‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’


മലപ്പുറം: ഇനി താനും ഭാര്യയും സിപിഎമ്മിന്റെ ഭാഗമെന്ന് കെടി ജലീല്‍. ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ജലീല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണമെന്ന് ജലീല്‍ പറയുന്നു.

‘മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം. പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്’ – ജലീല്‍ കുറിപ്പില്‍ പറയുന്നു.

കെടി ജലീലിന്റെ കുറിപ്പ്

ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം

എന്റെ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. 2006-ല്‍ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയില്‍ ഒരു ഘട്ടത്തിലും ദുര്‍ബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പിഎം എന്നിലര്‍പ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാര്‍ശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമാക്കിയ പാര്‍ട്ടിയോട് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ഫണം വിടര്‍ത്തി ആടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കര്‍മ്മ മേഖലയിലും അക്ഷരാര്‍ത്ഥത്തില്‍ പൊരുതിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തില്‍ ജീവിത സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമര്‍ശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും തുലനം ചെയ്യുമ്പോള്‍ നാട്ടുകാരെ പറ്റിക്കാതെയും ധാര്‍മ്മിക ബോധം സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും. അപവാദമുണ്ടാകാം. ഞാന്‍ നിഷേധിക്കുന്നില്ല. അത്തരക്കാര്‍ പക്ഷെ ന്യൂനാല്‍ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാല്‍ അവരെ മാറ്റി നിര്‍ത്താന്‍ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികള്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പന്‍മാരും ഏറ്റവും കുറഞ്ഞ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നര്‍ത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവര്‍. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മതത്തില്‍ നിന്ന് പുറത്താണെന്നുമുള്ള വാദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതില്‍ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.

ഒരാള്‍ക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാന്‍ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയര്‍ത്തിയിരിക്കുന്ന ഐക്യനിര എല്ലാ ‘മുന്‍ധാരണ’കളെയും കീഴ്‌മേല്‍ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം.

പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കര്‍ഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്‌കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയില്‍ അണിചേരുക എന്നത് ഓരോ മനുഷ്യ സ്‌നേഹിയുടെയും ജീവിത ധര്‍മ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാര്‍ട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.


Read Previous

‘രക്ഷാപ്രവര്‍ത്തനം’ വ്യാജം: തലയ്ക്കടിച്ച ചൂരല്‍വടി ജീവനെടുക്കാവുന്നത്; ഗണ്‍മാന്മാരുടെ വാദം പൊളിഞ്ഞു

Read Next

റിയാദിൽ ജീവകാരുണ്യത്തിന്റെ മാതൃകയായി ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »