ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വീണ്ടും ലോകമെമ്പാടും പ്രതിഷേധങ്ങളുടെ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടാണ് തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ നടന്ന ഇരട്ട ബോംബാക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ വിവിധ ലോക നേതാക്കളാണ് വിഷയത്തിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഇരട്ട ബോംബാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
തെക്കൻ ഗാസയിലെ പ്രധാന ആശുപത്രിയാണ് നാസർ ഹോസ്പിറ്റൽ. കഴിഞ്ഞ ദിവസം ഇസ്രയേൽ ഈ ആശുപത്രിക്ക് നേരെ രണ്ട് തവണയാണ് ആക്രമണം നടത്തിയത്. ആദ്യ ആക്രമണത്തിന് ശേഷം, രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ 15 മിനിറ്റിനു ശേഷം അതേ സ്ഥലത്ത് രണ്ടാമതും ബോംബാക്രമണം നടത്തി. ഈ ആക്രമണത്തിൽ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടു, അതിൽ അഞ്ച് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ റോയിട്ടേഴ്‌സ് റിപ്പോർട്ടറായ ഹുസ്സാം അൽ-മസ്‌രി, അസ്സോസി യേറ്റഡ് പ്രസ്സിനായി ജോലി ചെയ്തിരുന്ന മറിയം അബു ദഗ്ഗ, അൽ-ജസീറയുടെ മുഹമ്മദ് സലാം, ഫോട്ടോ ജേണലിസ്റ്റ് മോസ് അബു താഹ, കൂടാതെ ഖുദ്‌സ് ഫീഡിന്റെ അഹ്‌മദ് അബു അസീസ് എന്നിവർ ഉൾപ്പെടുന്നു.

ഇസ്രയേൽ നടത്തിയ ഈ ആക്രമണത്തെ “ഇരട്ട-ആക്രമണം” (double tap strike) എന്ന് പലരും വിശേഷിപ്പിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി, ഈ ആക്രമണത്തിൽ തനിക്ക് ഭയം തോന്നിയെന്ന് എക്‌സിൽ കുറിച്ചു. സിവിലിയൻമാരെയും ആരോഗ്യപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സംരക്ഷിക്കണമെന്നും അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരി ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ആക്രമണത്തിൽ തനിക്ക് സന്തോഷമില്ലെന്നാണ് പ്രതികരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതിനെ “അസഹനീയം” എന്നും വിശേഷിപ്പിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ സംഭവം ഒരു “ദുരന്തപൂർണ്ണമായ അപകടം” എന്ന് വിശേഷിപ്പിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ആശുപത്രികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രയേൽ പലപ്പോഴും ആരോപിക്കാറുണ്ട്. എന്നാൽ, ഇസ്ര യേൽ സൈന്യം മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്ത മാക്കി. നാസർ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താൻ ചീഫ് ഓഫ് സ്റ്റാഫ് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രയേൽ സൈനികർക്കെതിരായ പല അന്വേഷണങ്ങളും പകുതിയിൽ വെച്ച് അവസാനിപ്പിക്കാറാണ് പതിവ്. 2022-ൽ കൊല്ലപ്പെട്ട അൽ-ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവും പൂർത്തിയായിട്ടില്ല.
കഴിഞ്ഞ 22 മാസത്തിനിടെ ഗാസയിൽ 193 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലോകമെമ്പാടും മരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ഇത്തരത്തിൽ ലക്ഷ്യം തെറ്റാതെയുള്ള ആക്രമണങ്ങൾ നടത്തി കൊലപ്പെടുത്തികൊണ്ട് കൂടിയാണ്, ഇസ്രയേൽ അന്താരാഷ്ട്ര മാധ്യമങ്ങളെ ഗാസയിൽ റിപ്പോർട്ടിംഗ് നടത്തുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്നത് എന്ന് പറയേണ്ടിവരും. തുടർച്ച യായ ടാർഗെറ്റ്ഡ് ആക്രമണങ്ങൾ പോലും അതാണ് സൂചിപ്പിക്കുന്നത്. സി.പി.ജെ.യുടെ പ്രാദേശിക ഡയറക്ടറായ സാറാ ഖുദ “മാധ്യമപ്രവർത്തകരെ ഇത്രയും വലിയ തോതിൽ കൊന്നൊടുക്കുന്നത് ലോകം കണ്ടുനിൽക്കുകയാണ്” എന്നാണ് പ്രതികരിച്ചത്.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിലൊരാളായ മറിയം അബു ദഗ്ഗ, മരണശേഷം തനിക്കുവേണ്ടി ആരും കരയരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് ജോലി ചെയ്യുന്ന നിരവധി മാധ്യമപ്രവർത്തകർ ഗാസയിലുണ്ട്. അവരെല്ലാം മരണത്തെ പ്രതീക്ഷിച്ചു കൊണ്ട് വിൽപത്രം പോലും എഴുതിവെച്ചു കൊണ്ടാണ് ജീവിക്കുന്നത്. കഴിഞ്ഞ 22 മാസമായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക്, ഗാസയിൽ റിപ്പോർട്ട് ചെയ്യാൻ ഇസ്രയേൽ അനുമതി നൽകിയിട്ടില്ല. അതിനാൽ, പലസ്തീൻ മാധ്യമപ്രവർത്തകർ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്നു. പട്ടിണിയും മരണഭയവും നേരിട്ടുകൊണ്ടാണ് ഇവർ മാധ്യമപ്രവർത്തനം നടത്തുന്നത്. ആക്രമണ ത്തെത്തുടർന്ന് നാസർ ആശുപത്രിയിലെ സർജറികൾ മുടങ്ങി. ഗാസയിലെ ആരോഗ്യസംവിധാനം തകർക്കാൻ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.
യുദ്ധം അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട്, മനുഷ്യന് ശ്വാസമെടുക്കാൻ പോലും അനുമതി നിഷേധിച്ചുകൊണ്ട് മുന്നേറുന്ന കാഴ്ചകളാണ് ഗാസയിൽ നിന്നും പുറത്ത് വരുന്നത്. യുദ്ധം റിപ്പോർട്ട് ചെയ്യുന്ന മധ്യപ്രവർത്തകരെ പോലും ഭീകരരെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്ന ഇസ്രയേൽ ഭീകരത കണ്ടുനിൽക്കാവുന്നതിനുമപ്പുറമാണ്.
