ഉടന്‍ പിടികൂടണം’; അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം, വ്യാപക തിരച്ചിൽ


തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ കഴിവതും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് കൊച്ചിയിലടക്കം പൊലീസ് വ്യാപക പരിശോധന നടത്തി. എറണാകുളത്താണ് അവസാനമായി അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധ ശക്തമാക്കിയത്.

അതേസമയം അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.

അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി എസ് ആദര്‍ശിനെ അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടകളെ പൂട്ടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതാണ് അര്‍ജുന്‍ ആയങ്കിയെ ചൊടിപ്പിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മാധ്യമങ്ങളെയും പൊലീസിനെയും കുറ്റപ്പെടുത്തി അര്‍ജുന്‍ ആയങ്കി ഇന്നലെ ഫെയ്സ്ബുക്കിൽ മറ്റൊരു കുറിപ്പിട്ടിരുന്നു. താന്‍ എഴുതിയ തുറന്ന കത്ത് ഭീഷണിക്കത്താക്കി മാറ്റിയത് മാധ്യമങ്ങളും പൊലീസുമാണെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നതിന്റെ അര്‍ത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്. പൊലീസ് ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഉദ്ദേശിച്ചതെന്നും അർജുൻ കുറിപ്പിൽ പറയുന്നു.


Read Previous

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

Read Next

ബോഫോഴ്സ് അഴിമതിക്കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »