ഹജ്ജിന് മുന്നോടിയായി കേളിയുടെ ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി


റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിന് മുന്നോടിയായി പ്രവാസി സാംസ്കാരിക സംഘടനയായ ‘കേളി’ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ്, രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറി. ഹജ്ജിനെത്തുന്ന തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിവരെ നീണ്ടുനിന്ന ക്യാമ്പിൽ ആയിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും സമയപരിമിതിക്കുള്ളിൽ 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു.
ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കാളികളായി. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ വൻ പങ്കാളിത്തവും ഇത്തവണത്തെ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും, വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി ഭാരവാഹികൾ ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി കെ.കെ, റഫീഖ് പാലത്ത്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.


Read Previous

കരുതലിന്റെ കരങ്ങൾക്ക് സ്നേഹസ്പർശമേകി കെ.സി.എ റിയാദ്; 125 നഴ്‌സുമാർക്ക് ആദരവ്.

Read Next

മാസ് റിയാദ്–ടാർഗറ്റ് ഇലക്ഷൻ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു; കടുത്ത മത്സരത്തിനൊടുവിൽ നറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »