സതീശനെ ആദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ആലപ്പുഴക്കാരന്‍; ഇന്നും സൂക്ഷിക്കുന്ന സൗഹൃദം


ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ഒരാളുണ്ട് ആലപ്പുഴ യില്‍. എംജി. സര്‍വകലാശാലയിലെ ആദ്യത്തെ യൂണിയന്‍ ചെയര്‍മാന്‍ കൈതവന മംഗലത്ത് ആന്റണി എം ജോണ്‍. 41 വര്‍ഷം മുമ്പ് കൊച്ചി തേവര എസ് എച്ച് കോളജില്‍ കെഎസ്‌യുവിനെ പ്രതിനിധീകരിച്ച് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിരുദ വിദ്യാര്‍ഥിയായ സതീശന്‍ ചങ്ങനാശ്ശേരി എസ്ബി കോളജ് പിജി വിദ്യാര്‍ഥിയായ ആന്റണി എം ജോണിനോട് തോറ്റു.

എംജി സര്‍വകലാശാലയ്ക്കു കീഴിലെ 58 കോളജുകളിലെ 115 കൗണ്‍സിലര്‍മാരായിരുന്നു വോട്ടര്‍മാര്‍. സതീശനായി കെഎസ്‌യു നേതാക്കളായ ജോസഫ് വാഴയ്ക്കന്‍, സി കെ ജീവന്‍, അജയ് തറയില്‍ എന്നിവരാണു പ്രവര്‍ത്തിച്ചത്. ആന്റണി എം ജോണിനായി അന്നത്തെ കെഎസ്‌സി പ്രസിഡന്റ് പരേതനായ ഡിജോ കാപ്പന്‍, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. ശിവന്‍കുട്ടി എന്നിവര്‍ രംഗത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ആന്റണി എം. ജോണിന് 62ഉം വിഡി സതീശന് 53ഉം വോട്ട് ലഭിച്ചു. ഒന്‍പതു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റണി യൂണിയന്‍ ചെയര്‍മാനായി. ജനറല്‍ കൗണ്‍സിലില്‍ സതീശന്‍ പ്രതിപക്ഷ നേതാവുമായി.

1985 മാര്‍ച്ച് ഒന്നിനായിരുന്നു പ്രഥമ തെരെഞ്ഞെടുപ്പ് കെഎസ്‌സി-എസ്എഫ്‌ഐ സംഖ്യം സ്ഥാനാര്‍ഥി യായി ആന്റണി എം. ജോണ്‍ മത്സരിച്ചത്. അന്ന് കെഎസ്‌യു ഒറ്റക്കാണ് മത്സരിച്ചത്. വിഡി സതീശനു മായി അന്നു തുടങ്ങിയ സൗഹൃദം ഇരുവരും ഇന്നും സൂക്ഷിക്കുന്നു. പൊതുപരിപാടികളില്‍ കണ്ടുമുട്ടുമ്പോഴെല്ലാം തന്നെ ആദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചയാളാണെന്ന് സതീശന്‍ ഓര്‍മ്മപ്പെടുത്താറുണ്ടെന്ന് ആന്റണി പറഞ്ഞു. ഇരുവരും അവസാനമായി കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ തലേന്ന് പാലായില്‍ ഡിജോ കാപ്പന്റെ സംസ്‌കാരച്ചടങ്ങി ലായിരുന്നു. ആന്റണി എം. ജോണ്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.


Read Previous

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

Read Next

‘പോകേണ്ടവര്‍ക്ക് പോകാം, പാര്‍ട്ടി പുനരുജ്ജീവിപ്പിക്കണമെന്ന് മത്സരിച്ച സ്ഥാനാര്‍ഥികളോട് മമത ബാനര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »