ഉയിർപ്പിൻ്റെ പ്രത്യാശയിൽ കേരളം; വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാൻ കർദിനാളിൻ്റെ ആഹ്വാനം


തിരുവനന്തപുരം: അമ്പത് ദിവസത്തെ വലിയ നോമ്പിൻ്റെയും വിശുദ്ധ വാരത്തിൻ്റെയും സമാപ്‌തി കുറിച്ച് കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഉയിർപ്പുതിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി ആരംഭിച്ചു. ശനിയാഴ്‌ച അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ പ്രമുഖ കത്തീഡ്രലുകളിലും ഇടവക പള്ളികളിലും പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും നടന്നു. തിന്മയുടെയും മരണത്തിൻ്റെയും മേൽ നന്മയും ജീവിതവും നേടിയ വിജയത്തിൻ്റെ പ്രതീകമായി വിശ്വാസികൾ ഈസ്റ്ററിനെ വരവേറ്റു.

പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിലും പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലും നടന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഉൾപ്പെടെയുള്ള പ്രമുഖ പുരോഹിതർ നേതൃത്വം നൽകി. ലോകസമാധാനത്തിനായും നവീകരണത്തിനായും ബാവ സന്ദേശം നൽകി. എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിലും വരാപ്പുഴ ലത്തീൻ കത്തീഡ്രലിലും നടന്ന ചടങ്ങുകളിൽ ഭക്തിനിർഭരമായ പങ്കാളിത്തമുണ്ടായിരുന്നു. മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ ആസ്ഥാന ദേവാലയങ്ങളിൽ ഉയിർപ്പിൻ്റെ സന്തോഷം പങ്കുവെച്ച് പ്രത്യേക കുർബാനയും പ്രദക്ഷിണങ്ങളും നടന്നു.

സന്ദേശവുമായി കാതോലിക്കാബാവ

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പ്രതികരിച്ചു. ഈസ്റ്ററിൻ്റെ ഭാഗമായി മലങ്കര കത്തോലിക്ക സഭ പട്ടം സെൻ്റ് മേരീസ് കതീട്രലിൽ ഭാഗമായി സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിൽ സംസാരിക്കവെയാണ് സന്ദേശം. വോട്ടവകാശം എന്നത് പൗരന്മാരുടെ വലിയ ഉത്തരവാദിത്തമാണെന്നും, അത് സത്യസന്ധതയോടെയും വിവേകത്തോടെയും വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണം, ഒരാളും വോട്ട് പാഴാക്കരുത്. പുതിയ നിയമങ്ങളൊക്കെ വരുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നുണ്ട്, രാഷ്ട്രീയ മുന്നണികൾ പുറത്തിറക്കുന്ന പ്രകടന പത്രികകളിൽ വരാത്ത നിരവധി പ്രധാന വിഷയങ്ങൾ സമൂഹത്തിലുണ്ടെന്നും അവ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഭരണാധികാരിയുടെ യഥാർത്ഥ മികവ് എന്നത് മനുഷ്യരെ തമ്മിലടിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിലല്ല, മറിച്ച് അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതിലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണാധികാരികൾക്ക് പക്വമായ തീരുമാനങ്ങൾ എടുക്കാൻ ദൈവഭയം അനിവാര്യമാണെന്ന് ബാവ ഓർമ്മിപ്പിച്ചു. ജനക്ഷേമത്തിന് മുൻഗണന നൽകുന്ന ഭരണകൂടങ്ങളെയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മരണത്തെ അതിജീവിച്ച് ക്രിസ്‌തു ഉയിർത്തെഴുന്നേറ്റതിൻ്റെ സ്മരണ പുതുക്കുന്ന ഈസ്റ്റർ ദിനം, ലോകത്തിന് നൽകുന്നത് അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ്. ഭയവും നിരാശയും നിറഞ്ഞ ലോകസാഹചര്യങ്ങളിൽ, ദൈവത്തിൻ്റെ ജീവദായകമായ സ്നേഹം എങ്ങനെ വഴിവിളക്കാകുന്നു എന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ തൻ്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിക്കുന്നു. ഉയിർപ്പ് തിരുനാൾ കേവലം ഒരു ആചാരമല്ല, മറിച്ച് മനുഷ്യകുലത്തിന് നൽകപ്പെട്ട ഏറ്റവും വലിയ വാഗ്‌ദാനമാണെന്ന് കാതോലിക്കാബാവ വ്യക്തമാക്കുന്നു.

യുദ്ധങ്ങളും പട്ടിണിയും അനീതിയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കരിനിഴൽ വീഴ്ത്തുമ്പോഴും, ക്രിസ്‌തുവിൻ്റെ ശൂന്യമായ കല്ലറ നമുക്ക് നൽകുന്നത് പ്രത്യാശയുടെ സന്ദേശമാണ്. “മരണത്തിനല്ല, മറിച്ച് ജീവനാണ് അവസാന വാക്ക്” എന്ന ബോധ്യം ഓരോ വിശ്വാസിയുടെയും ഉള്ളിൽ നവമായ ഊർജ്ജം നിറയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

സമാധാനം ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നു. ഭിന്നതകളും വിദ്വേഷവും പടർത്തുന്ന ശക്തികളെ തിരിച്ചറിയണമെന്നും സ്നേഹ ത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ ലോകത്തിന് രക്ഷയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പി ക്കുന്നു. മറ്റുള്ളവരെ കരുതാനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തുണയാകാനും സാധിക്കുമ്പോഴാണ് യഥാർത്ഥ ഈസ്റ്റർ അനുഭവം ഉണ്ടാകുന്നത്. സ്വയം നവീകരിക്കാനും ക്രിസ്തുവിൻ്റെ സ്‌നേഹം പ്രവൃത്തികളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ആഹ്വാനത്തോടെയാണ് അദ്ദേഹം തൻ്റെ സന്ദേശം ഉപസംഹരിക്കുന്നത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ പീഡനമനുഭവിക്കുന്നവർക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.


Read Previous

കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പ മെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം’

Read Next

ഇറാൻ്റെ മണ്ണില്‍ അമേരിക്കയുടെ മിന്നല്‍ നീക്കം; കാണാതായ വ്യോമസേനാംഗത്തെ വീണ്ടെടുത്തു, സ്ഥിരീകരിച്ച് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »