ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിവരുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക് കടന്നു. 2026 – 27 വർഷത്തെ അംഗത്വ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ബത്ഹ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ റസാഖ് വളക്കൈക്ക് അപേക്ഷ ഫോമുകൾ കൈമാറിയാണ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളെ ചേർത്ത് നിർത്തുവാൻ സുരക്ഷ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം അൻപതിലധികം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം അഞ്ചു കോടിയിലധികം രൂപ ഈ പദ്ധതി വഴി നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം നാല്പത് ലക്ഷത്തോളം രൂപയുടെ ചികിത്സ സഹായവും പ്രവാസികൾക്ക് നൽകിയിട്ടുണ്ട്. പദ്ധതി നടപ്പുവർഷത്തിൽ മാത്രം പതിമൂന്ന് പേര് മരണമടയുകയും ഒരു കോടി മുപ്പത് ലക്ഷം രൂപ അവരുടെ കുടുംബങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പ് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ എട്ട് കുടുംബങ്ങൾക്കുള്ള പണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് കൈമാറിയത്. പദ്ധതിയിൽ അംഗങ്ങളായിരിക്കെ ക്യാൻസർ, കിഡ്നി രോഗം, ഹൃദൃരോഗം തുടങ്ങിയ മാരകമായ രോഗങ്ങൾ വരുന്നവർക്കാണ് ചികിത്സ സഹായങ്ങൾ നൽകി വരുന്നത്.
2026 ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ മുപ്പത് വരെയാണ് ക്യാമ്പയിൻ നടക്കുക. പ്രവാസിയായിരിക്കെ റിയാദിൽ നിന്ന് അംഗത്വം എടുത്തിട്ടുള്ള നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും പദ്ധതി അംഗത്വം പുതുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂർത്തിയായ അറുപതു വയസ്സ് കവിയാത്ത റിയാദിൽ ജോലി ചെയ്യുന്നവർക്കാണ് സുരക്ഷ പദ്ധതിയിൽ അംഗത്വം പുതുതായി എടുക്കുവാൻ കഴിയുക.
ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങ് സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ക്യാമ്പയിൻ കാല പ്രവർത്തനങ്ങൾ സുരക്ഷ പദ്ധതി കൺവീനർ സിറാജ് മേടപ്പിലും പദ്ധതിയുടെ പുതിയ വെബ്സൈറ്റ് സംബന്ധിച്ച കാര്യങ്ങൾ പി സി മജീദും വിശദീകരിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, നജീബ് നെല്ലാംങ്കണ്ടി എന്നിവർ പ്രസംഗിച്ചു.വിവിധ ജില്ല മണ്ഡലം ഏരിയ കമ്മിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു
