അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം, എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു; വാതിലുകള്‍ പൊട്ടിത്തെറിച്ചു


തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തുള്ള എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അടഞ്ഞു കിടന്ന വാതിലുകള്‍ പൊട്ടിത്തെറിച്ചു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു വീണു. അപകടം നടന്ന പാടത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തിനപ്പുറവും ചില വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ 10 പേരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കരാറുകാരന്‍ സതീഷ് വെന്റിലേറ്ററില്‍ തുടരുകയാണ്. സ്‌ഫോടനത്തില്‍ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്ന് ആരംഭിക്കും.

അപകടം നടന്ന വെടിക്കെട്ടുപുരയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോയെന്ന പരിശോധനയി ലാണ് ഫോറന്‍സിക് സംഘം. പരമാവധി സാമ്പിളുകള്‍ ശേഖരിച്ചു വരികയാണെന്നും സംഘം അറി യിച്ചു. വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്‌ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവര്‍ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും.

അതേസമയം, വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകളായി നടത്താന്‍ ധാരണ യായി. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ പൂര്‍ത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.


Read Previous

പൊന്നുമോനെ അവസാനമായി കാണാനായില്ല, വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു

Read Next

ഇറാൻ-യുഎസ് സംഘർഷം: കരുതൽ ധനലഭ്യത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുഎഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »