പുതിയ സമാധാന നിര്‍ദേശവുമായി ഇറാന്‍; അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് കാസ്പിയന്‍ കടല്‍ വഴി റഷ്യന്‍ സൈനിക സഹായം


ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ മധ്യസ്ഥ രാജ്യമായ പാകിസ്ഥാന്‍ വഴി പുതിയ സമാധാന നിര്‍ദേശം സമര്‍പ്പിച്ച് ഇറാന്‍. ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടു കിട്ടണം, ഹോര്‍മുസ് കടലിടുക്കിന് മേല്‍ തങ്ങളുടെ നിയന്ത്രണം തുടരും തുടങ്ങിയ ആവശ്യങ്ങളില്‍ ഇറാന്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സൂചന.

ഈ നിര്‍ദേശങ്ങള്‍ അമേരിക്ക നേരത്തെ തള്ളിയിരുന്നു. സമയം അതിക്രമിക്കുകയാണെന്നും ഉടന്‍ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ആക്രമണം പുനരാരംഭിക്കാന്‍ ട്രംപ് ആലോചിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഇറാന് മേലുള്ള അമേരിക്കന്‍ നാവിക ഉപരോധം മറികടന്ന് കാസ്പിയന്‍ കടല്‍ വഴി റഷ്യ ഇറാനിലേക്ക് വന്‍ തോതില്‍ സൈനിക, വാണിജ്യ സഹായങ്ങള്‍ എത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2018 ലെ ഉടമ്പടി പ്രകാരം കാസ്പിയന്‍ കടലിന്റെ അതിര്‍ത്തി പങ്കിടുന്ന റഷ്യ, ഇറാന്‍, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഈ റൂട്ടില്‍ അവകാശമുള്ളത്.

അമേരിക്കന്‍ നാവിക സേനയ്ക്കോ നാറ്റോ സഖ്യത്തിനോ ഇവിടേക്ക് പ്രവേശിക്കാനോ കപ്പലുകള്‍ തടയാനോ നിയമപരമായി സാധിക്കില്ല. ഇതാണ് റഷ്യയ്ക്കും ഇറാനും തങ്ങളുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ വഴിയൊരുക്കുന്നത്.

2018 ല്‍ ഒപ്പുവെച്ച ‘കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലീഗല്‍ സ്റ്റാറ്റസ് ഓഫ് ദി കാസ്പിയന്‍ സീ’ എന്ന ഉടമ്പടി പ്രകാരം കാസ്പിയന്‍ കടലിന്റെ തീരത്തുള്ള അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ പ്രത്യേക അധികാരമുള്ളത്. ഈ ഉടമ്പടി അനുസരിച്ച് തീരദേശ രാജ്യങ്ങള്‍ അല്ലാത്ത മറ്റ് രാജ്യങ്ങളുടെ സൈന്യത്തിന് കാസ്പിയന്‍ കടലില്‍ കര്‍ശന നിരോധനമാണുള്ളത്. ഈ അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമേ അവിടെ സൈന്യത്തെ നിലനിര്‍ത്താന്‍ അനുവാദമുള്ളൂ.

പഴുതുകളില്ലാത്ത ഈ നിയമപരമായ സംരക്ഷണം കാരണം, അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കാസ്പിയന്‍ കടലിനെ ഒരു ‘ജിയോപൊളിറ്റിക്കല്‍ ബ്ലാക്ക് ഹോള്‍’ അല്ലെങ്കില്‍ ഒരു ‘ബ്ലൈന്‍ഡ് സ്പോട്ട്’ ആയാണ് വിശേഷിപ്പിക്കുന്നത്. ഈ സാധ്യതയാണ് ഇറാന്‍ പ്രയോജനപ്പെടുത്തുന്നത്.

യുദ്ധത്തിനിടെ തകര്‍ക്കപ്പെട്ട ഇറാന്റെ ഡ്രോണ്‍ ശേഖരം പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ റഷ്യ കാസ്പിയന്‍ കടല്‍ വഴി എത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ‘ഷാഡോ ഫ്ളീറ്റ്’ എന്ന് വിളിക്കപ്പെടുന്ന തിരിച്ചറിയല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കപ്പലുകളിലൂടെയാണ് ഇറാനിലേക്ക് സഹായമെത്തുന്നത്.

കപ്പലുകള്‍ അവയുടെ സ്ഥാനവും സഞ്ചാര പഥവും വെളിപ്പെടുത്തുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത്. ഉപഗ്രഹ നിരീക്ഷണങ്ങളെ മറികടക്കുന്നതിന് വേണ്ടിയാണ് ഈ രീതി അവലംഭിക്കുന്നത്.

സൈനിക സഹായത്തിന് പുറമെ ഇറാന്റെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും റഷ്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഏകദേശം 60 ലക്ഷം ടണ്‍ ധാന്യമാണ് ഇറാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. കാസ്പിയന്‍ കടല്‍ വഴിയുള്ള ഈ ഇറക്കുമതിയാണ് ഇറാനെ നിലവില്‍ പിടിച്ചു നിര്‍ത്തുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാന്റെ കാസ്പിയന്‍ തുറമുഖങ്ങളായ ബന്ദര്‍ അന്‍സാലി, അമീറാബാദ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ തുറമുഖങ്ങളായ അസ്ട്രഖാന്‍, മഖച്കല എന്നിവ വഴിയാണ് ഇറാനിലേക്ക് ചരക്ക് നീക്കം നടക്കുന്നത്.

യുദ്ധത്തിനിടെ ഇറാന്റെ ബന്ദര്‍ അന്‍സാലിയിലെ നാവിക ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുകയും ഇറാന്റെ കാസ്പിയന്‍ കപ്പലുകളില്‍ പകുതിയോളം നശിപ്പിക്കുകയും ചെയ്തിരുന്നു. കാസ്പിയന്‍ കടലിലുണ്ടായിരുന്ന ഇറാന്റെ യുദ്ധക്കപ്പലുകളുടെയും പട്രോള്‍ വെസലുകളുടെയും പകുതിയോളം ഈ ആക്രമണത്തില്‍ തകര്‍ന്നു.

ഇത് ആ മേഖലയിലെ ഇറാന്റെ നാവിക ശക്തിയെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കി. റഷ്യയില്‍ നിന്ന് കാസ്പിയന്‍ കടല്‍ വഴി എത്തിച്ചിരുന്ന ഡ്രോണ്‍ ഭാഗങ്ങള്‍, വെടിമരുന്ന്, മറ്റ് സൈനിക ഹാര്‍ഡ്വെയറുകള്‍ എന്നിവയുടെ വിതരണത്തെ ഈ ആക്രമണം ബാധിച്ചു. കാസ്പിയന്‍ കടല്‍ ഒരു സുരക്ഷിത പാതയല്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യയ്ക്കും ഇറാനും ഉപയോഗിക്കാവുന്ന സുരക്ഷിതമായ പാതയാണ് കാസ്പിയന്‍ കടല്‍ എന്ന ധാരണ തിരുത്താന്‍ ഈ ആക്രമണത്തിലൂടെ ഇസ്രയേലിന് സാധിച്ചിരുന്നു. ഇതിനെ ‘ഏറ്റവും നിര്‍ണായകമായ’ ആക്രമണങ്ങളിലൊന്നായാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ റഷ്യ ഇറാനുമായുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുകയും കൂടുതല്‍ സംയുക്ത അഭ്യാസങ്ങള്‍ നടത്തുകയും ചെയ്താണ് പ്രതികരിച്ചത്. സമീപകാല സംഘര്‍ഷങ്ങളില്‍ ഇറാന്റെ അറ്റാക്ക് ഡ്രോണ്‍ ശേഷിയുടെ ഏകദേശം 60 ശതമാനത്തോളം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കുറവ് നികത്താന്‍ ഇറാന്‍ ഇപ്പോള്‍ റഷ്യയെയാണ് ആശ്രയിക്കുന്നത്.


Read Previous

കുടുംബക്കോടതിയിലെ വെയിറ്റിങ് റൂമില്‍ എതിര്‍കക്ഷിയുടെ അഭിഭാഷകയെ മര്‍ദിച്ചു; അധ്യാപകനെതിരെ കേസ്

Read Next

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »