സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹജ്ജ് വിമാനങ്ങൾ ഉപയോഗപ്പെടുത്തണം: ഗൾഫ് മലയാളി ഫെഡറേഷൻ


റിയാദ്: സൗദി അറേബ്യയിൽ വിവിധ വിസകളിൽ എത്തി നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങി ക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപോകുമ്പോൾ ഈ യാത്രക്കാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

സന്ദർശക വിസയിലും ഉംറ വിസയിലുമായി സൗദിയിലെത്തിയ നിരവധി പേരാണ് പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിമാന സർവീസുകളുടെ റദ്ദാക്കലും കാരണം പ്രതിസന്ധി യിലായിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത ട്രാവൽ ഏജൻസികൾ കൈയൊഴിഞ്ഞതോടെ സാധാരണക്കാരായ യാത്രക്കാർ വിമാനത്താവളങ്ങളിലും മറ്റും അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും പ്രായമായവരും കൃത്യമായ ചികിത്സ ആവശ്യമുള്ള രോഗികളുമാണ്.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതും മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടതും പ്രശ്നം സങ്കീർണ്ണമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ജി.എം.എഫ് ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർക്ക് സംഘടന പരാതി നൽകും.

സൗദിയിലെ സാമൂഹ്യപ്രവർത്തകരും മെഡിക്കൽ ടീമുകളും കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുന്നോട്ട് വരണമെന്ന് ജി.എം.എഫ് ജിസിസി ചെയർമാൻ റാഫി പാങ്ങോട് പ്രസ്താവനയിൽ പറഞ്ഞു.


Read Previous

‘മോദി ഭീകരവാദി’; വിവാദമയാതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Read Next

തൃശൂര്‍ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »