എം.ടിക്ക് വിട ചൊല്ലി ചില്ല റിയാദ്.


റിയാദ്: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് യാത്രാമൊഴി പറഞ്ഞു കൊണ്ട് റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച അനുശോചനയോഗം അദ്ദേഹത്തിന്റെ സർഗ സംഭാവനകൾ ചർച്ച ചെയ്യുന്ന വേദിയായി മാറി. സ്നേഹനിരാസമാണ് എം.ടിയെ സൃഷ്ടിച്ചതെന്നും ബാല്യകാലത്ത് അനുഭവപ്പെട്ട ഒറ്റപ്പെടലും വ്യഥകളും അദ്ദേഹത്തിന്റെ മുഴുവൻ രചനയിലും വായിച്ചറിയാമെന്ന് പറഞ്ഞുകൊണ്ടാണ് ചില്ല കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ സംസാരിച്ചു തുടങ്ങിയത്. ഒരു പിറന്നാളിന്റെ ഓർമ, നിന്റെ ഓർമയ്ക്ക്, കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ് തുടങ്ങിയ വൈയക്തികമായ സൂക്ഷ്മാനുഭവങ്ങൾ പങ്കുവയ്ക്കുന്ന കഥകൾ ഉദാഹരണമായി സുരേഷ് ലാൽ സദസിനുമുന്നിൽ പങ്കുവച്ചു.

എം.ടിയുടെ വേർപാടിന് ശേഷം നവമാധ്യമങ്ങളിൽ ഉയർന്നുവന്ന ഒറ്റപ്പെട്ട എം.ടി അക്രമങ്ങളിൽ വേദന പങ്കുവച്ചുകൊണ്ടാണ് മാധ്യമ പ്രവർത്തകനായ നജിം കൊച്ചുകലുങ്ക് സംസാരിച്ചു തുങ്ങിയത്. എം.ടിയുടെ മുഴുവൻ സാഹിത്യരചനകളും വായിക്കാൻ കഴിഞ്ഞ, അദ്ദേഹത്തിന്റെ കൃതികളെ മലയാളസാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ടതായി ചേർത്തുപിടിക്കുന്ന ഒരാളെന്ന നിലയിലും അദ്ദേഹം തന്റെ വായനുഭവങ്ങൾ സദസുമായി പങ്കുവച്ചു. എം.ടിയുടെ ആത്മകഥാംശമാർന്ന രണ്ട് കഥകൾക്ക് ആശയ പശ്ചാത്തലമാകുന്ന ശ്രീലങ്കയിലെ കഡുഗണ്ണാവ എന്ന സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട അനുഭവങ്ങളും നജിം പങ്കുവച്ചത്.

എം.ടിയുടെ നോവലുകളിൽ സവിശേഷമായ സ്ഥാനങ്ങളുള്ള രണ്ടാമൂഴത്തിനെയും മഞ്ഞിനേയും അധികരിച്ചാണ് വി.കെ. ഷഹീബ സംസാരിച്ചത്. രണ്ടാമൂഴത്തിലെ മനോഹരമായ മുഹൂർത്തങ്ങളും ഭീമൻ എന്ന മനുഷ്യന്റെ വൈകാരികതലങ്ങളും ഷഹീബ പങ്കുവച്ചു. എം.ടിയുടെ മറ്റു പല കൃതികളിൽ നിന്ന് വ്യത്യസ്‌തമായ രചനയായ മഞ്ഞിനെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടാണ് ഷഹീബ സംസാരിച്ചത്. ആ കൃതിയിലെ നായികയായ വിമലാദേവിയെ ഏറ്റവും അബലയായ ഒരു കഥാപാത്രമായി ചിത്രീകരിച്ചു എന്ന വിമശനവും ഉന്നയിച്ചു.

വള്ളുവനാടൻ സവർണ ചുറ്റുപാടിൽ നിന്നെഴുതിയ ഒരാൾ സംഘ്പരിവാർ രാഷ്‌ടീയത്തിന് സ്വീകാര്യ മായി മാറേണ്ടതാണ്, എന്നാൽ അവർക്ക് പിടികൊടുക്കാതെ തീർത്തും വിപരീതദിശയിൽ സഞ്ചരിക്കു കയും സഘ്പരിവാർ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന തിന്മകൾക്കെതിരെ ശക്തമായ നിലകൊള്ളു കയും ചെയ്ത എം.ടിയുടെ സർഗ, സാമൂഹിക, സാംസ്കാരിക ജീവിതങ്ങളിലെ വിവിധ ഘട്ടങ്ങൾ വിപിൻകുമാർ വിവരിച്ചു. തിരൂർ തുഞ്ചൻപറമ്പ് മതേതരകേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി ഉയർത്താൻ എം.ടി നൽകിയ സംഭാവനകൾ വിപിൻ അനുസ്മരിച്ചു. എം. ടിയുടെ നോവലു കളും അതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട കാലം എന്ന നോവലിന്റെ വായനയും മൂസ കൊമ്പൻ സദസുമായി പങ്കുവച്ചു. പലതവണ തുഞ്ചൻ പറമ്പിൽ നടന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതും എം. ടിയുടെ സാന്നിധ്യം തൊട്ടറിഞ്ഞതും മൂസ വിശദീകരിച്ചു.

തുഞ്ചൻ പറമ്പിന് സമീപമുള്ള സായാഹ്നങ്ങളും എം.ടിയുമായുള്ള കൂടികാഴ്ചകളും അനുസ്മരിച്ചു കൊണ്ടാ ണ് സമീപവാസിയായ അനീസ് മുഹമ്മദ് സംസാരിച്ചത്. പലപ്പോഴും മൗനസന്യാസിയായി അറിയപ്പെടുന്ന എം.ടിയുമായുള്ള സരസസംഭാഷണങ്ങൾ അനീസ് സദസുമായി പങ്കുവച്ചു


Read Previous

സിറ്റി ഫ്ലവർ ജനകിയ സേവനത്തിൻറെ 20 വർഷങ്ങൾ, ആഘോഷം തീർത്ത് സമ്മാന പെരുമഴ, ജനുവരി ഒന്ന്, രണ്ട്, മൂന്ന്.

Read Next

12ാം ദിനത്തിലും ഉത്തരേന്ത്യയിൽ കൊടുങ്കാറ്റായി ‘മാർക്കോ’;ബോക്‌സ് ഓഫീസിൽ അതിവേഗം കുതിച്ച് ചിത്രം, തിയേറ്ററുകളുടെ എണ്ണം വർധിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »