ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ടിവി ഷോകളിലൂടെയും കോമഡി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ കലാകാരിയാണ് സൗമ്യ. ജനപ്രിയ പരമ്പരയായ അളിയൻസിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ഈ പരമ്പരയുടെ വലിയൊരു ആരാധകനാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അളിയൻസിനോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടമാണ് ഹൃദയപൂർവം എന്ന സിനിമയിലെ ഒരു വേഷ ത്തിലേക്ക് സൗമ്യയെ ക്ഷണിക്കാൻ കാരണം. തൻ്റെ വിശേഷങ്ങൾ സൗമ്യ പങ്കുവെച്ചു. അളിയൻസ് എന്ന പരമ്പരയാണ് സത്യൻ അന്തിക്കാട് ചിത്രത്തിലേക്ക് വഴിതുറന്നതെന്ന് അവർ പറഞ്ഞു.
അളിയൻസ് പരമ്പര സത്യൻ അന്തിക്കാട് സാർ സ്ഥിരമായി കാണാറുണ്ടായിരുന്നു. തൻ്റെ കരിയറിൽ വലിയ വഴിത്തിരിവായ ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അളിയൻസി ലൂടെ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ എത്താനായത് മഹാഭാഗ്യമാണെന്നും സൗമ്യ കൂട്ടിച്ചേർത്തു.
ഹൃദയപൂർവം എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോൾ തന്നെ അളിയൻസിലെ ലില്ലി എന്ന കഥാപാത്രത്തിൻ്റെ പേരിലാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. സിനിമയിൽ മൂന്ന് സീനിൽ മാത്രമാണ് അഭിനയിച്ചത്. എങ്കിലും സിനിമയുടെ മുഴുവൻ കഥയും സംവിധായകൻ വിശദീകരിച്ചു തന്നു.
ലാൽ സാറിൻ്റെ കഥാപാത്രവുമായി വീഡിയോ കോൾ ചെയ്യുന്ന വേഷമാണ് തനിക്ക്. കഥാപാത്രം ചെറുതായിപ്പോയതിൽ തനിക്ക് സങ്കടമില്ലായിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം ചെറുതാണെങ്കിലും വളരെ പ്രാധാന്യമുള്ളതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. തൻ്റെ പ്രകടനം മികച്ചതാണെന്നും, അതും ലാലുമായിട്ടുള്ള കോമ്പിനേഷൻ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.
കൂടുതലെന്താണ് താൻ പ്രതീക്ഷിക്കേണ്ടതെന്ന് സൗമ്യ ചോദിച്ചു. അധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് ആളുകൾ ശ്രദ്ധിക്കുന്ന ഒരു വേഷം ചെയ്യുന്നത്. വീഡിയോ കോൾ ആണെങ്കിലും കോമ്പിനേഷൻ മോഹൻലാലുമായിട്ടാണ്.
അതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. സാധാരണ സംവിധായകർ മോണിറ്ററിന് പിന്നിലിരുന്നാണ് നിർദേശങ്ങൾ നൽകുന്നത്. എന്നാൽ തൻ്റെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അദ്ദേഹം തൊട്ടുമുന്നിൽത്തന്നെ ഉണ്ടായിരുന്നു. തൻ്റെ ഓരോ ഭാവങ്ങളും തൊട്ടടുത്തിരുന്ന് വീക്ഷിച്ചു.
ഷോട്ട് കഴിഞ്ഞാൽ നല്ലതാണോ ചീത്തയാണോ എന്ന് അടുത്തിരുന്ന് തന്നെ പറയും. അത് തൻ്റെ ഭാഗ്യമാണ്. ഹൃദയപൂർവം എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകർക്ക് എത്രത്തോളം ഇഷ്ടപ്പെടുമെന്ന് അറിയില്ല. എന്നാൽ ഈ അവസരത്തിൽ താൻ അതീവ സന്തോഷവതിയാണ്.മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിനെപ്പോലെയുള്ള ഒരാളുടെ പ്രശംസ ലഭിക്കുന്നത് വലിയ കാര്യമാണ്.
അളിയൻസ് കരിയർ മാറ്റിയെഴുതി
കോമഡി സ്കിറ്റ് പരിപാടികളിലൂടെയാണ് താൻ കലാമേഖലയിൽ സജീവമായത്. സ്റ്റേജ് പരിപാടികൾ ചെയ്യുമ്പോൾ എക്സ്പ്രഷനുകൾ കുറച്ച് കൂടുതൽ നൽകണം. എന്നാൽ അളിയൻസ് എന്ന പരമ്പരയാണ് അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പഠിപ്പിച്ചത്. ഒരുപാട് എക്സ്പ്രഷനോ ഡയലോഗോ കൂടുതലായി വന്നാൽ സൗമ്യക്ക് കോമഡി ഷോയുടെ ഷൂട്ട് ഉണ്ടായിരുന്നോ എന്ന് മൈക്കിലൂടെ സംവിധായകൻ രാജേഷ് തലച്ചിറ ചോദിക്കാറുണ്ടായിരുന്നു. തന്നിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
കോമഡി കൈകാര്യം ചെയ്യുമ്പോൾ
തൻ്റെ കരിയർ ആരംഭിച്ചത് ഒരു നർത്തകിയായിട്ടാണ്. പിന്നീട് കോമഡി ന്യൂസ്, സിനിമാല പോലുള്ള പരമ്പരകളിലൂടെ ടെലിവിഷൻ മേഖലയിൽ ചുവടുറപ്പിച്ചു. തൻ്റെ രൂപം കോമഡി പറയാൻ അനുയോജ്യ മല്ലെന്ന് തനിക്കറിയാം. പലപ്പോഴും മികച്ച കൊമേഡിയൻമാരായ തൻ്റെ സഹപ്രവർത്തകർക്ക് തമാശ പറയാനുള്ള പിന്തുണ നൽകാനാണ് ശ്രമിച്ചിട്ടുള്ളത്. കൃത്യമായ മീറ്ററിൽ തമാശ പറയാനുള്ള സാഹചര്യം ഒരുക്കി നൽകും. തൻ്റെ പരിമിതികൾ മനസ്സിലാക്കിയുള്ള ഒരു പ്രവർത്തനമായിരുന്നു അത്.
കെഎസ് പ്രസാദിൻ്റെ കൊച്ചിൻ ഗിന്നസ് എന്ന ട്രൂപ്പ് തനിക്കൊരു സ്കൂൾ പോലെയാണ്. ഒരു മെഗാ ഷോയിൽ ജോലി ചെയ്യുന്ന എല്ലാവരും എല്ലാം പഠിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. ആദ്യകാലത്ത് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് പെൺ വേഷം കെട്ടിയാണ്. എന്നാൽ കൊച്ചിൻ ഗിന്നസിൽ അത് നടക്കില്ല. ഒരു നർത്തകിയായി മാത്രം ആ ട്രൂപ്പിൽ ഒതുങ്ങിക്കൂടാൻ തനിക്ക് സാധിക്കുമായിരുന്നില്ല. അതിനെത്തുടർന്നാണ് ടെലിവിഷൻ മേഖലയിലേക്ക് കടന്നുവന്നത്.
ദൈവം ഉണ്ട്
ടെലിവിഷൻ മേഖലയിൽ സജീവമാകുന്നതിന് കാരണം കോമഡി സർക്കസ് എന്ന പരിപാടിയായിരുന്നു. താനും ഷൈജു അടിമാലിയും ചേർന്ന് അവതരിപ്പിച്ച സ്കൂളിനെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റ് ജനങ്ങൾ ഏറ്റെടുത്തു. അതോടെ തനിക്ക് അവസരങ്ങൾക്ക് കുറവുണ്ടായില്ല. ആലപ്പുഴയിലുള്ള ഒരു റിസോർട്ടിൽ നർത്തകിയായി ജോലി ചെയ്യുന്നതിനിടയിലാണ് അളിയൻസിലേക്ക് ക്ഷണം ലഭിക്കുന്നത്. റിസോർട്ടിൽ നിന്നും നല്ല ശമ്പളം കിട്ടിയിരുന്നു. അളിയൻസിൻ്റെ ഷൂട്ടിനായി ഒരു മാസത്തിൽ 15 ദിവസത്തോളം മാറി നിൽക്കണം.
സ്ഥിരവരുമാനം ഉപേക്ഷിച്ച് ഒരു ടിവി പരമ്പരയിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ലഭിച്ച അവസരം പാഴാക്കണ്ട എന്ന് പലരും ഉപദേശിച്ചെങ്കിലും വലിയ തുകയാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ അവർ അത് നൽകാൻ തയ്യാറായിരുന്നു. അതിനുശേഷമാണ് പ്രളയം സംഭവിച്ചത്. താൻ ജോലി ചെയ്തിരുന്ന റിസോർട്ട് പൂർണമായും മുങ്ങിപ്പോയി. അവിടുത്തെ പ്രവർത്തനങ്ങൾ നിലച്ചു. ഒരുപക്ഷേ അളിയൻസ് ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നെങ്കിൽ പ്രളയകാലത്ത് താൻ വലിയ പ്രതിസന്ധിയിലായേനെ.
അത് ദൈവാനുഗ്രഹമായി കരുതുന്നു. അളിയൻസ് നേരത്തെ മറ്റൊരു ചാനലിൽ പ്രക്ഷേപണം ചെയ്തി രുന്ന പരിപാടിയാണ്. ലില്ലി എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്നത് സ്നേഹയാണ്. പിന്നീട് ആർട്ടി സ്റ്റുകൾ മാറിയപ്പോൾ ആ കഥാപാത്രം അവതരിപ്പിക്കാൻ തന്നെ ക്ഷണിക്കുകയായിരുന്നു.
അളിയൻസിൻ്റെ തുടർച്ചയായി അഭിനയിച്ചു തുടങ്ങിയപ്പോൾ സ്നേഹയുടെ കഥാപാത്രത്തിൻ്റെ സ്വഭാവങ്ങൾ പിന്തുടരേണ്ടി വന്നില്ല. മണികണ്ഠൻ ചേട്ടൻ അവതരിപ്പിച്ചിരുന്ന ഭർത്താവിൻ്റെ കഥാപാത്രം പിന്നീട് അനീഷ് രവി ചേട്ടനാണ് ചെയ്തത്. താൻ അവസാനം ചെയ്ത സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ്. അദ്ദേഹത്തിൻ്റെ അടുത്ത സിനിമയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. പക്ഷേ, അളിയൻസ് പരമ്പരയുടെ ഷൂട്ട് ഒരു മാസത്തിൻ്റെ പകുതിയോളം വരുന്നതുകൊണ്ട് ഒരുപാട് പ്രോജക്റ്റുകൾ ചെയ്യാൻ സാധിക്കുന്നില്ല.
അളിയൻസ് എന്ന പരമ്പര തനിക്ക് പുതുജീവൻ നൽകിയ അധ്യായമാണ്. അതുകൊണ്ട് തന്നെ അത് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോകാൻ താൻ ശ്രമിച്ചിട്ടില്ല. ഒരു കുടുംബം പോലെയാണ് അളിയൻസിൻ്റെ ലൊക്കേഷൻ. അവിടുന്ന് ലഭിക്കുന്ന സന്തോഷം തൻ്റെ കലാജീവിതത്തിന് വലിയ ഊർജ്ജം നൽകുന്നുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
തൻ്റെ അച്ഛൻ വളരെ ഗൗരവക്കാരനായ വ്യക്തിയാണ്. തൻ്റെ വർക്കുകൾക്ക് അദ്ദേഹം പ്രശംസയോ അഭിപ്രായങ്ങളോ പറയാറില്ല. ഒരു വർഷം മുമ്പാണ് അമ്മച്ചി മരിച്ചത്. ഹൃദയപൂർവം എന്ന ചിത്രത്തിൻ്റെ ടീസറിൽ തൻ്റെ മുഖം കണ്ടപ്പോൾ ഗൗരവക്കാരനായ അച്ഛൻ്റെ മുഖത്ത് ഒരുപാട് നാളുകൾക്ക് ശേഷം പുഞ്ചിരി കണ്ടു.ഒരു മോഹൻലാൽ ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്നതിലുപരി സത്യൻ അന്തിക്കാട് സിനിമയിൽ അഭിനയിച്ചു എന്നതാണ് അച്ഛന് സന്തോഷം നൽകിയത്. ഈ സന്തോഷം കാണാൻ അമ്മയില്ല എന്നതാണ് സങ്കടമെന്ന് സൗമ്യ പ്രതികരിച്ചു.
