കോന്നി : സംസ്ഥാന പാതയിൽ കലഞ്ഞൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും കാൽനട മേൽപ്പാലം നിർമ്മാണത്തിനായി 87 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഗവ.മോഡൽ സ്കൂളിന് മുന്നിലും മൈലപ്ര എസ്.എച്ച് സ്കൂൾ ജംഗ്ഷനിലും വാഹനാപകടങ്ങൾ പതിവാണ്. റോഡിലെ തിരക്ക് കാരണം കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനും പ്രയാസമുണ്ട്. ആധുനിക നിലവാരത്തിൽ സംസ്‌ഥാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം അപകടങ്ങളേറുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
കലഞ്ഞൂരിലെ മേൽപ്പാലം
പദ്ധതി ചെലവ് : 45 ലക്ഷം രൂപ
നീളം : 16.20 മീറ്റർ, ഉയരം : 5.7 മീറ്റർ, വീതി : 1.5 മീറ്റർ.
മൈലപ്രയിലെ മേൽപ്പാലം
പദ്ധതി ചെലവ് : 42 ലക്ഷം
നീളം : 14.20 മീറ്റർ, ഉയരം: 5.7 മീറ്റർ, വീതി :1.5 മീറ്റർ.
പാലം നിർമ്മാണത്തിനായി കെ.എസ്.ഇ.ബി യുടെ ഇലക്ട്രിക് പോസ്റ്റുകളും ലൈനും മാറ്റി സ്‌ഥാപിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല.
നിർമ്മാണപ്രവർത്തികൾ വേഗത്തിൽ തുടങ്ങാൻ നിർദ്ദേശം നൽകും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ