ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിജയത്തിളക്കത്തിൽ ജുബൈലിലെ മലയാളിപ്പട! 34 മിടുക്കർക്ക് ആദരം; കയ്യടിച്ച് പ്രവാസി ലോകം
ജുബൈൽ: പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച് പ്രവാസി സമൂഹത്തിന്റെ അഭിമാനമായി മാറിയ 34 മലയാളി വിദ്യാർത്ഥികളെ ജുബൈൽ മലയാളി സമാജം ആദരിച്ചു. പ്രവാസി പ്രമുഖരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് ജുബൈലിലെ മലയാളി സമൂഹത്തിന്റെ ആവേശോജ്ജ്വലമായ ഒത്തുചേരലായി മാറി.
സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ സദസ്സ് ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ സനൽ സർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഈ മികച്ച വിജയം വ്യക്തിപരം മാത്രമല്ല, മറിച്ച് പ്രവാസി സമൂഹത്തിന്റെ ആകെ അഭിമാനമാണെന്നും ഇത്തരം അംഗീകാരങ്ങൾ കുട്ടികളുടെ ഭാവിക്ക് വലിയ ഊർജ്ജമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

വിദ്യാഭ്യാസ രംഗത്തെ മികവിനൊപ്പം കുട്ടികളുടെ കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന സന്ദേശമുയർത്തിക്കൊണ്ട് അരങ്ങേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മുതിർന്നവരും കുട്ടികളും അണിനിരന്ന സംഗീത-നൃത്ത വിരുന്ന് കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച് ലുലു ജനറൽ മാനേജർ റോഷൻ, ബദർ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഓപ്പറേഷൻ മാനേജർ ഷിനോജ്, ഡോ. ഫവാസ് എന്നിവർ ആശംസകൾ നേർന്നു. കൂടാതെ ജയൻ തച്ചൻപാറ, സൈഫുദ്ധീൻ പോറ്റശ്ശേരി, സലീം ആലപ്പുഴ, സാറാഭായ്, എക്സ്പെർടൈസ് മാനേജർ അബ്ബാസ്, അൻഷാദ് ആദം എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നവ്യ വിനോദ്, മുബാറക് ഷാജഹാൻ എന്നിവർ പരിപാടിയുടെ സുഗമമായ നടത്തിപ്പ് നിയന്ത്രിച്ചു.
സമാജം രക്ഷാധികാരി ഷാജഹാൻ ഖുൽഫി, ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, സെക്രട്ടറി നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഷഫീക് താനൂർ, ഹാരിസ്, ഗിരീഷ്, ഫാത്തിമ അഫ്സൽ, നവീൻ കോതേരി, രഞ്ജിത് കുമാർ, അഷ്‌റഫ് നിലമേൽ, റിയാസ് എൻ.പി, ഷജീർ തച്ചൻപാറ, ഫരീദ ഹാരിസ്, ഗീതു വിഷ്ണു, ജോസഫ് മാത്യു, എബി ജോൺ, ഷൈലകുമാർ, ബെൻസൺ, ജലീൽ, അജമൽ സാബു, രാജേഷ്, മഹേഷ് എന്നിവർ സമ്മാനദാനത്തിനും പരിപാടികളുടെ ഏകോപനത്തിനും നേതൃത്വം നൽകി.
പുതുതലമുറയ്ക്ക് വലിയ പ്രചോദനവും പ്രവാസി മലയാളി കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ ഈ വിജയസംഗമം ജുബൈലിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ സാംസ്കാരിക സന്ധ്യയായി രേഖപ്പെടുത്തപ്പെട്ടു.
