കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പ മെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം’


കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുറത്തുവരുന്ന സര്‍വേകള്‍ എല്ലാം തട്ടിക്കൂട്ടിയ സര്‍വേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സര്‍വേകളല്ല. ഒപ്പത്തിനൊപ്പം എന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍വേകള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താന്‍. ജനവികാരം യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്റെ വ്യത്യാസമുണ്ടെന്നും സതീശന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ് സര്‍ക്കാരിനെതിരായ ജനവികാരം. കഴിഞ്ഞ ആറ് മാസത്തിനകം അഞ്ച് തവണ എല്ലാ ജില്ലകളിലും സഞ്ചരിച്ച ആളാണ് താന്‍. ഇന്ത്യാ ചരിത്രത്തിലാദ്യമായി യുഡിഎഫ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് വരുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. അതിലൊന്നും യുഡിഫിനെ തോല്പിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

വെല്‍ഫയര്‍ പാര്‍ട്ടി യുഡിഫിനെ പിന്തുണച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ എസ്ഡിപിഐ, പിഡിപി പിന്തുണ ആഗ്രഹിക്കുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില്‍ താന്‍ അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍ എന്ന് ചോദിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങള്‍. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് ബിജെപിയെന്നും ഇവരുടെയൊക്കെ യഥാര്‍ഥ മുഖം മൂടി അഴിഞ്ഞു വീഴുന്ന തെരഞ്ഞെടുപ്പ് ആണ് വരാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; എല്‍ഡിഎഫിനെ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല, മോദിക്കും പിണറായിക്കും ദാര്‍ഷ്ട്യം’

Read Next

ഉയിർപ്പിൻ്റെ പ്രത്യാശയിൽ കേരളം; വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാൻ കർദിനാളിൻ്റെ ആഹ്വാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »