മൂന്ന് ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവരാകരുതെന്ന് ജസ്റ്റിസ് നാ​ഗരത്ന; ശബരിമലയിൽ ആർത്തവമല്ല പ്രശ്നമെന്ന് തുഷാർമേത്ത


ന്യൂഡൽഹി: മാസത്തിൽ 3 ദിവസം സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ശബരിമലയിലെ കാര്യം 4 ദിവസത്തേക്കുള്ളതല്ലെന്നും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണു വിലക്കെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിയിൽ പുനഃപരിശോധന തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ വാദം ഉന്നയിക്കുന്നതിനിടെയാണു ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. എന്നാൽ, ശബരിമലയിലെ സവിശേഷമായ ആചാരരീതി ബഹുമാനിക്കപ്പെടേണ്ടതാണെന്നും തുഷാർ മേത്ത പറ‍ഞ്ഞു.

യുവതികളെ വിലക്കുന്നത് ഒരുതരത്തിൽ തൊട്ടുകൂടായ്മയാണെന്നു 2018 ലെ വിധിയിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രേഖപ്പെടുത്തിയിരുന്നു. ഇതിനോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് ഇന്നലെ ന‌‌ടന്ന വാദത്തിനിടെ തുഷാർ മേത്ത പറഞ്ഞപ്പോഴാണ് ജസ്റ്റിസ് നാഗരത്ന ഇടപെ‌‌‍‌‌ടൽ ന‌ടത്തിയത്. ആർത്തവ ത്തിന്റെ ആദ്യ 3 ദിവസം തൊട്ടുകൂടായ്മയും അതവസാനിക്കുന്ന നാലാം ദിവസം ആകാമെന്ന നിലപാടും പറ്റില്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ആർത്തവ വിഷയത്തെക്കുറിച്ചല്ല തന്റെ വാദമെന്നു തുഷാർ മേത്ത മറുപടി നൽകി. 3 ദിവസം തൊട്ടുകൂടായ്മയും നാലാം ദിവസം ഇതൊഴിവാക്കുന്നതും പറ്റില്ലെന്നാണ് ജസ്റ്റിസ് അപ്പോഴും ആവർത്തിച്ചത്. തുടർന്നാണ് ശബരിമലയിലെ കാര്യം തുഷാർ മേത്ത സൂചിപ്പിച്ചത്. സ്ത്രീയാണെന്നതോ ആർത്തവമോ പരിഗണിച്ചല്ല ശബരിമലയിലെ യുവതീപ്രവേശന വിലക്കെന്നും നിശ്ചിത പ്രായപരിധിക്കാർക്കാണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാം. സവിശേഷ ആചാരമുള്ള ക്ഷേത്രമാണ് ശബരിമല. മതവിഭാഗങ്ങളുടെ ആചാരങ്ങൾ ബഹുമാനിക്കപ്പെടണം.

ഗുരുദ്വാരയിൽ കയറുന്നയാൾക്ക് അയാളുടെ തല മറയ്ക്കണം. വ്യക്തിയെന്ന നിലയിലുള്ള അന്തസ്സും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നില്ല. വിശ്വാസത്തോടും മതത്തോടുമുള്ള ആദരമാണത്. ഗുരുദ്വാരയിലെന്ന പോലെ അജ്മേർ ദർഗയിൽ പോലും തല മൂടണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

ശബരിമല യുവതീപ്രവേശന കേസിന്റെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അതിന്റെ വസ്തുതകളിലേക്കു കടക്കില്ലെന്ന് ഇന്നലെയും ഭരണഘടനാ ബെഞ്ച് ആവർത്തിച്ചു. ശബരിമലയിലേതടക്കം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും വിവിധ മതവിഭാഗങ്ങളിലെ ആചാരവും സ്ത്രീയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയർന്ന 7 ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.


Read Previous

തങ്ങള്‍ ചരിത്ര വിജയം നേടിയെന്ന് ഇറാന്‍; 10 ഇന സമാധാന പദ്ധതി അംഗീകരിച്ചെന്നും പ്രഖ്യാപനം: തുടര്‍ ചര്‍ച്ച പാകിസ്ഥാനില്‍

Read Next

പാലക്കാട് വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ശോഭാ സുരേന്ദ്രൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »