കെ.എം.സി.സിക്ക് ഗ്ലോബൽ കമ്മിറ്റി വരുന്നു’ ഡിസംബറോടു കൂടി രൂപീകരിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം


ജിദ്ദ: മുസ് ലിം ലീഗിന് കരുത്തേകുന്ന പ്രവാസി പോഷക സംഘടനയായ കെ.എം.സി.സിക്ക് ഡിസംബറോടു കൂടി ഗ്ലോബൽ കമ്മിറ്റി രൂപീകരിക്കുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയും ചാരിറ്റി പ്രസ്ഥാനവുമായ കെ.എം.സി.സി ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, കാനഡ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ക്രൊയേഷ്യ, ഇറ്റലി, ജർമനി, റുമേനിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യക്കകത്ത് വിവിധ നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ദേശീയ തലത്തിലും ജില്ലാ, ഏരിയ, പ്രാദേശിക തലത്തിലും കമ്മിറ്റികളുമുണ്ട്. ദേശീയ കമ്മിറ്റികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും ഗ്ലോബൽ കമ്മിറ്റി രൂപീകരിക്കുകെയെന്ന് അദ്ദേഹം പറഞ്ഞു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബൽ കമ്മിറ്റി, ദേശീയ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി പുതിയ ഭരണഘടന രൂപപ്പെടുത്തി വരികയാണ്. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ ഒഴികെ മറ്റ് എല്ലായിടങ്ങളിലും നാഷണൽ കമ്മിറ്റികൾ നിലവിൽ വന്നു.

യു.എ.ഇ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് അവിടത്തെ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുള്ളതിനാലാണ് വൈകുന്നതെന്നും അധികം വൈകാതെ യു.എ.ഇ നാഷണൽ കമ്മിറ്റിയും നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.  കെ.എം.സി.സിക്കാർക്ക് പാർട്ടിയിൽ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. അവരുടെ പ്രതിനിധികൾ എം.എൽ.എ, പാർട്ടി ഭാരവാഹി, തദ്ദേശ സ്ഥാനങ്ങളിലെല്ലാം ഉണ്ട്. പാർട്ടി പ്രവർത്തക സമിതിയിലും സെക്രട്ടറിയേറ്റിലും കെ.എം.സി.സി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 

എല്ലാ ദേശീയ കമ്മിറ്റികൾക്കും പാർട്ടി നിരീക്ഷകരേയും ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി കെ.എം.സി.സിയുടെ നിരീക്ഷകർ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി, പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ എന്നിവരാണ്. അവരുടെ നിരീക്ഷണ ത്തിലായിരുന്നു സൗദിയിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. താഴെ തട്ട് മുതൽ അംഗത്വ കാമ്പയിൻ പൂർത്തിയാക്കി ഏരിയ, ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പും പൂർത്തിയാക്കിയത്. 

മക്കയിൽ ചേർന്ന സൗദി നാഷണൽ കൗൺസിൽ യോഗത്തിലാണ് ദേശീയ കമ്മിറ്റി ഭാരവാഹികളെയും പ്രവർത്തക സമിതിയെയും മറ്റു ഉപവകുപ്പ് കമ്മിറ്റി ഭാരവാഹി കളെയും  തെരഞ്ഞെടുത്തത്. ഒരു സ്ഥാനത്തേക്കൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും ഏകകണ്ഠമായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഒരു സ്ഥാനത്തേക്ക് മാത്രം ഹിതപരിശോധന വേണ്ടി വന്നു. അതും ആരോഗ്യകരമായ രീതിയിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാര്യത്തിൽ ആക്ഷേപങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സുഗമമായാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പേരുകൾ അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടിക്കു വേണ്ടി മുഖ്യ രക്ഷാധികാരി എന്ന പുതിയ പോസ്റ്റ് കൂടി സൃഷ്ടിച്ചു കൊണ്ടാണ് നാഷണൽ കമ്മിറ്റി രൂപീകരിച്ചത്. മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ, കെ.പി. മുഹമ്മദ്കുട്ടി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മിറ്റി ഭാരവാഹികളും ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 


Read Previous

സൗദിയില്‍ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി, എക്‌സ് പ്ലാറ്റ്‌ഫോമിലാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ്.

Read Next

സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം ഇന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »