നീറ്റ് പരീക്ഷാ കേന്ദ്രത്തിലും ‘ഹൈടെക്’ തട്ടിപ്പ്; സുരക്ഷാക്കോട്ട ഭേദിച്ച് ആൾമാറാട്ടം: ഒൻപത് പേർ പിടിയിൽ!


ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ ദേശീയ പരീക്ഷാ ഏജന്‍സി വന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രാജ്യത്ത് നടന്ന നീറ്റ് പുനപരീക്ഷയിലും വ്യാപക ക്രമക്കേടുകള്‍. ബിഹാറില്‍ പരീക്ഷാ ഹാളിനുള്ളില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടിവസ്ത്രത്തില്‍ സിം കാര്‍ഡും പഴയ ചോദ്യ പേപ്പറും ഒളിപ്പിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയും പിടിയിലായി.

യഥാര്‍ത്ഥ അപേക്ഷകര്‍ക്ക് പകരം ലക്ഷങ്ങള്‍ വാങ്ങി മറ്റ് പ്രതിഭകളെ ഇരുത്തി പരീക്ഷ എഴുതിക്കുന്ന വലിയൊരു തട്ടിപ്പ് സംഘത്തെയാണ് ബിഹാര്‍ പൊലീസ് ലഖിസാരായില്‍ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പരീക്ഷാ ഹാളില്‍ നിന്നും ആള്‍മാറാട്ടക്കാരായ ഒന്‍പത് പേര്‍ അറസ്റ്റിലായത്. ഈ മാഫിയാ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ പൊലീസ് നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ഹരീഷ് ചന്ദ്ര പോസ്റ്റ് ഗ്രാജുവേറ്റ് കോളജ് പരീക്ഷാ കേന്ദ്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ കര്‍ശനമായ ശാരീരിക പരിശോധനയിലാണ് ബല്ലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥി കുടുങ്ങിയത്. ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സിം കാര്‍ഡും, ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയും, മുന്‍ വര്‍ഷത്തെ നീറ്റ് ചോദ്യപേപ്പറും സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു താനെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാനാണ് എന്‍ടിഎയുടെ തീരുമാനം. ഒളിച്ചുകളികള്‍ അനുവദിക്കില്ലെന്നും ചോദ്യ പേപ്പര്‍ മൂല്യനിര്‍ണയത്തിനുള്ള പ്രാരംഭ നടപടികള്‍ ഇതിനകം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ തന്നെ പുനപരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എന്‍ടിഎ ശ്രമിക്കുന്നത്.


Read Previous

“ഇനിയൊരു പാവയാകാൻ ഇല്ല! ‘അമ്മ’യിൽ നിന്ന് പടിയിറങ്ങി ശ്വേത മേനോൻ; പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത

Read Next

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »