ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സഞ്ചരിച്ച് മനുഷ്യര്‍; ആർട്ടെമിസ് 2 സംഘത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ


ഭൂമിയിൽ നിന്നേറ്റവും അകലേയ്ക്ക് സഞ്ചരിച്ച, ചന്ദ്രനെ ചുറ്റിക്കണ്ട ‌മനുഷ്യർ ഭൂമിയിൽ തിരിച്ചെത്തി. ആ‌‌‌ർട്ടെമിസ് 2 ദൗത്യസംഘവുമായി ഒറയൺ ഇൻ്റഗ്രിറ്റി പേടകം പുല‍ർച്ചെ 5:37നാണ് ശാന്തസമുദ്രത്തിൽ വന്നിറങ്ങിയത്. യുഎസ് നാവികസേനയുടെ പ്രത്യേക സംഘം നാല് യാത്രികരെയും കരുതലോടെ വീണ്ടെടുത്തു. ഇനി അൽപ്പനാൾ ജോൺസൺ സ്പേസ് സെന്ററിൽ വിശ്രമവും വിശദ വൈദ്യപരിശോധനയും. മനുഷ്യൻ ചന്ദ്രനിലിറങ്ങുന്ന ദിവസത്തിനായാണ് ഇനി ലോകത്തിന്റെ കാത്തിരിപ്പ്.

11,17,658 കിലോമീറ്റർ താണ്ടി അവർ ഭൂമിയിലേക്ക് തിരിച്ചെത്തി. 2700 ഡിഗ്രി സെൽഷ്യസ് ചൂടിനെ ജയിച്ച്, ശബ്ദത്തേക്കാൾ 35 മടങ്ങ് വേഗത്തിൽ പറന്ന് ആർട്ടെമിസ് 2 സംഘം ഭൂമിയെ തൊട്ടു. സർവ്വീസ് മൊഡ്യൂളിനോട് വിടപറഞ്ഞ് അന്തരീക്ഷത്തിൽ പ്രവേശിച്ച നിമിഷം മുതൽ കടലിറക്കം വരെ വെറും 14 മിനുട്ടായിരുന്നു. താപകവചവും പാരച്യൂട്ടുകളും കെൽപ്പ് തെളിയിച്ചു. അഗ്നിപരീക്ഷ ജയിച്ച ഒറയോൺ നാസയുടെ വിശ്വാസം കാത്തു. കടലിലിറങ്ങിയ പേടകത്തിനടുത്തേക്ക് യുഎസ് നാവികർ കുതിച്ചെത്തി. ആശയവിനിമയ സംവിധാനം കുറച്ച് നേരം പണിമുടക്കിയതൊഴിച്ചാൽ ലാൻഡിങ്ങ് ദൗത്യത്തിന് നൂറിൽ നൂറ് മാർക്ക്.

സഞ്ചാരികൾ ആദ്യം പേടകത്തിൽ നിന്ന് ബോട്ടിലേക്ക്. പിന്നെ ബോട്ടിൽ നിന്ന് ഹെലികോപ്റ്ററിലേക്ക്. അവിടുന്ന് യുഎസ്എസ് ജോൺ പി മെർത്തയിലേക്ക്. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാനും പൈലറ്റ് വിക്ടർ ഗ്ലവറും, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കുക്കും, ജെറമി ഹാൻസണും സുഖമായിരിക്കുന്നു. കഠിന ദൗത്യത്തിന്റെ ക്ഷീണമില്ല. അവരുടെ മുഖത്ത് ചരിത്ര നേട്ടത്തിന്റെ തിളക്കം മാത്രം. ഒമ്പത് ദിവസവും ഒരു മണിക്കൂറും 32 മിനുട്ടും നീണ്ട ആർട്ടെമിസ് 2 ഒരു തുടക്കം മാത്രമാണ്. ചന്ദ്രനിൽ ആളെയിറക്കാനുള്ള ഓട്ടമത്സരത്തിന് ഇനി ചൂട് പിടിക്കും. ചൈനീസ് സഞ്ചാരികളുടെ ചന്ദ്രനെ ചുറ്റി വരൽ 2028 ലായിരിക്കും. അപ്പോഴേക്ക് വീണ്ടും ചന്ദ്രനിൽ കാൽ വയ്ക്കാൻ കച്ചകെട്ടുകയാണ് അമേരിക്ക. മനുഷ്യന്റെ പുതിയ ചുവടുവയ്പ്പിന് കാലം കാത്തിരിക്കുകയാണ്.


Read Previous

നിതിന്റെ മരണം; അധ്യാപകർ ക്രൂരമായി ഉപദ്രവിച്ചു, ഗുരുതര ആരോപണവുമായി കുടുംബം

Read Next

പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; നിര്‍ണായക യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »