സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കച്ചവടം നഷ്ടമാക്കി; കര്‍ണാടകയില്‍ വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും കൊന്ന് ജീവനൊടുക്കി


ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ കാരണം കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന് ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പിലാണ് താന്‍ മരിക്കുന്നതിന്റെ കാരണം പറഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ പ്രാദേശികമായി തുണിത്തരങ്ങള്‍ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതാണ് തന്റെ ബിസിനസില്‍ വന്‍ നഷ്ടമുണ്ടാക്കിയതെന്നും, ഇതേത്തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഭാര്യ ജ്യോതി (55), മകന്‍ സന്തോഷ് (30) എന്നിവരെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ 3.30 ഓടെ നെഹ്റു നഗറിലുള്ള തന്റെ കടയില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മകന്‍ സന്തോഷിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. ദുരന്തം നടക്കുമ്പോള്‍ സന്തോഷിന്റെ ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ അമ്മായിയമ്മയെ വിളിക്കാന്‍ മുറിയില്‍ ചെന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് അവര്‍ അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചു. തുടര്‍ന്നാണ് പൊലീസെത്തി ബാക്കി നടപടിക്രമങ്ങളിലേയ്ക്ക് കടന്നത്.

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍:

സാമ്പത്തിക പ്രതിസന്ധിയാണ് തന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണം. ‘ശക്തി’ പദ്ധതി മൂലം ആളുകള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ നഗരങ്ങളിലേക്ക് പോകുന്നതിനാല്‍ പ്രാദേശിക വസ്ത്രവ്യാപാരം പൂര്‍ണ്ണമായും തകര്‍ന്നു.

ബിസിനസ്സ് മന്ദഗതിയിലായതിനാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പലിശ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈ കമ്പനികളിലെ ഏജന്റുമാര്‍ വീട്ടിലെത്തി കുടുംബത്തെ മാനസികമായി പീഡിപ്പിക്കും. കുടുംബത്തിന്റെ അന്തസ്സിന് ഭംഗം വരുമെന്നും മാനഹാനി സംഭവിക്കുമെന്നും ഭയന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.


Read Previous

ഉറങ്ങിക്കിടന്നവർക്ക് മേൽ പാക് വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ 11 കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

Read Next

ഭൂമിക്ക് മുകളിൽ ആണവ യുദ്ധഭീതി; ആഗോള ആണവായുധ മത്സരം 119 ബില്യൺ ഡോളറിൽ; ചിലവഴിക്കലിൽ ആറാം സ്ഥാനത്ത് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »