‘വരും ദിവസങ്ങള്‍ കഠിനമായിരിക്കും; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും’: മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വരും ദിവസങ്ങള്‍ കഠിനമായിരിക്കുമെന്നും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശുമെന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദേഹം പറഞ്ഞു.

‘പ്രതിസന്ധി ഘട്ടങ്ങളില്‍ വിദേശ യാത്രകള്‍ ചെയ്യരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോകം ചുറ്റി സഞ്ചരിക്കുകയാണ്’ – മോഡിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദര്‍ശനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി തന്റെ കൊട്ടാരങ്ങളില്‍ ഇരിക്കും, എന്നാല്‍ ഉത്തര്‍പ്രദേശിലെ യുവാക്കളും പൊതുജനങ്ങളും കടുത്ത ആഘാതം നേരിടേണ്ടി വരും. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അദാനിയെയോ അംബാനിയെയോ ബാധിക്കില്ല, മോദിയെയും ബാധിക്കില്ല, മറിച്ച് അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുക. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആഘാതമായിരിക്കും ഉണ്ടാവുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനിടെ രാജ്യത്ത് ഇന്ധന വില ഇന്ന് രാവിലെയും കൂടി. പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 111.71 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില നൂറ് കടന്നു. കൊച്ചിയില്‍ പെട്രോളിന് വില 109.60 രൂപയായി. 98.45 രൂപയാണ് ഡീസല്‍ വില. ഡല്‍ഹിയില്‍ പെട്രോളിന് വില 98.64 രൂപയായും ഡീസല്‍ വില 91.58 രൂപയായും ഉയര്‍ന്നു.

മുംബയില്‍ പെട്രോളിന് വില 107.59 രൂപയിലും ഡീസലിന് 94.08 രൂപയിലും എത്തി. കൊല്‍ക്കത്തയില്‍ പെട്രോളിന് 109.70 രൂപയാണ് പുതിയ നിരക്ക്. ഡീസലിന് 96.07 രൂപയും. ചെന്നൈയില്‍ പെട്രോളിന് 104.49 രൂപയായും ഡീസലിന് 96.11 രൂപയായും വില ഉയര്‍ന്നു.


Read Previous

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Read Next

ജ്വാല’ പടർന്നു, വരയരങ്ങിൽ വിസ്മയമായി ‘കേളി’; റിയാദിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ചിത്രരചനാ മത്സരം ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »