ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടിയാകും: എച്ച്-1 ബി വിസ ഫീസ് 1,00,000 ഡോളര്‍; വിജ്ഞാപനത്തില്‍ ഒപ്പുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: എച്ച് 1 ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ആക്കി ഉയര്‍ത്തിയ വിജ്ഞാപനത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഉന്നത വിദ്യാ ഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫ ഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ഥികളെ കൊണ്ടു വരാനാണ് എച്ച് 1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗമായി ഇതു മാറി. ടെക് തൊഴിലാളികള്‍ക്ക് സാധാരണയായി യു.എസ് നല്‍കുന്ന 1,00,000 ല്‍ പരം ഡോളര്‍ ശമ്പളത്തേക്കാള്‍ വളരെ കുറവാണ് വിസ ഫീസ്. സര്‍ക്കാര്‍ തീരുമാനത്തെ ടെക് വ്യവസായം എതിര്‍ക്കില്ലെന്നും അവര്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് വ്യക്തമാക്കി.

ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ. എച്ച് 1 ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളില്‍, ഒഴിവുകള്‍ നികത്താന്‍ പ്രയാസമുള്ള ജോലികളില്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകള്‍ക്കായി 1990 ലാണ് എച്ച് 1 ബി വിസ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ വേതനം നല്‍കാനും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു.

ശരാശരി 2.5 ലക്ഷം തൊട്ട് അഞ്ച് ലക്ഷം രൂപ വരെയായിരുന്നു എച്ച് 1 ബി വിസയ്ക്ക് ഈടാക്കിയിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്. 10,000 ത്തില്‍ അധികം എച്ച് 1 ബി വിസകള്‍ നേടി ആമസോണ്‍ ആണ് ഈ വര്‍ഷം മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയും ഉണ്ട്. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ എച്ച് 1 ബി തൊഴിലാളികള്‍ ഉള്ളത്.

എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ തീരുമാനത്തെ എല്ലാ വലിയ കമ്പനികളും പിന്തുണയ്ക്കുന്നു. യു.എസ് ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ആര്‍ക്കെങ്കിലും പരിശീലനം നല്‍കാന്‍ ഉദേശിക്കുന്നുവെങ്കില്‍ നമ്മുടെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയ അമേരിക്കക്കാര്‍ക്ക് പരിശീലനം നല്‍കുക. നമ്മുടെ ജോലികള്‍ തട്ടിയെടുക്കാന്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണമെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പ്രതികരിച്ചു.



Read Previous

ശബരിമലയില്‍ 1,033.62 കോടി രൂപയുടെ വികസന പദ്ധതികള്‍; സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

Read Next

സൗദി-പാക് പ്രതിരോധ കരാര്‍: ഇന്ത്യയ്ക്ക് സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തമെന്ന് വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »