മാലദ്വീപ് അടുത്ത സുഹൃത്തെന്ന് മോഡി; കറന്‍സി വിനിമയ കരാറില്‍ ഒപ്പുവെച്ചു


ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹനിമധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഉദ്ഘാടനം ചെയ്തു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും മാലദ്വീപും 400 മില്യണ്‍ ഡോളറിന്റെ കറന്‍സി വിനിമയ കരാറില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്ര വ്യാപാര ഉടമ്പടിയില്‍ ചര്‍ച്ച ആരംഭിക്കാന്‍ തീരുമാനിച്ചതായും മോഡി പറഞ്ഞു.

തിലഫുഷിയില്‍ ഒരു പുതിയ വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ എല്ലാ പിന്തുണയും നല്‍കും. ഇന്ത്യ എല്ലായ്പ്പോഴും ഒരു അയല്‍വാസിയുടെ ഉത്തരവാദിത്ത ങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം എന്ന കാഴ്ചപ്പാടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്നും മോഡി വ്യക്തമാക്കി.

ഇതാദ്യമായാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു അപ്പോള്‍ തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.പിന്നീട് രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുയിസുവിനൊപ്പം ഭാര്യ സജിദ മുഹമ്മദും ഉണ്ട്. ഒക്ടോബര്‍ പത്ത് വരെയാണ് ഇന്ത്യാ സന്ദര്‍ശനം.

നേരത്തെ ഇന്ത്യയുമായി മികച്ച ബന്ധമായിരുന്നു മാലദ്വീപിനെങ്കിലും അടുത്ത കാലത്തായി ബന്ധത്തില്‍ ചില വിള്ളലുകള്‍ വീണിരുന്നു. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ കാമ്പ യിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ ചായ്‌വ്് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

മാലദ്വീപിലെ ഇന്ത്യന്‍ സായുധ സേനയെ പുറത്താക്കണം എന്നുവരെ മുയിസു തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുമായിട്ടുണ്ടായിരുന്ന നല്ല ബന്ധം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മാലദ്വീപ്.


Read Previous

മഹാരാഷ്ട്രയിലെ ദളിത് കുടുംബത്തിനൊപ്പം ‘ഹര്‍ഭര്യാഞ്ചി ഭജി’ പാചകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

Read Next

പ്രവചനം മാറിമറിയുമോ? രണ്ട് മണിക്കൂറിനിടെ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്; ജമ്മു-കാശ്മീര്‍ മേഖലയില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »