മുഖ്യമന്ത്രി വിഡി സതീശൻ? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; സാധ്യതകൾ


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്മയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കും തുടക്കം. യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ എന്നതടക്കമുള്ള ചർച്ചകളും ഇതോടെ ചൂടുപിടിച്ചു. സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണു​ഗോപാൽ എന്നിവർക്കായും ചരടു വലികൾ സജീവം.

മുഖ്യമന്ത്രി ആരെന്നത് മറ്റ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം, പിന്നാക്ക വിഭാ​​ഗ, ജില്ലാ പ്രാതിനിധ്യമടക്കമുള്ളവയും പ്രധാന ഘടകങ്ങളാണ്.

21 അം​ഗ മന്ത്രിസഭയായിരിക്കും ഉണ്ടാകുക. കോൺ​ഗ്രസിനു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാകാൻ സാധ്യതയുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ മുംസ്ലീം ലീ​ഗിന് 5 മന്ത്രിമാരെ ലഭിച്ചേക്കും. കേരള കോൺ​ഗ്രസ് ജോസഫ്, ജേക്കബ് ​ഗ്രൂപ്പുകൾ, ആർസ്പി, സിഎംപി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവുമുണ്ടാകും.

5 എംഎൽഎമാർക്ക് ഒരു മന്ത്രി എന്നതാകും അടിസ്ഥാന സൂത്രവാക്യം. 63 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ കോൺ​ഗ്രസിനു ഈ കണക്കനുസരിച്ചാണ് 12 മന്ത്രിസ്ഥാനം. ഇതിനൊപ്പം സ്പീക്കർ സ്ഥാനവും കോൺ​ഗ്രസിനായിരിക്കും. 63 സീറ്റുള്ളതിനാൽ ധനകാര്യം അടക്കമുള്ള സുപ്രധാന വകുപ്പുകളും ഒരുപക്ഷേ കോൺ​ഗ്രസ് തന്നെ ഏറ്റെടുത്തേക്കും.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ലീ​ഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമായിരുന്നു. എന്നാൽ ഇത്തവണ അവർ സീറ്റെണ്ണം ഉയർത്തിയ സാഹചര്യത്തിൽ 5 മന്ത്രിമാർ അവർക്ക് ഔദാര്യമല്ല അവകാശ മാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലീ​ഗിനായിരിക്കും.

ഏഴ് സീറ്റുകളുള്ള കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും കിട്ടിയേക്കും. അതേസമയം യുഡിഎഫിലെ അസോസിയേറ്റ് അം​ഗങ്ങളായ ആർഎംപി, മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സിപിഎം വിമതരായി മത്സരിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ​ഗോവിന്ദൻ എന്നിവരേയും മന്ത്രിസഭയിലേക്ക് പരി​ഗണിച്ചേക്കില്ല.


Read Previous

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

Read Next

ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »