റിയാദിൽ ജീവകാരുണ്യത്തിന്റെ മാതൃകയായി ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു


റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. പ്രവാസലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ക്യാമ്പിന്റെ മുന്നോടിയായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് സബർമതി ഓഫീസിൽ തുടക്കമായി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്‌കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒഐസിസിയുടെ നേതൃത്വത്തിൽ പ്രത്യേക സബ് കമ്മിറ്റികളും സജീവമാണ്.

പ്രാദേശിക കൂട്ടായ്മകൾ, മുഖ്യധാരാ സംഘടനകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ റിയാദിലെ മലയാളി സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഭാരവാഹികളായ ഷിഹാബ് കൊട്ടുകാട് (ക്യാമ്പ് ചെയർമാൻ), മാത്യു ജോസഫ് (ജനറൽ കൺവീനർ), ഷംനാദ് കരുനാഗപ്പള്ളി (കോർഡിനേറ്റർ) എന്നിവർ അറിയിച്ചു. രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധന, ഗതാഗതം, ഭക്ഷണ സൗകര്യം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കും. മനുഷ്യജീവൻ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ റിയാദിലെ പൊതുസമൂഹത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകണമെന്ന് ഒഐസിസി നേതാക്കൾ അഭ്യർത്ഥിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കിർ ദാനത് എന്നിവരുൾപ്പെടെ പ്രവാസി സമൂഹത്തിലെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.


Read Previous

‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

Read Next

എഴുത്തുകാരൻ ജോസഫ് അതിരുങ്കലുമായി സംവദിക്കാൻ അവസരം; ‘എഴുത്തുകാരും പുസ്തകങ്ങളും’ പരമ്പര ഇന്ന് റിയാദല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »