നല്ലതെന്ന് പറയാന്‍ ഒരു മന്ത്രി പോലുമില്ല, ഭക്ഷ്യമന്ത്രി നാടിന് നാണക്കേട്’: സിപിഐ യോഗത്തില്‍ രൂക്ഷവിമര്‍ശനം


കൊച്ചി: സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം ചേര്‍ന്ന ആദ്യ ജില്ലാ നേതൃയോഗത്തിലാണ് അംഗങ്ങള്‍ സിപിഐ ഭരിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നല്ലതെന്ന് പറയാന്‍ ഒരു മന്ത്രിമാര്‍ പോലുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശക്തമായ വിമര്‍ശനമുണ്ടായി.

ജനങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കേണ്ട ഭക്ഷ്യ സിവില്‍ സപ്ലൈസ്, റവന്യു വകുപ്പുകള്‍ അമ്പേ പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചതായി ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. സിവില്‍ സപ്ലൈസ് ഷോറൂമുകള്‍ കാലിയായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മന്ത്രി ജി ആര്‍ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണെന്ന് എക്‌സിക്യൂട്ടീവില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. തെറ്റു തിരുത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ധനവകുപ്പിനെക്കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. ധനവകുപ്പിന്റെ പിടിപ്പുകേടാണ് സിവില്‍ സപ്ലൈസിനെ തകര്‍ത്തതെങ്കിലും പ്രത്യക്ഷത്തില്‍ ഭക്ഷ്യ വകുപ്പിന്റെ വീഴ്ചയായാണ് ജനങ്ങള്‍ കണ്ടത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ കയറിയിറങ്ങി മടുത്ത ജനം എങ്ങനെ ഈ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അംഗങ്ങള്‍ ചോദിച്ചു. ഭരണം കൊണ്ട് പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.

എൽഡിഎഫ് കൺവീനർ ബിജെപി നേതാക്കളെ കണ്ടത് പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇടതുമുന്നണിയിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കണമെന്നും അഭിപ്രായമുയർന്നു. സിപിഐ അഭിപ്രായമില്ലാത്ത പാർട്ടിയായി മാറി. വെളിയം ഭാർഗവനും സി കെ ചന്ദ്രപ്പനും ഇരുന്ന കസേര ഇത്ര പെട്ടെന്ന് ദുർബലമായിപ്പോയല്ലോ എന്നും വിമർശനമുണ്ടായി. ന്യൂനപക്ഷ പ്രീണനം കൂടിയതോടെ പരമ്പരാഗതമായ ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും അം​ഗങ്ങൾ വിമർശിച്ചു.


Read Previous

നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

Read Next

കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം പന്ത്രണ്ടര ലക്ഷം രൂപ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തിരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »