കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല


തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗാരന്റി പദ്ധതി പ്രകാരമുള്ള കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. വരുമാന പരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആസ്വദിക്കാന്‍ പ്രത്യേക കാര്‍ഡുകളൊന്നും ആവശ്യമില്ല. തമിഴ്‌നാട് മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കുക. കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചപ്പോള്‍ പ്രത്യേക കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്ന 4700 ഓളം കെഎസ്ആര്‍ടിസി ബസുകളില്‍ 3000ത്തോളം ഓര്‍ഡിനറി ബസുകളാണ് ഉള്ളത്. ഇതില്‍ 300 സിറ്റി ഫാസ്റ്റുകള്‍ ഒഴികെയുള്ള ഓര്‍ഡിനറി ബസുകളിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 1400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. നിലവില്‍ ഒരു ഓര്‍ഡിനറി ബസില്‍ പ്രതിദിനം 700 മുതല്‍ 1000 വരെ ആളുകളാണ് യാത്ര ചെയ്യുന്നത്.

പ്രവര്‍ത്തനച്ചെലവ് കൂടിയ ഡീസല്‍ ബസുകള്‍ ഉപയോഗിച്ച് സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നില്ല. വരും ദിവസങ്ങളില്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നത് പദ്ധതിക്ക് ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതോടെ സര്‍ക്കാരിന് പ്രതിമാസം 90 കോടിയോളം രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ശമ്പളത്തിന് 50 കോടിയും പെന്‍ഷന് 80 കോടിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്ധന വില വര്‍ധനമൂലം മാസം മൂന്ന് കോടിയുടെ അധിക ബാധ്യതയും ഉണ്ടാകും. സൗജന്യ യാത്രകൂടിയാകുമ്പോള്‍ 220 കോടി നല്‍കേണ്ടി വരും.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങളായ പുരുഷന്മാരും ഒപ്പം യാത്ര ചെയ്യുമെന്നാണ് കെഎസ്ആര്‍ടിസി കണക്കുകൂട്ടുന്നത്. ഇത് വഴി ടിക്കറ്റ് ഇതര വരുമാനത്തിലും മറ്റ് യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്നും അതുവഴി അധിക വരുമാനം നേടാനാകുമെന്നും മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു.


Read Previous

പുതിയ സമാധാന നിര്‍ദേശവുമായി ഇറാന്‍; അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് കാസ്പിയന്‍ കടല്‍ വഴി റഷ്യന്‍ സൈനിക സഹായം

Read Next

‘വരും ദിവസങ്ങള്‍ കഠിനമായിരിക്കും; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും’: മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »