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഇവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനും കൗണ്‍സില്‍ പദ്ധതിയിടുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണം ശക്തമാക്കുന്നതിനായി, വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരായ മുതിര്‍ന്ന പ്രൊഫസര്‍മാരെയും ഗവേഷകരെയും പത്തോളം രാജ്യങ്ങളില്‍ കേരളത്തിന്റെ ‘അക്കാദമിക് അംബാസഡര്‍മാരായി’ നിശ്ചയിക്കും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദേശത്ത് പരിചയപ്പെടുത്താനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും ഇവര്‍ പ്രവര്‍ത്തിക്കും.

ഈ സംരംഭം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ളതാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അച്യുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. ക്യാംപസുകളില്‍ വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എത്തുന്നത് ആശയവിനിമയ ശേഷി, ക്ലാസ്‌റൂം ഇടപെടലുകള്‍, മൊത്തത്തിലുള്ള അക്കാദമിക അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉയര്‍ന്ന അക്കാദമിക നിലവാരവും ആഗോള തലത്തിലുള്ള ബോധനരീതികളും സ്വീകരിക്കാന്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാലയില്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമസ്റ്റര്‍ നീളുന്ന ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം വിജയകരമായി നടപ്പാക്കിയ തന്റെ അനുഭവം അച്യുത്ശങ്കര്‍ പങ്കുവച്ചു. അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ സാധ്യമാണെന്നതിന് മികച്ച ഉദാഹരണമാണിത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കുമൊപ്പം ഇത്തരം ഹ്രസ്വകാല ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

Read Next

കോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ; ജാമ്യവ്യവസ്ഥകൾ കാറ്റിൽപ്പറത്തി; കൂട്ടുപ്രതിക്കായും വലവീശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »